ജീത്തു ജോസഫിന്‍റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; നാളെ മുതൽ തിയറ്ററുകളിലേക്ക്
text_fieldsഒരു ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടറുടെ ജീവിതം മുൻനിർത്തിക്കൊണ്ട് ആസിഫ് അലിയേയും അപർണ ബാലമുരളിയേയും പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന 'മിറാഷി'ന്‍റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ചിത്രത്തിന് യു.എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബർ 19നാണ് വേൾഡ് വൈഡ് റിലീസ്.
ചിത്രത്തിലെ ത്രില്ലടിപ്പിക്കുന്നതും സസ്പെൻസ് നിറക്കുന്നതുമായ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ടീസറും ശ്രദ്ധ നേടിയിരുന്നു. ഇമോഷണൽ രംഗങ്ങളിലൂടേയും ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളിലൂടേയും നീങ്ങുന്ന ചിത്രമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലഭിച്ചിരിക്കുന്ന സൂചനകള്‍. ഏറെ ദുരൂഹമായതും ഉദ്വേഗം നിറക്കുന്നതുമായ രംഗങ്ങളും ഒട്ടേറെ ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ട്.
ദൃശ്യം സീരീസ് ഉൾപ്പെടെയുള്ള സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റൽ ഇല്യൂഷൻ വിഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അർജുൻ ഗോപൻ എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രമുഖ താരങ്ങൾ. ഇ ഫോർ എക്സ്പിരിമെന്‍റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ 'രേഖചിത്രം' ബോക്സ്ഓഫിസിൽ വൻ വിജയമായി മാറിയിരുന്നു. ഏറെ ചർച്ചയായി മാറിയിരുന്ന 'കൂമൻ' എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമെത്തുമ്പോള്‍ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്.