അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിച്ചപ്പോൾ; ‘ഇന്നസെന്‍റ്’ ഒ.ടി.ടിയിലേക്ക്
text_fieldsമന്ദാകിനി എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ചിത്രമായ ഇന്നസെന്‍റ് ഒ.ടി.ടിയിലേക്ക്. സതീഷ് തൻവി സംവിധാനം ചെയ്ത ചിത്രം നവംബർ ഏഴിനാണ് റിലീസ് ചെയ്തത്. സൈന പ്ലേയിലൂടെയാണ് ഇന്നസെന്റ് ഒ.ടി.ടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കും.
ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഈ ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് അരങ്ങേറുന്ന സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോളിനും വൻ വരവേൽപ്പായിരുന്നു. എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡിയാണ് നിർമാണം.
തിരുവനന്തപുരത്തെ ടൗണ്‍ പ്ലാനിങ് ഓഫീസറായി ജോലി ചെയ്യുന്ന വിനോദിന്റെ കഥയാണ് ഇന്നസെന്റ് പ്രമേയമാക്കിയിരിക്കുന്നത്. നിഷ്‍കളങ്കനും സത്‍സ്വഭാവിയുമാണ് കഥാ നായകൻ. വൃത്തിക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന ഒരു യുവാവുമാണ് വിനോദ്. കല്യാണം നിശ്‍ചയിച്ചിരിക്കുന്ന വിനോദിന്റെ ജീവിതത്തില്‍ ഒരിക്കല്‍ ഒരു പ്രധാന പ്രശ്‍നം സംഭവിക്കുന്നു. അത് അയാളുടെ കല്യാണം മുടങ്ങലിലേക്കും എത്തിനില്‍ക്കുന്നു. പിന്നീടുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.
പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ ചിത്രം. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.


