ആദ്യദിനം മികച്ച കലക്ഷൻ; 'കളങ്കാവൽ' നേടിയത്...
text_fieldsമമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഏറ്റവും പുതിയ ക്രൈം ത്രില്ലർ ചിത്രം 'കളങ്കാവൽ' കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ചിത്രം ആദ്യ ദിവസം തന്നെ മികച്ച കലക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 'കളങ്കാവൽ' ആദ്യ ദിനം 4.75 കോടി രൂപ നേടി.
മമ്മൂട്ടിയുടെ മുൻ ചിത്രമായ 'ബസൂക്ക'യുടെ ആദ്യ ദിന കലക്ഷനേക്കാൾ കൂടുതലാണിത്. 3.2 കോടി രൂപയായിരുന്നു ബസൂക്ക ആദ്യ ദിനം നേടിയത്. കേരളത്തിൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ 'കളങ്കാവൽ' 1.52 കോടി രൂപ നേടിയിരുന്നു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് 13 ലക്ഷം രൂപ ലഭിച്ചു. വിദേശ വിപണികളിൽ നിന്ന് ചിത്രം 66 ലക്ഷം രൂപ നേടിയതോടെ ലോകമെമ്പാടുമുള്ള മൊത്തം അഡ്വാൻസ് 2.31 കോടി രൂപയിലെത്തി.
2000ത്തിന്‍റെ തുടക്കത്തിൽ കേരളത്തിൽ നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിൽ എസ്.ഐ. ജയകൃഷ്ണനായി വിനായകനും സ്റ്റാൻലി ദാസായി മമ്മൂട്ടിയും അഭിനയിക്കുന്നു. ജിബിൻ ഗോപിനാഥ്, രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആദ്യം നവംബർ 27ന് തിയറ്ററിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു. ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് ആണ്.
യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുൽഖർ നായകനായെത്തിയ കുറുപ്പിന്‍റെ കഥ ഒരുക്കിയതും ജിതിൻ.കെ.ജോസാണ്.


