സഞ്ജയ് കപൂറിന്‍റെ 30,000 കോടിയുടെ സ്വത്ത്: എന്തുകൊണ്ട് കരിഷ്മയുടെ മക്കൾക്ക് 1900 കോടി ലഭിച്ചില്ല?
text_fieldsഅന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ എസ്റ്റേറ്റുമായി ബന്ധപ്പെട്ടുള്ള അനന്തരാവകാശ തർക്കം ഡൽഹി ഹൈക്കോടതിയിൽ നിർണായക ഘട്ടത്തിലെത്തി. സഞ്ജയ് കപൂറിന്റെ ആദ്യഭാര്യയും ബോളിവുഡ് നടിയുമായ കരിഷ്മ കപൂറിന്റെ മക്കൾ സമൈറ (20), കിയാൻ (15) എന്നിവർ ഏകദേശം 30,000 കോടി രൂപ വിലമതിക്കുന്ന പിതാവിന്‍റെ ആസ്തി അവകാശപ്പെട്ട് കേസ് ഫയൽ ചെയ്തു.
കരിഷ്മ കപൂറിന്റെ മക്കൾക്ക് ആർ.കെ ഫാമിലി ട്രസ്റ്റ് വഴി ഇതിനകം 1,900 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് സഞ്ജയ് കപൂറിന്റെ രണ്ടാം ഭാര്യ പ്രിയ സച്ച്ദേവ് കപൂർ വാദിച്ചു. പക്ഷേ, റിപ്പോർട്ടുകൾ മറിച്ചാണ് സൂചിപ്പിക്കുന്നത്. ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം സോണ കോംസ്റ്റാർ ഓഹരി നൽകിയിട്ടുണ്ടെങ്കിലും, കുട്ടികൾക്ക് യഥാർഥത്തിൽ ഓഹരികൾ ലഭിച്ചിട്ടില്ല. ഈ ആസ്തികൾ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്.
സ്വത്തുക്കളുടെ നിയന്ത്രണം പ്രിയ സച്ച്ദേവ് കപൂറിനാണെന്നും, കുട്ടികൾക്ക് അവയിലേക്ക് പ്രവേശനമില്ല എന്നും കരിഷ്മയുടെ കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക്‍വില്ല വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. മാതാവ് കരിഷ്മ കപൂറാണ് കുട്ടികളുടെ നിലവിലെ രക്ഷാധികാരി. പിതാവിന്റെ വിൽപത്രം പരസ്യമാക്കാതെ ഒളിച്ചുവെക്കുകയും വ്യാജമായി നിർമിക്കുകയും ചെയ്തതായി സമൈറയും കിയാനും ആരോപിക്കുന്നു. പിതാവിന്റെ മരണത്തിന് ഏഴ് ആഴ്ചകൾക്ക് ശേഷമാണ് വിൽപത്രം പുറത്തുവന്നതെന്നും അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്തുക്കളുടെ പകർപ്പോ വിശദാംശങ്ങളോ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കരിഷ്മയുടെയും സഞ്ജയ് കപൂറിന്റെയും രണ്ട് കുട്ടികൾക്ക് അദ്ദേഹത്തിന്റെ സ്വത്തിൽ ന്യായമായ അവകാശം ഉറപ്പാക്കണമെന്ന് കരിഷ്മയുടെ മക്കൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മഹേഷ് ജെത്മലാനി കോടതിയിൽ ആവശ്യപ്പെട്ടു. 30,000 കോടി രൂപയുടെ ആസ്തിയുണ്ടെന്നും ആർ.കെ ട്രസ്റ്റിൽ നിന്ന് കുട്ടികൾക്ക് 1,900 കോടി രൂപ ലഭിച്ചതായും പറയപ്പെടുന്നുണ്ട്. പ്രിയ സച്ച്ദേവ് കപൂറിന്‍റെ ബാങ്കിൽ 28,000 കോടിയിലധികം രൂപ ബാക്കിയുണ്ട്.
ഈ കേസ് ട്രസ്റ്റിനെക്കുറിച്ചല്ല, മറിച്ച് മരിച്ചുപോയ പിതാവിന്റെ സ്വകാര്യ സ്വത്തുക്കളുടെ അവകാശത്തിലൂടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനെക്കുറിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഞ്ജയ് കപൂറിന്റെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തുക്കളിൽ ന്യായമായ പ്രവേശനം ഉറപ്പാക്കുന്നതിനുമാണ് ഈ കേസ്’ -അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം, 2025 ജൂൺ 12ലെ സഞ്ജയ് കപൂറിന്റെ മരണ തീയതി വരെയുള്ള എല്ലാ സ്ഥാവര ജംഗമ സ്വത്തുക്കളും വെളിപ്പെടുത്താൻ ഡൽഹി ഹൈക്കോടതി പ്രിയ കപൂറിനോട് നിർദേശിച്ചിട്ടുണ്ട്. 2025 ജൂൺ 12ലെ കണക്കനുസരിച്ച് മരിച്ചയാളുടെ എല്ലാ സ്ഥാവര, ജംഗമ സ്വത്തുക്കളുടെയും പട്ടിക പ്രിയ കപൂർ സമർപ്പിക്കും. മൂന്നാഴ്ചയ്ക്ക് ശേഷം ഇടക്കാല ഉത്തരവ് പരിഗണിക്കുന്നതിനായി ലിസ്റ്റ് ചെയ്യാൻ കോടതി ആവശ്യപ്പെട്ടു.