Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവിജയ് ചിത്രം...

വിജയ് ചിത്രം ജനനായകന്‍റെ നിയമ വിരുദ്ധ പ്രചാരണം; ആറ് പ്രതികൾ പിടിയിൽ

text_fields
bookmark_border
വിജയ് ചിത്രം ജനനായകന്‍റെ നിയമ വിരുദ്ധ പ്രചാരണം; ആറ് പ്രതികൾ പിടിയിൽ
cancel

ചെന്നൈ: പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രമായ 'ജനനായകൻ' തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് ഓൺലൈനിൽ ചോർന്നത് സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. എന്നാൽ ഇതിന് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി നിർമാതാക്കൾ സ്ഥിരീകരിച്ചിരിക്കുകയാണ്. അനധികൃത സൈറ്റുകൾ വഴി ചിത്രം ഡൗൺലോഡ് ചെയ്യുകയോ പങ്കിടുകയോ ചെയ്യുന്നതിനെതിരെ പ്രേക്ഷകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിനിമയുടെ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസാണ് ഈ പ്രവൃത്തിക്കു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്തു എന്ന വാർത്ത പുറത്തുവിട്ടത്.

'ജനനായകനിൽ നിന്ന് ചോർന്ന ദൃശ്യങ്ങൾ നിയമവിരുദ്ധമായി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് ഇതിനകം 6 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയോ ഏതെങ്കിലും രൂപത്തിൽ ചോർന്ന ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുകയോ ഫോർവേഡ് ചെയ്യുകയോ പങ്കിടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയെയും കണ്ടെത്തി ഉടനടി ക്രിമിനൽ പ്രോസിക്യൂഷന് വിധേയമാക്കും. കർശന നടപടി ഈ കാര്യത്തിൽ സ്വീകരിക്കുന്നതാണ്' നിർമാതാക്കൾ എക്സിൽ കുറിച്ചു.

എച്ച്. വിനോദ് സംവിധാനം ചെയ്ത സിനിമയുടെ ഇൻട്രോ സീൻ, ടൈറ്റിൽ കാർഡ്, ഗാനരംഗങ്ങൾ എന്നിവയുടെ എച്ച്.ഡി പതിപ്പുകളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടത്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന്റെ പല ഭാഗങ്ങൾ കട്ട് ചെയ്ത് ക്ലിപ്പുകളായാണ് പ്രചരിക്കുന്നത്. സെൻസർ നടപടികൾ പൂർത്തിയാകാത്ത പശ്ചാത്തലത്തിൽ ഇത്തരമൊരു ചോർച്ച സംഭവിച്ചത് ചിത്രത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

ജനുവരി ഒമ്പതിന് പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം സെൻസർ ബോർഡിന്റെ ഇടപെടലോടെയാണ് പ്രതിസന്ധിയിലായത്. സിനിമയിലെ രാഷ്ട്രീയ പരാമർശങ്ങളും ചില രംഗങ്ങളും നീക്കം ചെയ്യാതെ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന നിലപാടിലാണ് സെൻസർ ബോർഡ്. തുടർന്ന് നിയമപോരാട്ടത്തിലൂടെ ചിത്രം തിയറ്ററിലെത്തിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ദൃശ്യങ്ങൾ ചോർന്നിരിക്കുന്നത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് സിനിമാ വ്യവസായത്തെ തകർക്കുമെന്നും, നടന്റെ കരിയറിലെ നിർണായക ചിത്രം തിയറ്ററിൽ തന്നെ കാണണമെന്നും ആരാധകർ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെടുന്നുണ്ട്. വ്യാജ ലിങ്കുകൾക്കെതിരെ കർശന നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

വിജയ് തന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമാകാനിരിക്കെ അദ്ദേഹത്തിന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായിട്ടാണ് 'ജനനായകൻ' വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയ ഉള്ളടക്കമുള്ള സിനിമയായതിനാൽ തന്നെ ചിത്രത്തിന് വലിയ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ചിരുന്നു. സംഭവത്തിൽ അണിയറ പ്രവർത്തകർ ഉടൻ തന്നെ നിയമനടപടികളിലേക്ക് നീങ്ങിയേക്കുമെന്നാണ് വിവരം.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 500 കോടിയോളം രൂപ ചിലവിട്ടാണ് നിർമിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള 5000ത്തോളം സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Show Full Article
TAGS:Jananayakan Movie Actor Vijay Cyber Crime illegally Entertainment News 
News Summary - Jana Nayagan leak: Cyber Crime Department arrests 6 for illegal circulation of Vijay's unreleased film
Next Story