നിറയെ ചിരിപ്പിച്ച് നവാസ് മടങ്ങുന്നു...
text_fieldsകൊച്ചി: എപ്പോഴും തമാശ പറഞ്ഞ് ചിരിപ്പിക്കുന്ന ഒരു കൂട്ടുകാരനെപ്പോലെയായിരുന്നു കലാഭവൻ നവാസ്. സിനിമയിൽ ചെയ്ത വേഷങ്ങളിലൂടെ തിയറ്ററിലും ടെലിവിഷൻ പരിപാടികളിലൂടെ സ്വീകരണ മുറികളിലും സ്റ്റേജ് ഷോകളിലൂടെ സദസ്സിലും ചിരിപടർത്തിയ നവാസ് പൊട്ടിച്ചിരിപ്പിക്കാനുള്ള ഒരുപാട് രസങ്ങൾ മാറ്റിവെച്ച് ജീവിതത്തിന്‍റെ പാതിവഴിയിൽനിന്ന് അപ്രതീക്ഷിതമായി മടങ്ങുകയാണ്.
വടക്കാഞ്ചേരിയിലാണ് നവാസിന്‍റെ ജനനം. നാടകവും സിനിമയുമായി നടന്ന പിതാവ് അബൂബക്കറിന് കാര്യമായ സമ്പാദ്യമൊന്നും ഉണ്ടായിരുന്നില്ല. ‘കേളി’യിലും ‘വാത്സല്യ’ത്തിലും മികച്ച അഭിനയമുഹൂർത്തങ്ങൾ കാഴ്ചവെച്ച അബൂബക്കർ സിനിമക്കാരന്‍റെ ആഡംബരങ്ങേളാ ജാഡകളോ ഇല്ലാതെയാണ് ജീവിച്ചത്. കുഞ്ഞുനാളുകളിലെ കഷ്ടപ്പാടിലും കുടുംബം ഒത്തൊരുമയോടെ കഴിഞ്ഞതും ഇപ്പോഴും അത് തുടരുന്നതും നവാസ് ഇടക്കിടെ ഓർത്തെടുക്കുമായിരുന്നു.
പിതാവിന്‍റെ പാത പിന്തുടരാൻ തീരുമാനിച്ച നവാസ് 1993ൽ കലാഭവനിലൂടെയാണ് കലാരംഗത്തേക്ക് എത്തിയത്. പിന്നീട് കൊച്ചിൻ ആർട്സിന്‍റെ ബാനറിൽ സഹോദരൻ കലാഭവൻ നിയാസ്, കോട്ടയം നസീർ, അബി എന്നിവരുമായി ചേർന്ന് വിദേശ രാജ്യങ്ങളിലടക്കം നിരവധി വേദികളിൽ നവാസ് ചിരിയുടെ വിരുന്നൊരുക്കി. ഏതൊരു സാധാരണക്കാരനെയും പിടിച്ചിരുത്തി ചിരിപ്പിക്കുന്ന, ചുറ്റുപാടുകളിലെ ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത ശുദ്ധഹാസ്യത്തിന്‍റെ നുറുങ്ങുകളായിരുന്നു നവാസ് ഒരുക്കിയ കോമഡികളുടെ പ്രത്യേകത.
കുടുംബവും സൗഹൃദവുമായിരുന്നു എന്നും നവാസിന്‍റെ ദൗർബല്യങ്ങൾ. കടന്നുവന്ന വഴികളും ചേർത്തുപിടിച്ച കൈകളും എന്നും ആ കലാകാരൻ നന്ദിയോടെ സ്മരിച്ചിരുന്നു. കലാകാരനെന്ന നിലയിൽ കഠിനാധ്വാനിയായിരുന്നു നവാസ്. ചില സീരിയലുകളിൽ അഭിനയിച്ചു. ഹാസ്യപ്രകടനങ്ങൾ കാഴ്ചവെച്ചും വിധികർത്താവായും ഒട്ടേറെ ടെലിവിഷൻ പരിപാടികളിലുമെത്തി.
ഗായകനായും തിളങ്ങി. ഇടക്കാലത്ത് അഭിനയത്തിൽനിന്നും മിമിക്രിയിൽനിന്നും ചെറിയൊരു ഇടവേള എടുത്ത നവാസ് പിന്നീട് തിരിച്ചെത്തുകയും സിനിമയിൽ കൂടുതൽ സജീവമാകാനുള്ള തീരുമാനത്തിലുമായിരുന്നു. ഇതിലുള്ള സന്തോഷവും ഭാവിപദ്ധതികളും പല സുഹൃത്തുക്കളോടും അദ്ദേഹം പങ്കുവെക്കുകയും ചെയ്തിരുന്നു.