ഹോളിവുഡ് ഇതിഹാസ നടൻ ചക് നോറിസ് അന്തരിച്ചു
text_fieldsഹോളിവുഡ് ഇതിഹാസ നടൻ ചക് നോറിസ് (86) അന്തരിച്ചു. ആയോധനകലാ വിദഗ്ധനും ആക്ഷൻ താരവുമായ ചക് നോറിസ്, വാക്കർ, ടെക്‌സാസ് റേഞ്ചർ എന്ന ടിവി സീരീസിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ഇന്റർനെറ്റ് ലോകത്തും അദ്ദേഹം ശ്രദ്ധേയനാണ്. മരണസമയത്ത് കുടുംബാംഗങ്ങളെല്ലാം അടുത്തുണ്ടായിരുന്നു.
1940 മാർച്ച് 10-നാണ് ചക് നോറിസ് ജനിച്ചത്. കാർലോസ് റേ നോറിസ് എന്നായിരുന്നു യഥാർത്ഥ പേര്. വ്യോമസേനയിലായിരിക്കെ കാർലോസ് എന്ന പേര് വിളിക്കാൻ ബുദ്ധിമുട്ടായതിനാൽ സുഹൃത്തുക്കൾ നൽകിയ പേരാണ് ചക്ക്. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം 1958-ൽ അമേരിക്കൻ എയർ ഫോഴ്‌സിൽ ചേർന്നു. കൊറിയയിലേക്ക് ദൗത്യത്തിന് നിയോഗിക്കപ്പെട്ട കാലത്താണ് അദ്ദേഹം ആയോധനകലകളിൽ പരിശീലനം നേടുന്നത്.
സിനിമാ-ടെലിവിഷൻ താരമാകുന്നതിന് മുമ്പ് ആയോധനകലാ മത്സരങ്ങളിൽ ചാമ്പ്യനായിരുന്നു ചക് നോറിസ്. ആറ് തവണയാണ് അദ്ദേഹം ലോക പ്രഫഷണൽ മിഡിൽവെയിറ്റ് കരാട്ടെ ചാമ്പ്യനായത്. മരണാനന്തര കാര്യങ്ങളെല്ലാം തീർത്തും സ്വകാര്യമായി നടത്താനാണ് ആഗ്രഹിക്കുന്നതെന്നും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ കുടുംബം അറിയിച്ചു.


