അഞ്ച് കോടി രൂപ നഷ്ട പരിഹാരം വേണം; 'ഗുഡ് ബാഡ് അഗ്ലി'ക്കെതിരെ ഇളയരാജ
text_fieldsഅജിത്ത് കുമാര്‍ നായകനായി എത്തിയ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമക്കെതിരെ നടപടിയുമായി ഇളയരാജ. താന്‍ ഈണമിട്ട ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന് അദ്ദേഹം നോട്ടീസ് അയച്ചിട്ടുണ്ട്. ഒത്ത രൂപ തരേന്‍, എന്‍ ജോഡി മഞ്ഞക്കരുവി എന്നീ ഗാനങ്ങള്‍ ഉപയോഗിച്ചതിനാണ് നോട്ടീസ്. അഞ്ച് കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
മുമ്പും നിരവധി സിനിമകളില്‍ താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുവാദം കൂടാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്ത് വന്നിരുന്നു. അതേസമയം ഗാനങ്ങളുടെ പകര്‍പ്പവകാശമുള്ള സറ്റുഡിയോ,വ്യക്തികള്‍,നിര്‍മാണ കമ്പനികള്‍ എന്നിവരില്‍ നിന്നും അനുവാദം നേടിയതിന് ശേഷമാണ് മിക്ക സിനിമകളും ഇളയരാജയുടെ ഗാനം ഉപയോഗിക്കുന്നത് എന്ന് പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
ഗുഡ് ബാഡ് അഗ്ലിയുടെ നിര്‍മാതാക്കള്‍ ഇളയരാജയുടെ നോട്ടീസിനോട് നിലവില്‍ പ്രതികരിച്ചിട്ടില്ല. അജിത്തിന്റെ 63മത് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്. തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ്, പ്രഭു, രാഹുൽ ദേവ്, യോഗി ബാബു, ഷൈൻ ടോം ചാക്കോ, രഘു റാം തുടങ്ങിയവർ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.