‘വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ് ചെയ്യുമായിരുന്നു, ഏറെ വൈകിപ്പോയതിൽ വിഷമമുണ്ട്’; എഫ്.ബി. പോസ്റ്റുമായി കലാഭവൻ നവാസിന്‍റെ മക്കൾ
text_fieldsകോഴിക്കോട്: അന്തരിച്ച നടൻ കലാഭവൻ നവാസും ഭാര്യ രഹനയും ഒന്നിച്ച് അഭിനയിച്ച ‘ഇഴ’ യൂട്യൂബിൽ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രം കാണണമെന്ന അഭ്യർഥനയുമായി മക്കൾ. നവാസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മക്കൾ അഭ്യർഥന നടത്തിയത്. വാപ്പിച്ചിയുടെയും ഉമ്മിച്ചിയുടെയും സിനിമ യൂട്യൂബിൽ റിലീസായത് ഇതിനകം എല്ലാരും അറിഞ്ഞു കാണുമെന്നു വിശ്വസിക്കുന്നുവെന്നും എല്ലാരും കാണണമെന്നുമാണ് മക്കൾ എഫ്.ബി പോസ്റ്റിലൂടെ പറയുന്നത്.
കലാഭവൻ നവാസിന്‍റെ മക്കളുടെ പോസ്റ്റ്
പ്രിയരേ,
വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും "ഇഴ" സിനിമ യൂട്യൂബിൽ റിലീസായത് ഇതിനകം എല്ലാരും അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു....
വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ് ചെയ്യുമായിരുന്നു.
പോസ്റ്റ് ചെയ്യാൻ ഏറെ വൈകിപ്പോയതിൽ വിഷമമുണ്ട്.
എല്ലാരും സിനിമ കാണണം..🙏🏻🙏🏻🙏🏻
ആഗസ്റ്റ് ഒമ്പതിനാണ് കലാഭവൻ നവാസും ഭാര്യ രഹനയും ഒന്നിച്ച് അഭിനയിച്ച ചിത്രം 'ഇഴ' യൂട്യൂബിൽ റിലീസ് ചെയ്തത്. ചിത്രം കണ്ടവരുടെ എണ്ണം ഇതിനോടകം രണ്ട് മില്യൻ കടന്നിട്ടുണ്ട്. 'ഇഴ' ഹൃദയസ്പർശിയായ ചിത്രമാണെന്നാണ് പ്രേക്ഷക അഭിപ്രായം. ചിത്രത്തിലെ അഭിനേതാക്കൾ ഉൾപ്പെടെയുള്ളവർ യൂട്യൂബിൽ വൈകാരികമായ കമന്‍റുകൾ പങ്കുവെച്ചിട്ടുണ്ട്.
നവാഗതനായ സിറാജ് റെസ ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചത്. രഹന ഏറെ നാളുകൾക്ക് ശേഷം നായികയായി എത്തിയ ചിത്രമാണ് ഇഴ. ചിത്രത്തിലെ ഗാനങ്ങളുടെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നതും സിറാജ് റെസ തന്നെയാണ്.
സലാം ക്രിയേഷൻസിന്‍റെ ബാനറിൽ സലിം മുതുവമ്മലാണ് ചിത്രത്തിന്‍റെ നിർമാണം. ഛായാഗ്രഹണം -ഷമീർ ജിബ്രാൻ, എഡിറ്റിങ് -ബിൻഷാദ്, പശ്ചാത്തല സംഗീതം -ശ്യാം ലാൽ, അസോസിയേറ്റ് ക്യാമറ -എസ് ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബബീർ പോക്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -എൻ.ആർ. ക്രിയേഷൻസ്, കോ പ്രൊഡ്യൂസേഴ്സ് -ശിഹാബ് കെ എസ്, കിൽജി കൂളിയാട്ട്.
നടനും മിമിക്രി താരവുമായിരുന്ന കലാഭവന്‍ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ‘പ്രകമ്പനം’ എന്ന സിനിമ ചിത്രീകരണത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഹൃദയാഘാതമാണ് മരണ കാരണം.