പഹൽഗാം ഭീകരാക്രമണം: ഫവാദ് ഖാന്റെ 'അബിർ ഗുലാൽ' നിരോധിക്കാന്‍ സൈബര്‍ പ്രതിഷേധം
text_fieldsജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാൻ നടൻ ഫവാദ് ഖാൻ അഭിനയിച്ച അബിർ ഗുലാൽ എന്ന സിനിമ ഇന്ത്യയിൽ റിലീസ് ചെയ്യുന്നത് പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. പാകിസ്ഥാൻ നടൻ ഫവാദ് ഖാനും ഇന്ത്യൻ നടി വാണി കപൂറും അഭിനയിക്കുന്ന പ്രണയ ചിത്രമാണ് അബിർ ഗുലാൽ. ആരതി എസ്. ബാഗ്ദി സംവിധാനം ചെയ്ത ഈ ചിത്രം 2025 മെയ് 9 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
പ്രഖ്യാപനം മുതൽ ഈ ചിത്രം വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. നയതന്ത്ര ബന്ധങ്ങൾ വഷളാകുകയും അതിർത്തിയിലെ സംഘർഷങ്ങൾ വർധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പാകിസ്ഥാൻ പൗരനായ ഫവാദ് ഖാന്റെ കാസ്റ്റിങ് സൈബര്‍ രോഷം ഇരട്ടിപ്പിക്കുകയാണ്. ചിത്രവും അതിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ബഹിഷ്‌കരിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആഹ്വാനങ്ങൾ ഉയരുന്നത്.
പാകിസ്ഥാൻ നടനുമായി സഹകരിക്കാനുള്ള ഇന്ത്യൻ ചലച്ചിത്ര രംഗത്തെ തീരുമാനത്തെ പല നെറ്റിസണ്‍സും ചോദ്യം ചെയ്യുന്നു. ചിത്രം റിലീസ് ഷെഡ്യൂളിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യവും ശക്തമാണ്. ഫവാദ് ഖാന്‍ അഭിനയിച്ച ബോളിവുഡ് പടത്തിന് മുന്‍പും സമാനമായ പ്രതിഷേധം നേരിടേണ്ടി വന്നിട്ടുണ്ട്.
2016ൽ കരൺ ജോഹറിന്റെ 'ഏ ദിൽ ഹേ മുഷ്കിൽ' എന്ന ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു അന്ന് വിവാദം. 2016 സെപ്റ്റംബർ 18 ഉറിയിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ചിത്രത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന്‍റെ ഫലമായി ഇന്ത്യൻ വിനോദങ്ങളിൽ പാകിസ്ഥാൻ കലാകാരന്മാർക്ക് അനൗപചാരിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ബോംബൈ ഹൈക്കോടതി പാക് കലകാരന്മാരെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കണം എന്ന ഹരജി തള്ളിയിരുന്നു. പിന്നാലെ വീണ്ടും പാക് നടന്മാരും ഗായകരും ബോളിവുഡില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരുന്നു.