ഹേമ കമ്മിറ്റി; കേരളത്തെ മറ്റുള്ളവരും പിന്തുടരണം -അമല പോപുരി
text_fieldsഅമല പോപുരി
തിരുവനന്തപുരം: സിനിമക്കുള്ളിലെ പ്രശ്നങ്ങളും സിനിമാലോകത്ത് സ്ത്രീകൾ നേരിടുന്ന പ്രയാസങ്ങളും പഠിക്കാൻ സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത് മറ്റുള്ളവരും പിന്തുടരണമെന്ന് പ്രശസ്ത നിർമാതാവും സൗണ്ട് എൻജിനീയറുമായ അമല പോപുരി. തനിക്ക് പ്രശ്നങ്ങൾ നേരിട്ടിട്ടില്ലെന്ന് കരുതി അത്തരം പ്രശ്നങ്ങൾ ഈ മേഖലയിലില്ലെന്ന് കരുതരുത്. 20 വർഷമായി സിനിമ മേഖലയിലാണ് ജീവിതം. കാസ്റ്റിങ് കൗച്ച് ഒരു യാഥാർഥ്യമാണ്. ചൂഷണം എന്നത് ലൈംഗികമായി മാത്രമല്ല, മാനസികമായുമുണ്ടാകുന്നതാണ്. പുരുഷ കേന്ദ്രീകൃതമാണ് സമൂഹം. അതിനാൽ സ്ത്രീ കൂട്ടായ്മകൾ ഇനിയുമേറെ രൂപപ്പെട്ട് വരേണ്ടതുണ്ടെന്ന് മത്സരവിഭാഗത്തിലെ 'ബോഡി' എന്ന ഹിന്ദി ചിത്രത്തിന്റെ നിർമാതാവ് കൂടിയായ അമല പോപുരി ‘മാധ്യമ’ത്തോട് പറഞ്ഞു. ഒരു സിനിമയിൽ നിർമാതാവിന്റെ ചുമതലയെക്കുറിച്ചും സമൂഹത്തോട് തന്റെ ചിത്രത്തിലൂടെ സംവദിക്കുന്നതിനെക്കുറിച്ചും വിവിധ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുമെല്ലാം അമല സംസാരിച്ചു.
? ബോഡിയിലേക്കെത്തുന്നത്
ഒരു സൗണ്ട് എൻജിനീയറായി സിനിമയിൽ പ്രവർത്തിക്കുന്ന ഞാൻ അപ്രതീക്ഷിതമായാണ് നിർമാതാവിന്റെ കുപ്പായം അണിയുന്നത്. ബോഡിയുടെ സംവിധായകനായ അഭിജിത്ത് മജുംദാറിനൊപ്പം നിരവധി ഡോക്യുമെന്ററികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡോക്യുമെന്ററി നിർമിച്ചിട്ടുമുണ്ട്. സിനിമയുടെ അണിയറ പ്രവർത്തകരടക്കം ഞങ്ങൾ ഭൂരിപക്ഷവും പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർഥികളാണ്. 2017ലാണ് അഭിജിത്ത് ബോഡിയുടെ ആദ്യ കഥാതന്തു പങ്കുവെച്ചത്. തിരക്കേറിയ നിരത്തിലൂടെ ഒരാൾ നഗ്നനായി പോയാൽ എന്തുണ്ടാകും? അതിൽ നിന്നാണ് ബോഡി ജനിക്കുന്നത്. ചിത്രത്തിലെ നായകനായ മനോജ് തിവാരിയോടാണ് കഥ ആദ്യം പങ്കുവെച്ചത്. മനോജ് സമ്മതം അറിയിച്ചതോടെ, കഥ ഇന്ന് കാണുന്ന രീതിയിലേക്ക് വികസിച്ചു. നിർമാതാവിനെ കിട്ടാൻ ബുദ്ധിമുട്ടായതോടെ ഞങ്ങൾ തന്നെ നിർമിക്കാമെന്ന് കരുതി. ക്രൗണ്ട് ഫണ്ടിങ്ങായിരുന്നു ഉദ്ദേശിച്ചത്. പക്ഷേ, അതു വേണ്ടിവന്നില്ല. അങ്ങനെ അപ്രതീക്ഷിതമായി ഞാൻ സിനിമയുടെ നിർമാതാവിന്റെ റോൾ ഏറ്റെടുത്തു. കുട്ടികൾക്ക് നേരെയുള്ള അതിക്രമം, നഗ്നത, ഉള്ളിൽ അടക്കിവെക്കുന്ന ആഗ്രഹങ്ങൾ തുടങ്ങി പലവിധ തലങ്ങളിലൂടെയാണ് ബോഡി സഞ്ചരിക്കുന്നത്. വളരെ പതുക്കെ പ്രേക്ഷകരിലേക്കിറങ്ങുന്ന തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കാണുന്ന പ്രേക്ഷകന് തീരുമാനിക്കാം ബോഡി നൽകുന്ന സന്ദേശമെന്താണെന്ന്. ആ സ്വാതന്ത്ര്യം പ്രേക്ഷകർക്ക് വിട്ടുകൊടുത്തിട്ടുണ്ട്.
? സിനിമയിൽ നിർമാതാവിന്റെ റോൾ എന്താണ്
നിരവധി സിനിമകളിൽ പ്രവർത്തിച്ചതുകൊണ്ടുതന്നെ നിർമാതാവ് എങ്ങനെയാകണമെന്ന ആശയമുണ്ടായിരുന്നു. തനിക്കൊപ്പം പ്രവർത്തിക്കുന്നവർ ഷൂട്ടിങ് തീരുമ്പോഴും അടുത്ത ദിവസം ഷൂട്ടിങ്ങിനെത്തുമ്പോഴും സന്തുഷ്ടരായി എത്തണം. അതാണ് ഒരു നിർമാതാവിന്റെ പ്രധാന റോൾ. ഷൂട്ടിങ് സമയത്ത് ടെൻഷനുണ്ടാകുമെങ്കിലും അത് മാനേജ് ചെയ്യണം. സിനിമയുടെ മികവിനായി ഏറ്റവും മികച്ചത് നൽകണം. ഇത്രയുമായാൽ മികച്ച ഫലം ഉറപ്പാണ്.
? സ്ത്രീയെന്ന നിലയിൽ വിവേചനങ്ങൾ നേരിട്ടിട്ടുണ്ടോ
പ്രത്യക്ഷത്തിൽ അങ്ങനെ അനുഭവപ്പെട്ടിട്ടില്ല എന്നുവേണം പറയാൻ. അല്ലെങ്കിൽ അത്തരത്തിൽ ഞാൻ ശ്രദ്ധിച്ചിട്ടില്ല. എന്നെ സിനിമയിൽ പ്രവർത്തിക്കാനായി വിളിക്കുന്നവർ അർഹിക്കുന്ന പരിഗണന നൽകിയിട്ടുണ്ട്. അല്ലാത്ത ഒരുപാട് അനുഭവങ്ങൾ കേട്ടിട്ടുണ്ട്. ഇന്ത്യൻ സിനിമയെന്നല്ല, ലോക സിനിമയിൽത്തന്നെ അത്തരം വിഷയങ്ങൾ നിലനിൽക്കുന്നുണ്ട്. കഠിനമായി പരിശ്രമിക്കുന്ന, തന്റെ മേഖലയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെക്കുന്നയാളെ പരിഗണിക്കേണ്ടതാണ്. അതിന് ആൺ-പെൺ വ്യത്യാസം പാടില്ല. ഇന്ന് സ്ത്രീകൾ കടന്നുവരാത്ത മേഖലകൾ കുറവാണ്. ഇനിയും സ്ത്രീകൾ വരണം. തങ്ങളുടെ അവകാശങ്ങൾ, അത് സമത്വത്തിനായാലും പ്രാഥമികമായ കാര്യങ്ങൾക്കായാലും ചോദിക്കാൻ ഒരിക്കലും മടിക്കരുത്. കാരണം, പുരുഷാധിപത്യ സമൂഹത്തിലാണ് നാം ഇന്നും ജീവിക്കുന്നത്. അത് മാറ്റത്തിന്റെ പാതയിലാണ്. മാറി വരാൻ സമയമെടുക്കും. മലയാള നടിമാരുടെ സംഘടനയായ വിമെൻ ഇൻ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി) പോലെ, വനിത ഛായാഗ്രാഹകരുടെ സംഘടനയായ ഇന്ത്യൻ വിമെൻ സിനിമാട്ടോഗ്രാഫേഴ്സ് കലക്ടിവ് (ഐ.ഡബ്ല്യു.സി.സി) പോലെ എല്ലാ മേഖലയിലും വനിതകളുടെ കൂട്ടായ്മ വരണം. എങ്കിൽ മാത്രമേ തങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കൂ.
ഇന്നത്തെ സ്ത്രീകൾ വളരെ തുറന്നുസംസാരിക്കുന്നവരാണ്. യഥാർഥ പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടുന്നവരാണ്. ഒന്നിനും പിറകിലേക്ക് മാറിനിൽക്കുന്നവരല്ല. അത് വളരെ പോസിറ്റിവായ കാര്യമല്ലേ.
? സ്ത്രീകളുടെ മുന്നേറ്റം പുരുഷന്മാരുടേതുപോലെ എളുപ്പമല്ലല്ലോ
സ്ത്രീകൾക്ക് നിരവധി കാര്യങ്ങൾ തന്റെ ജോലിക്കൊപ്പം ചെയ്യാനുണ്ട്. വീട്ടിലെ കാര്യങ്ങൾ നോക്കണം, ഭക്ഷണം പാകം ചെയ്യണം, അതിനൊപ്പമാണ് തന്റെ തൊഴിൽ മേഖലയിലെ മികവും കാണിക്കേണ്ടത്. ഇന്ത്യയിൽ നമുക്ക് വീട്ടിലെ കാര്യങ്ങൾ നോക്കാൻ സഹായിയെ വെക്കാൻ കഴിയും. വിദേശങ്ങളിൽ അത് സാധ്യമല്ല. കാരണം സഹായികളുടെ ശമ്പളം താങ്ങാനാവില്ല. പക്ഷേ, മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമുക്ക് വീട്ടിലെ ജോലികൾ കുറച്ചു കൂടുതലാണ്.
? സ്ത്രീസമത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്
സ്ത്രീ സമത്വമെന്നാൽ പുരുഷ വിരോധമാകുമ്പോഴാണ് പ്രശ്നം. സ്ത്രീയും പുരുഷനും സമന്മാരാണെന്ന് മനസ്സിലാക്കുകയും പറഞ്ഞുകൊടുക്കുകയും വേണം. കാഴ്ചപ്പാടിലാണ് മാറ്റം വരേണ്ടത്. അത് നിലവിൽ പിന്നിൽ നിൽക്കുന്നവരെക്കൂടി മുന്നിലേക്കെത്തിക്കും.