‘ഫെമിനിച്ചി ഫാത്തിമ’ക്ക് ഹാട്രിക് തിളക്കം
text_fieldsമികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ ഫാസിൽ മുഹമ്മദ് കുടുംബത്തോടൊപ്പം
പൊന്നാനി: വാണിജ്യ വിജയത്തിന് പുറമെ മൂന്ന് സംസ്ഥാന അവാർഡുകളും നേടി അംഗീകാരങ്ങളുടെ നിറവിലാണ് ‘ഫെമിനിച്ചി ഫാത്തിമ’ ചലച്ചിത്രം. യാഥാസ്ഥിതിക വീട്ടകങ്ങളിലെ കൊച്ചു സംഭവങ്ങൾ നർമവും ചിന്തയും കലർത്തി ചലച്ചിത്രമാക്കിയപ്പോൾ അർഹിച്ച അംഗീകാരമാണ് പൊന്നാനിക്കാരനായ ഫാസിൽ മുഹമ്മദിന് ലഭിച്ചത്. നവാഗത സംവിധായകനുള്ള പുരസ്കാരം, മികച്ച നടിക്കുള്ള അവാർഡ്, മികച്ച രണ്ടാമത്തെ സിനിമക്കുള്ള അവാർഡ് എന്നിവ നേടി ആദ്യ സിനിമയിലൂടെ ഹാട്രിക് മധുരമാണ് ഫാസിൽ കൊയ്തത്.
ഐ.എഫ്.എഫ്.കെ ഉൾപ്പെടെ നിരവധി മേളകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ‘ഫെമിനിച്ചി ഫാത്തിമ’ സംസ്ഥാന അവാർഡിലും മികച്ച നേട്ടമാണ് കൊയ്തത്. നവമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ട്യൂഷൻ വീടിന്റെ സംവിധായകനായ ഫാസിൽ മുഹമ്മദിന്റെ ആദ്യ സിനിമയാണ് ‘ഫെമിനിച്ചി ഫാത്തിമ’. തന്റെ വീട്ടിലെ ഒരു നുറുങ്ങ് സംഭവത്തെ കാലിക പ്രസക്തിയുള്ള സംഭവങ്ങളുമായി കൂട്ടിയിണക്കിയാണ് ഫാസിൽ ‘ഫെമിനിച്ചി ഫാത്തിമ’ എന്ന സിനിമയിലേക്കത്തിയത്.
മറ്റു മേളകളിൽ അവാർഡുകൾ നേടുമ്പോഴും സംസ്ഥാന സർക്കാറിന്റെ അവാർഡ് ലഭിക്കണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നുവെന്ന് സംവിധായകൻ ഫാസിൽ മുഹമ്മദ് ‘മാധ്യമ’ത്തോട് പറഞ്ഞു.1001 നുണകളുടെ സംവിധായകൻ താമർ, സുധീഷ് സ്കറിയ, ഫാസിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. മികച്ച അഭിപ്രായം നേടിയ ‘ഫെമിനിച്ചി ഫാത്തിമ’ കഴിഞ്ഞ മാസം തിയറ്ററുകളിൽ പ്രദർശനത്തിനെത്തിച്ചിരുന്നു.


