തേരാപാര മുതൽ ബിഗ് സ്ക്രീൻ വരെ; കരിക്ക് ടീം സിനിമയിലേക്ക്...
text_fieldsമലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട വെബ് സീരീസ് ടീമാണ് കരിക്ക്. ലക്ഷകണക്കിന് ആരാധകരുള്ള ഇവർക്ക് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. ഇപ്പോഴിതാ, കരിക്ക് ടീം സിനിമയിലേക്ക് എന്ന വാർത്തയാണ് പുറത്തുവരുന്നത്. ‘കരിക്ക് സ്റ്റുഡിയോസ്’ എന്ന പേരിലാണ് ടീം ചലച്ചിത്ര നിർമാണത്തിലേക്ക് ചുവടുവെക്കുന്നത്. ഡോ അനന്തു പ്രൊഡക്ഷൻസുമായി ചേർന്നാണ് കരിക്ക് സ്റ്റുഡിയോസിന്റെ ആദ്യ സിനിമയെത്തുന്നത്.
നിഖിൽ പ്രസാദിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന കരിക്കിൽ പ്രേക്ഷകരുടെ പ്രിയ കരിക്ക് താരനിര തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷ. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമായ കരിക്കിന്‍റെ സ്ഥാപകനാണ് നിഖിൽ പ്രസാദ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വെബ് സീരീസായിരുന്നു കരിക്കിന്‍റെ തേരാപാര. ഇവിടെ തുടങ്ങി ഒട്ടനവധി ഗംഭീര കോമഡി എന്‍റർടെയ്നറുകൾ കരിക്കിന്‍റേതായി പുറത്തുവന്നിട്ടുണ്ട്. സിനിമയുടെ ടൈറ്റിൽ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിലായി പുറത്തുവരും എന്നാണ് റിപ്പോർട്ട്. 2025 ഡിസംബറിൽ ചിത്രീകരണം ആരംഭിച്ച് അടുത്ത വർഷം തിയറ്ററുകളിൽ എത്തിക്കാൻ പാകത്തിനാണ് ചിത്രം പ്ലാൻ ചെയ്യുന്നത്.
നിഖിൽ പ്രസാദ് 2018ൽ സ്ഥാപിച്ച കരിക്ക് യൂട്യൂബ് ചാനൽ ഇതിനോടകം 10 മില്യണോളം സബ്സ്ക്രൈബേർസ് നേടിയെടുത്ത ഡിജിറ്റൽ കണ്ടെൻറ് പ്ലാറ്റ്‌ഫോമാണ്. പലതരം കണ്ടന്‍റുകൾ സീരീസാക്കി പുറത്തുവിടുന്ന ടീമിന്‍റെ പ്രധാന ഴോണർ കോമഡിയാണ്. ഹൊറർ കോമഡി തീമിൽ വന്ന കരിക്കിന്‍റെ പല സീരീസുകളും വമ്പൻ പ്രേക്ഷക പിന്തുണ നേടിയിട്ടുണ്ട്. കരിക്ക് വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയരായ താരങ്ങൾക്കൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയരായ അഭിനേതാക്കളും കരിക്ക് സിനിമയുടെ ഭാഗമാകും. ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കൾ


