'രാഷ്‌ട്രീയ നിലപാടുകളോട് വിയോജിപ്പുണ്ടെങ്കിലും സിനിമ ഇഷ്ടപ്പെട്ടു'; ധുരന്ധറിനെ പ്രശംസിച്ച് ഹൃത്വിക് റോഷൻ
text_fieldsരൺവീർ സിങ് നായകനായ ‘ധുരന്ധർ’ ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ. സിനിമയിലെ രാഷ്‌ട്രീയ നിലപാടുകളോട് വിയോജിപ്പുണ്ടെങ്കിലും സിനിമ തനിക്ക് ഇഷ്ടപ്പെട്ടെന്നായിരുന്നു താരത്തിന്റെ അഭിപ്രായം. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് ഹൃത്വിക് റോഷൻ ചിത്രത്തെ പ്രശംസിച്ചത്.
'ഞാൻ സിനിമയെ ഇഷ്ടപ്പെടുന്നു. ഒരു ചുഴലിക്കാറ്റിലേക്ക് എടുത്തുചാടി കഥയുടെ നിയന്ത്രണത്തിൽ സ്വയം സമർപ്പിച്ച് പറയാനുള്ളതെല്ലാം സ്‌ക്രീനിലേക്ക് പകർത്തി നൽകുന്ന ചലച്ചിത്രകാരന്മാരെ ഞാൻ എപ്പോഴും ആരാധിക്കുന്നു. അത്തരത്തിലുള്ള ഒരു സിനിമയാണ് ധുരന്ധർ. സിനിമയും അതിലെ കഥപറച്ചിലും എനിക്ക് ഇഷ്ടപ്പെട്ടു'.
'എന്നാൽ ഒരു ലോകപൗരൻ എന്ന നിലയിൽ സിനിമാപ്രവർത്തകർക്ക് ഉണ്ടായിരിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് എനിക്ക് രാഷ്ട്രീയപരമായി വിയോജിപ്പുകൾ ഉണ്ടായേക്കാം. എങ്കിലും, ഒരു സിനിമ വിദ്യാർഥി എന്ന നിലയിൽ ഈ ചിത്രം എനിക്ക് നൽകിയ അറിവും സന്തോഷവും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല’ -ഹൃത്വിക് കുറിച്ചു.
നേരത്തേ ധുരന്ധറിനെ പ്രശംസിച്ച് നടൻ അക്ഷയ് കുമാറും രംഗത്തു വന്നിരുന്നു. ‘ധുരന്ധർ കണ്ടു. ഞാൻ അമ്പരന്നുപോയി. എന്തൊരു ആകർഷകമായ കഥ. നിങ്ങൾ അതിഗംഭീരമാക്കി ആദിത്യ ധർ. നമ്മുടെ കഥകൾ ശക്തമായ രീതിയിൽ പറയപ്പെടേണ്ടതുണ്ട്. പ്രേക്ഷകർ സിനിമക്ക് അർഹിക്കുന്ന സ്നേഹം നൽകുന്നതിൽ സന്തോഷവാനാണെന്നും അക്ഷയ് കുറിച്ചു.
ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം 2000ത്തിന്റെ അവസാനത്തിൽ നടന്ന യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി നിർമിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ്. ഭീകരതക്കെതിരെ പോരാടുന്ന ഒരു ഇന്ത്യൻ ഇന്റലിജൻസ് ഏജന്റിന്റെ കഥയാണ് സിനിമ പിന്തുടരുന്നത്. ആർമി ഓഫിസറും അശോക ചക്ര ജേതാവുമായ മേജർ രോഹിത് ശർമയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമിച്ചിട്ടുള്ളതെന്ന് ചില റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ ചിത്രം ശർമയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയല്ലെന്ന് സംവിധായകൻ ആദിത്യ ധർ വ്യക്തമാക്കി. 3.5 മണിക്കൂറാണ് ചിത്രത്തിന്റെ ദൈർഘ്യം.
രൺവീർ സിങ്ങിന് പുറമേ അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറാ അർജുൻ, രാകേഷ് ബേദി എന്നിവരും ധുരന്ധറിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യും


