ചലച്ചിത്ര പുരസ്കാരത്തിളക്കത്തിൽ ശാലിനി ഉഷാദേവി
text_fieldsശാലിനി ഉഷാദേവി
തിരുവനന്തപുരം: നടി ശാന്തി ബാലചന്ദ്രന്റെ ഫോൺ വരുമ്പോൾ ശാസ്തമംഗലത്തെ വീട്ടിൽ വൈകീട്ടത്തെ ഇവന്റ് മാനേജ്മെന്റ് പ്രോഗ്രാമിന് സുഹൃത്തിനെ സഹായിക്കുന്ന തിരക്കിലായിരുന്നു ശാലിനി ഉഷാദേവി. ‘സംസ്ഥാന ചലച്ചിത്ര അവാർഡുണ്ടെന്ന് പറഞ്ഞ് ശാന്തി അഭിനന്ദച്ചപ്പോൾ അമ്പരന്നു. പിന്നെ ടി.വി വെച്ചപ്പോഴാണ് അവാർഡ് വിവരം അറിഞ്ഞത്. വലിയ സന്തോഷം തോന്നി-പുരസ്കാരനിറവിൽ ശാലിനി ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
‘എന്നെന്നും’ ചിത്രത്തിലൂടെ മനുഷ്യന്റെ അനശ്വരത സംബന്ധിച്ച ദാർശനികാന്വേഷണങ്ങളെ ഭാവിസൂചകമായ പ്രമേയത്തിലൂടെ അവതരിപ്പിച്ച സംവിധാന പാടവത്തിനാണ് ശാലിനി ഉഷാദേവിയെ തേടി ഇക്കുറി പുരസ്കാരമെത്തിയത്. സ്ത്രീ, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് വിഭാഗത്തിലാണ് ശാലിനിക്ക് പുരസ്കാരം ലഭിച്ചത്. ഈ അവാർഡിന് ഏറെ നന്ദിയുണ്ട്. അത് കൂടുതൽ വാതിലുകൾ തുറക്കുകയും ആഗ്രഹിക്കുന്ന കഥകൾ പറയാൻ തന്നെ പ്രാപ്തയാക്കുകയും ചെയ്യും. സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും പ്രത്യേക വിഭാഗം അവാർഡുകളുടെ ആവശ്യമില്ലാത്ത ഭാവിയിലേക്ക് ഇത് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശാലിനി പറഞ്ഞു.
അനൂപ് മോഹൻദാസും ശാന്തി ബാലചന്ദ്രനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എന്നെന്നും’ സിനിമയുടെ കഥ 2011ൽ എഴുതിത്തുടങ്ങി. ആ വർഷംതന്നെയാണ് ശാലിനിയുടെ ആദ്യ സംവിധാന സംരംഭമായ ‘അകം’ റിലീസായത്. ഇതിനിടെ കൊവിഡ് ഉൾപ്പെടെ പ്രതിസന്ധികളിൽപെട്ട് ‘എന്നെന്നും’ നീണ്ടുപോയി. 2023ൽ ‘സൂരറൈ പോട്ര്’ എന്ന തമിഴ് ചിത്രത്തിൽ സംവിധായക സുധ കൊങ്കറക്കൊപ്പം തിരക്കഥ എഴുതിയതിന് ദേശീയ പുരസ്കാരം തേടിയെത്തി. തൊട്ടടുത്ത വർഷം തന്നെ സംവിധാന സംരംഭത്തിന് സംസ്ഥാന പുരസ്കാരവും ലഭിച്ചു.