ജനനായകൻ; വിജയ് ചിത്രത്തിനായി കാത്തിരുന്ന തിയറ്റർ ഉടമകൾക്ക് കോടികൾ നഷ്ടം
text_fieldsചെന്നൈ: വിജയ്‌യുടെ അവസാന ചിത്രമായ ‘ജനനായകൻ’ റിലീസ് അനിശ്ചിതത്വത്തിൽ തുടരുമ്പോൾ തമിഴ്നാട്ടിലുടനീളമുള്ള തിയറ്റർ ഉടമകൾ നേരിടുന്നത് വൻ സാമ്പത്തിക നഷ്ടം. ജനുവരി ഒമ്പതിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം തിയറ്റർ ഉടമകൾക്ക് വലിയ നേട്ടമുണ്ടാക്കുന്നതായിരുന്നു. എന്നാൽ ചിത്രത്തിന്റെ റിലീസ് വൈകുന്നത് ബോക്സ് ഓഫിസിൽ ഏകദേശം 100കോടിയുടെ നഷ്ടം വരുത്തിയതായാണ് പ്രാഥമിക വിലയിരുത്തൽ.
നവംബറിനും ഡിസംബറിനും ശേഷം പൊങ്കൽ ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്യാനിരുന്ന സിനിമയെ തിയറ്റർ ഉടമകൾ വലിയ ആകാംക്ഷയോടെ കാത്തിരുന്നതാണ്. എന്നാൽ സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിക്കാത്തതിനാൽ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രീ ബുക്കിങ്ങിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരിച്ചു കൊടുത്തതിലൂടെ നിലവിൽ സിനിമ നിർമാതാക്കളും വലിയ സാമ്പത്തിക നഷ്ടം നേരിട്ടിരുന്നു. തിയറ്ററുകളിൽ ഹിറ്റ് അടിക്കാൻ സാധ്യതയുള്ള സിനിമയുടെ താമസം ഉടമകൾക്ക് വലിയ നഷ്ടമാണ്.
തമിഴ്നാട്ടിൽ മാത്രം 150 മുതൽ 200 കോടി വരെ നേടാൻ സാധിക്കുന്ന സിനിമയാണ് ജനനായകൻ. ജനനായകനൊപ്പം ശിവകാർത്തികേയന്റെ ‘പരാശക്തിയും’ റിലീസ് ചെയ്യുന്നത് തിയറ്ററുകൾക്ക് ലാഭമുണ്ടാക്കുന്നതാണ്. എന്നാൽ സെൻസർ ബോർഡിന്റെ കടും വെട്ട് കിട്ടിയ പരാശക്തിക്ക് 55കോടിയാണ് നേടാനായത്. പൊങ്കലിനോടനുപ്പിച്ച് റിലീസ് ചെയ്ത കാർത്തിയുടെ ‘വാ വാത്തിയാർ’ പൂർണ്ണ പരാജയമായിരുന്നു. എന്നാൽ ജീവയുടെ ‘തലൈവർ തമ്പി തലൈമയിൽ’ 30 കോടി നേടിയിരുന്നു. ജനുവരിയിൽ പരാശക്തിയടക്കമുള്ള സിനിമയിലൂടെ തമിഴ്നാട് ബോക്സ് ഓഫിസിൽ ലഭിച്ചത് മൊത്തം 85കോടി മാത്രമാണ്.
ജനനായകന്റെ പ്രതിസന്ധിയും വരാനിരിക്കുന്ന സിനിമകളുടെ കാലതാമസവും വരും ദിവസങ്ങളിൽ വിലയ നാശനഷ്ടം വരുത്തുമെന്ന് തിയറ്റർ ഉടമകൾ പറഞ്ഞു. നിലവിലെ സാഹചര്യം സിംഗ്ൾ സ്ക്രീൻ തിയറ്റുകൾ അടച്ചുപൂട്ടുന്നതിനും മൾട്ടിപ്ലക്സ് ശൃംഖലകൾക്ക് ആധിപത്യം സ്ഥാപിക്കുന്നതിന് കാരണമാവുകയും ചെയ്യുമെന്ന് ജി.കെ സിനിമാസ് ഉടമ റൂബൻ മതിവനൻ പറഞ്ഞു. ബൈസൻ കാലമാടനും ഡ്യൂഡിനും ശേഷം ബോക്സ് ഓഫിസിൽ കാര്യമായ മാറ്റം വരുത്താൻ സാധിക്കുമായിരുന്ന സിനിമയാണ് ജനനായകൻ. തുടർച്ചയായ നാല് മാസം തമിഴ് സിനിമ മോശം അവസ്ഥയിലാണെന്നും ഇത് അതിജീവനത്തെ പോലും ബാധിക്കുന്ന നിലയിൽ എത്തിയതായും റൂബൻ പറഞ്ഞു.


