ഗോഥിക് ശൈലിയിലെ ‘ലോക’; എന്തുകൊണ്ടാണ് ചന്ദ്രക്ക് കറുപ്പ്-ചുവപ്പ് നിറത്തിലുള്ള കളർ പാറ്റേൺ
text_fieldsഇപ്പോൾ ട്രെൻഡിങ്ങിൽ നിൽക്കുന്നത് ഡോമിനിക് സംവിധാനം ചെയ്ത ലോകയാണല്ലോ. ലോകയിൽ എല്ലാവരും ശ്രദ്ധിച്ച ഒന്നായിരിക്കും ചന്ദ്രയുടെ ഡ്രസിന്റെ കളർ പാലറ്റ്. ഗോഥിക് ശൈലിയിൽ ഉൾപ്പെട്ട കറുപ്പ് ചുവപ്പ് നിറങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ സിനിമ ഒരു ഫാന്റസി സൂപ്പർഹീറോ യൂണിവേഴ്‌സിനെയാണ് അവതരിപ്പിക്കുന്നത്. മലയാള സിനിമയിൽ സാധാരണ കാണാത്ത ഒരു ദൃശ്യശൈലിയാണിത്. സിനിമയുടെ പ്രത്യേക സ്വഭാവത്തിന് അനുസരിച്ചുള്ള ഒരു ദൃശ്യഭാഷ സൃഷ്ടിക്കാൻ സംവിധായകൻ ഗോഥിക് ശൈലിയിലെ ചില ഘടകങ്ങൾ സമർത്ഥമായി ഉപയോഗിച്ചിട്ടുണ്ട്.
ഗോഥിക് ശൈലിയിൽ നിറങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും കറുപ്പ്, ചുവപ്പ് നിറങ്ങൾക്ക്. ഈ നിറങ്ങൾ വെറുതെ ഉപയോഗിക്കുന്നതല്ല, മറിച്ച് അവക്ക് ഓരോന്നിനും അതിന്‍റേതായ അർത്ഥമുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ഉത്ഭവിച്ച് പതിനാറാം നൂറ്റാണ്ട് വരെ യൂറോപ്പിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാ-വാസ്തുവിദ്യാ ശൈലിയാണ് ഗോഥിക് ശൈലി. ആദ്യകാലങ്ങളിൽ കെട്ടിട നിർമാണ രംഗത്താണ് ഈ ശൈലി കൂടുതലായി ഉപയോഗിച്ചിരുന്നത്. പിന്നീട് ഇത് സാഹിത്യം, ഫാഷൻ, സംഗീതം, കല എന്നിവയിലേക്കും വ്യാപിച്ചു. ഉയർന്ന ഗോപുരങ്ങളും, കൂർത്ത കമാനങ്ങളും, വർണ്ണക്കണ്ണാടി ജനലുകളും ഗോഥിക് വാസ്തുവിദ്യയുടെ പ്രധാന സവിശേഷതകളാണ്. പാരിസിലെ നോത്രദാം പള്ളി, ജർമ്മനിയിലെ കൊളോൺ കത്തീഡ്രൽ എന്നിവ ഗോഥിക് വാസ്തുവിദ്യയുടെ ഉദാഹരണങ്ങളാണ്.
ലോകയിൽ ചന്ദ്ര കള്ളിയങ്കാട്ട് നീലിയാണല്ലോ. അവളുടെ ശക്തിയുടെ ഉറവിടം ഇരുണ്ടതും നിഗൂഢവുമാണ്. സിനിമയിലെ ഗുഹകളും, രാത്രി രംഗങ്ങളും, ചില കഥാപാത്രങ്ങളുടെ വസ്ത്രധാരണവും ഈ നിഗൂഢത വർധിപ്പിക്കുന്നുണ്ട്. ഇതിന് കറുപ്പ് നിറമാണ് ഉപയോഗിച്ചിരിക്കുന്നത്. സിനിമയിലെ പ്രതിനായക കഥാപാത്രങ്ങളെ കാണിക്കുന്ന രംഗങ്ങളിലും കറുപ്പ് നിറത്തിന് മുൻതൂക്കം നൽകിയിട്ടുണ്ട്. ഇത് അവരുടെ ക്രൂരത, ദുഷ്ടത, അധികാരം എന്നിവയെ സൂചിപ്പിക്കുന്നു. ചന്ദ്ര എന്ന കഥാപാത്രം പല കാലത്തിലൂടെ സഞ്ചരിച്ച ഒരാളായതുകൊണ്ടാണ് ഇപ്പോഴത്തെ ചന്ദ്രക്ക് ഗോഥിക് സ്റ്റൈൽ തന്നെ കൊടുത്തിരിക്കുന്നത്. അതുകൊണ്ടാണ് റെഡ് ജാക്കറ്റ് കാണിച്ചിരിക്കുന്നത്. ഗോഥിക് സംസ്കാരത്തിന്‍റെ ഭാഗമായിട്ടുള്ള മെറ്റൽ എലമെന്‍റ്സാണ് ചന്ദ്രയുടെ ആഭരണങ്ങളിൽ കൊടുത്തിരിക്കുന്നത്.
ചില സന്ദർഭങ്ങളിൽ ചന്ദ്ര എന്ന കഥാപാത്രത്തിന്റെ ഒറ്റപ്പെടലും ഇരുണ്ട ചിന്തകളും കാണിക്കാൻ ഇരുണ്ട പശ്ചാത്തലങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. കറുപ്പ് പോലെത്തന്നെ ചുവപ്പ് നിറവും ഈ സിനിമയിൽ ശക്തമായ സാന്നിധ്യമാണ്. ചന്ദ്ര എന്ന കഥാപാത്രത്തിന്റെ ശക്തമായ വികാരങ്ങൾ, പ്രത്യേകിച്ച് പ്രതികാരം, കോപം, അവളുടെ ലക്ഷ്യത്തോടുള്ള അഭിനിവേശം എന്നിവയെ സൂചിപ്പിക്കാൻ ചുവപ്പ് നിറം പലപ്പോഴും ഉപയോഗിക്കുന്നു. ചന്ദ്രയുടെ വസ്ത്രങ്ങളിലും മുടിയിലും ലെൻസിലും കറുപ്പ്-ചുവപ്പ് നിറങ്ങളുടെ ഡീറ്റൈയിലിങ് കാണാം.
ചന്ദ്ര ഗോത്ര വിഭാഗത്തിൽപ്പെട്ട ഒരാളാണ്. ഇവരുടെ ആരാധന മൂർത്തികൾക്ക് ചുവപ്പും കറുപ്പും നിറങ്ങളാണ്. കറുത്ത കല്ലിലെ രൂപങ്ങൾക്ക് ചുവന്ന പൂക്കൾ, അല്ലെങ്കിൽ ചുവപ്പും കറുപ്പും കലർന്ന രൂപങ്ങൾ, പൂജാവേളകളിൽ ഒക്കെ ചുവപ്പിന്റെ ലൈറ്റിങ് ഇതൊക്കെയാണ് പൊതുവേ ഉപയോഗിക്കാറുള്ളത്. കറുത്ത നിറം ഒളിപ്പിച്ച് വെക്കാനും ചുവപ്പ് നിറം പുറത്ത് കൊണ്ടുവരാനും ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ ഈ രണ്ട് ഒരു ടെൻഷനുണ്ടാക്കുന്നു. ഫെമിനിയേക്കാളും പവറിനാണ് ചിത്രം പ്രധാന്യം കൊടുത്തിരിക്കുന്നത്. അതുകൊണ്ടാണ് ചന്ദ്രയുടെ ഔട്ട്ഫിറ്റിലും ബ്ലാക്ക് റെഡ് കളർ കൊടുത്തിരിക്കുന്നത്. ചന്ദ്രയുടെ ഫെമിനിൻ ഡൈഡ് കാണിച്ചിരിക്കുന്നത് ഒരേയൊരു സീനിലാണ്. ബെർത്ത് ഡേ പാർട്ടിയിൽ ചന്ദ്ര വരുന്ന രംഗത്തിൽ വെള്ള വസ്ത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. പൊതുവെ കണ്ട് ശീലിച്ച യക്ഷി സങ്കൽപ്പങ്ങൾ വെള്ള സാരിയാണ് ഉടുക്കാറുള്ളത്. അതിന്‍റെ റെഫറൻസ് ആയിട്ടായിരിക്കാം ലോകയിൽ ചന്ദ്രക്ക് വെള്ള ഗൗൺ കൊടുത്തിരിക്കുന്നത്. കഴുത്തിൽ അണിഞ്ഞിരിക്കുന്ന മാലയിൽ ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണിക്കുന്നുണ്ട്. ചന്ദ്ര നീലിയാണെന്ന് തുടത്തത്തിലെ പറഞ്ഞ് വെക്കുന്ന ഒരു രംഗമാണിത്. സ്റ്റൈലിങ്ങിന്‍റെയും കോസ്റ്റ്യുമിന്‍റെയും ഡീറ്റേയിലിങ് സിനിമയിൽ ചെയ്തിരിക്കുന്നത് മെൽവിയും അർച്ചനാ റാവുമാണ്.
സിനിമയിൽ ചുവപ്പും കറുപ്പും നിറങ്ങൾ ഒരുമിച്ച് ഉപയോഗിക്കുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ഈ രണ്ട് നിറങ്ങളും ചേരുമ്പോൾ അവയുടെ അർത്ഥം കൂടുതൽ ശക്തവും സങ്കീർണ്ണവുമാകുന്നു. ഇത് വെറും ഒരു ദൃശ്യഭംഗി മാത്രമല്ല, സിനിമയുടെ കഥാഗതിയെയും കഥാപാത്രങ്ങളുടെ മാനസികാവസ്ഥയെയും ആഴത്തിൽ സ്വാധീനിക്കുന്ന ഒരു സാങ്കേതികതയാണ്. കറുപ്പ് ഇരുട്ടിന്റെയും നിശബ്ദതയുടെയും നിറമാണ്. എന്നാൽ ചുവപ്പ് ഊർജ്ജസ്വലമായ നിറമാണ്. ഇവ രണ്ടും ചേരുമ്പോൾ സാധാരണ രംഗങ്ങൾ പോലും വളരെ നാടകീയവും ആകർഷകവുമാകുന്നു. മാർവൽ സീരീസിൽ ഡെഡ് പൂൾ, ബ്ലാക്ക് വിഡോ എന്നീ സൂപ്പർ ഹീറോകൾക്കും റെഡ് ബ്ലാക്ക് കളർ കോമ്പിനേഷനാണ് കൊടുത്തിരിക്കുന്നത്.
കറുപ്പ് നിറം ഇരുട്ടിനെയും മരണത്തെയും ശൂന്യതയെയും അധികാരം, ഗാംഭീര്യം, നിഗൂഢത എന്നിവയെ സൂചിപ്പിക്കുമ്പോൾ ചുവപ്പ് നിറം ജീവൻ, അഭിനിവേശം, കോപം, വികാരം, അപകടം, ചോര, ആക്രമം, ഭയം എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ നിറങ്ങൾ ഒരുമിച്ച് വരുമ്പോൾ സിനിമയിൽ ശക്തമായ വൈരുദ്ധ്യം സൃഷ്ടിക്കാൻ കഴിയും. കൂടാതെ ഒരു കഥാപാത്രത്തിന്റെ അല്ലെങ്കിൽ ഒരു രംഗത്തിന്റെ ഭീകരതയും ശക്തിയും വർധിപ്പിക്കുകയും ചെയ്യുന്നു.