Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘സ്ത്രീ വിരുദ്ധത...

‘സ്ത്രീ വിരുദ്ധത കൊണ്ടാടുന്ന ഇത്തരം സിനിമകൾ അംഗീകരിക്കാനാവില്ല’; ടോക്സിക് സിനിമക്കും സെൻസർ ബോർഡിനുമെതിരെ അണ്ണാമലൈ

text_fields
bookmark_border
annamalai
cancel

ന്യൂഡൽഹി: ടോക്സിക് ചിത്രത്തിനും സെൻസർ ബോർഡിനുമെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുൻ ബി.ജെ.പി അധ്യക്ഷനും ‘വി ദ ലീഡേഴ്‌സ്’ സ്ഥാപകനുമായ കെ. അണ്ണാമലൈ. ചിത്രത്തിൽ സ്ത്രീ വിരുദ്ധതയെ മഹത്വവൽക്കരിക്കുകയാണെന്നും സമൂഹത്തിൽ നടക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കാൻ സിനിമകളിലെ ഇത്തരം ചിത്രീകരണങ്ങൾ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. സിനിമകളിലെ സ്ത്രീവിരുദ്ധത തടയുന്നതിൽ പരാജയപ്പെടുന്ന സെൻസർ ബോർഡിനെതിരെയും (സി.ബി.എഫ്.സി) അണ്ണാമലൈ തുറന്നടിച്ചു.

സിനിമകൾ നിരോധിക്കണമെന്ന നിലപാടില്ലെങ്കിലും, സെൻസർ ബോർഡ് അതിന്റെ ഉത്തരവാദിത്തം കാര്യക്ഷമമായി നിർവഹിക്കണം. സർട്ടിഫിക്കേഷൻ നൽകുന്നതിൽ താരങ്ങളുടെ ജനപ്രീതിയോ മറ്റോ പരിഗണിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് 'ടോക്‌സിക്' സിനിമയെ പരാമർശിച്ച് സെൻസർ ബോർഡിനെതിരെ അണ്ണാമലൈ രംഗത്തെത്തിയത്.

"ഒരു ഭാര്യയും ഒപ്പം ഒരു കാമുകിയും ഒരേസമയം എനിക്ക് ഉണ്ടാകാമെന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഇന്നത്തെ ചില സിനിമകൾ നൽകുന്നത്. എ സർട്ടിഫിക്കറ്റ് സിനിമകളിലൂടെ അമിത അക്രമരംഗങ്ങളും സ്ത്രീകളെ ഭോഗവസ്തുക്കളായി ചിത്രീകരിക്കുന്ന രീതിയും പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. സമൂഹത്തിന്റെ ധാർമികതയെ തകർക്കുന്ന ഇത്തരം പ്രവണതകൾ സെൻസർ ബോർഡ് കണ്ടില്ലെന്ന് നടിക്കരുത്" -എന്നും കൂട്ടിച്ചേർത്തു.

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്സിക്' എന്ന സിനിമക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക ചർച്ചകളും വിമർശനങ്ങളും ഉയരുന്നതിനിടയിലാണ് അണ്ണാമലൈയുടെ പരാമർശം. ആഗസ്റ്റ് 23നാണ് ചിത്രം റിലീസായത്. ചിത്രത്തിലെ സ്ത്രീ വിരുദ്ധതയും അക്രമണോത്സുകതയും ലൈംഗികാതിക്രമ പശ്ചാത്തലങ്ങളും വലിയ തോതിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

സിനിമയുടെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സിനിമകളിൽ ആവിഷ്കാര സ്വാതന്ത്ര്യം വേണമെന്നിരിക്കെ തന്നെ, സാമൂഹിക മൂല്യങ്ങളെ തകിടം മറിക്കുന്ന അത്തരം ഉള്ളടക്കങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഉയരുന്നുണ്ട്.

Show Full Article
TAGS:Entertainment News K. Annamalai Toxic Movie CBFC geetu mohandas Yash 
News Summary - Former TN BJP Chief Annamalai Slams Yash's 'Toxic' and Censor Board Over Misogyny
Next Story