പകർന്നാടിയത് ഐശുമ്മയുടെ സങ്കടം; പുരസ്കാരത്തിളക്കത്തിൽ ദേവി വർമ
text_fieldsതൃപ്പൂണിത്തുറ: മുഴുനീള കഥാപാത്രംകൊണ്ട് ആദ്യത്തേതെന്ന് പറയാവുന്ന ചിത്രത്തിലെ അഭിനയത്തികവിന് പുരസ്കാരത്തിളക്കവുമായി തൃപ്പൂണിത്തുറ സ്വദേശിനി ദേവി വർമ. തരുൺ മൂത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’യിൽ ഐഷ റാവുത്തർ എന്ന മുഴുനീള കഥാപാത്രമായായിരുന്നു ദേവി വർമയുടെ വേഷപ്പകർച്ച. നിസ്സാര കേസിന്റെ പേരിൽ കോടതി കയറി ഇറങ്ങേണ്ടി വരുന്ന തോപ്പുംപടിക്കാരി ‘ഐശുമ്മ’യെന്ന കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചേറ്റി.
‘തിയറ്ററിൽ പോയി സിനിമ കണ്ടിട്ട് വർഷങ്ങളായി. അഭിനയം എന്നത് ചിന്തയില്ലായിരുന്നു, സിനിമയിൽ വന്നശേഷം അവാർഡിനെപ്പറ്റിയും ചിന്തിച്ചിട്ടില്ല. ഞാൻ കാരണം അഭിനയിക്കുന്ന സിനിമ മോശമാകരുതെന്ന് മാത്രമാണ് വിചാരിച്ചത്’- ദേവി വർമ പറയുന്നു.
മകളുടെ മകൻ സിദ്ധാർഥാണ് സിനിമ പ്രവേശനത്തിന് കാരണം. കഴിഞ്ഞ ഓണക്കാലത്ത് എടുത്ത അമ്മൂമ്മയുടെ ഫോട്ടോ സിദ്ധാർഥ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. സിദ്ധാർഥിന്റെ സുഹൃത്തായ സംവിധായകൻ തരുൺ മൂർത്തി ഫോട്ടോ കണ്ടതോടെ ദേവിയെക്കുറിച്ച് അന്വേഷിക്കുകയും വീട്ടിൽ നേരിട്ടെത്തി സംസാരിക്കുകയുമായിരുന്നു. അഭിനയപാടവമോ കാര്യമായ മുൻപരിചയമോ ഒന്നും ഇല്ലെങ്കിലും സമ്മതംമൂളി സെറ്റിലെത്തിയതോടെ കണ്ടുനിന്നവർ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.
ഒപ്പമുള്ളവരെല്ലാം അമ്മ എന്ന് വിളിച്ച് സ്നേഹത്തോടെയാണ് പെരുമാറിയത്. അതിനാൽ അഭിനയം എന്ന ജോലി കടുപ്പമുള്ളതായി തോന്നിയില്ലെന്നും ദേവി വർമ പറഞ്ഞു. മുമ്പ് ‘ചാർളി’ സിനിമയുടെ തമിഴ് പതിപ്പായ ‘മാര’യിൽ ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധനേടിയിരുന്നില്ല.
അമ്മയുടെ അഭിനയംകണ്ട് തങ്ങൾതന്നെ അത്ഭുതപ്പെട്ടതായി മകൻ ദേവദാസ് വർമ പറഞ്ഞു. സൗദി വെള്ളക്കയിലെ അഭിനയത്തിന് കഴിഞ്ഞ വർഷം പ്രേംനസീർ ജൂറി അവാർഡും ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി അവാർഡും ലഭിച്ചിരുന്നു. 2002ൽ ഭർത്താവ് രവി വർമ തമ്പുരാന്റെ മരണശേഷം മകൾ ശുഭ വർമ, മകൻ ദേവദാസ് വർമ, മരുമകൾ രമ എന്നിവരോടൊപ്പം തൃപ്പൂണിത്തുറ വടക്കേകോട്ട മുല്ലയ്ക്കൽ നഗറിൽ കളഭം അപ്പാർട്മെന്റിലാണ് താമസം.