മലയാള സിനിമയിൽ പുതിയ ചരിത്രം കുറിക്കാൻ ലോക, എമ്പുരാന്‍റെ കലക്ഷൻ റെക്കോർഡ് മറികടക്കാനൊരുങ്ങി കല്യാണിയുടെ ബ്ലോക്ക് ബസ്റ്റർ
text_fieldsമലയാള സിനിമയിൽ പുതിയ ചരിത്രപ്പിറവിക്കൊരുങ്ങുകയാണ് കല്യാണി പ്രിയദർശൻ നായികയായെത്തിയ ലോക ചാപ്റ്റർ 1 ചന്ദ്ര. മലയാളത്തിൽ ഇന്നേവരെ തിയറ്ററുകളിലെത്തിയ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന ചരിത്രനേട്ടമാണ് ലോകയെ കാത്തിരിക്കുന്നത്. കലക്ഷൻ റെക്കോർഡിലെത്താൻ ഏതാനും കോടികൾ മാത്രം അകലെയാണ് ചിത്രം. മഞ്ഞുമ്മൽ ബോയ്‌സ്, തുടരും, 2018 തുടങ്ങിയ ചിത്രങ്ങളുടെ ലൈഫ് ടൈം കളക്ഷൻ മറികടന്ന ഈ സൂപ്പർഹീറോ ഡ്രാമ, പൃഥ്വിരാജിന്റെ എൽ 2: എമ്പുരാനെ മറികടക്കാൻ 15 കോടി രൂപ മാത്രം അകലെയാണ്. ലോകമെമ്പാടുമായി ലോക 250 കോടിയിലധികം രൂപ കളക്ഷൻ നേടിയപ്പോൾ, എൽ 2 എമ്പുരാൻ ആഗോളതലത്തിൽ 265 കോടി രൂപയാണ് നേടിയത്. 150 കോടി രൂപ ബജറ്റിൽ നിർമിച്ച എമ്പുരാന്റെ നിർമാണച്ചെലവ് ലോകയെക്കാൾ അഞ്ചിരട്ടി കൂടുതലാണ്.
ലോകാ ചാപ്റ്റർ 1, റിലീസ് ദിവസം 2.7 കോടി രൂപയാണ് നേടിയത്. മൂന്നാം ആഴ്ച ചിത്രം കൂടുതൽ വരുമാനം നേടി. ഇന്ത്യയിൽ ചിത്രത്തിന്‍റെ മൊത്തം വരുമാനം 124.9 കോടി രൂപയായി എന്ന് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നു. ആദ്യം 600 ഷോകളുമായി പുറത്തിറങ്ങിയ ലോക, ബോക്സോഫീസിൽ വൻ ഹിറ്റായി മാറിയതിനു പിന്നാലെ ഷോകളുടെ എണ്ണം ഏകദേശം 1700 ആയി ഉയർത്തി.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത്, വേഫെയറർ ഫിലിംസിന്റെ ബാനറിൽ നടൻ ദുൽഖർ സൽമാൻ നിർമിച്ച ‘ലോകാ ചാപ്റ്റർ 1: ചന്ദ്ര’ എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, സാൻഡി മാസ്റ്റർ, അരുൺ കുര്യൻ, പ്രേമലു ഫെയിം നസ്‌ലെൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. മലയാളത്തിലെ ഒരു സമ്പൂർണ സൂപ്പർഹീറോ സിനിമാറ്റിക് പ്രപഞ്ചത്തിന് തുടക്കം കുറിക്കാനുള്ള ദുൽഖർ സൽമാന്റെ ശ്രമമാണ് ഈ സൂപ്പർഹീറോ ചിത്രം. ലോകാ സീരീസിലെ അടുത്ത ചിത്രം ചാത്തൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണെന്ന് നിർമാതാവ് ഡൊമിനിക് അരുൺ വെളിപ്പെടുത്തിയിരുന്നു. നടൻ ടോവിനോ തോമസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ അധ്യായത്തിൽ തന്റെ കഥാപാത്രത്തെക്കുറിച്ച് ഒരു ചെറിയ വിവരണം നൽകി അദ്ദേഹം പ്രത്യക്ഷപ്പെടുന്നുണ്ട്.
മിന്നൽ മുരളി എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസിന്റെ രണ്ടാമത്തെ സൂപ്പർഹീറോ ചിത്രമാകും ലോക ചാപ്റ്റർ 2. ലോകയിലെ (ചാപ്റ്റർ 3) മൂന്നാമത്തെ ചിത്രം ദുൽഖർ സൽമാന്റെ കഥാപാത്രമായ ചാർലിയെ ചുറ്റിപ്പറ്റിയായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വാൾ പിടിക്കുന്ന നിൻജയും ഒടിയൻ വംശത്തിലെ അംഗവുമായായിരിക്കും ചാർലിയെ അവതരിപ്പിക്കുക. ലോകയ്ക്ക് പ്രചോദനമായ നാടോടിക്കഥകളിലെ പോലെ ഒടിയൻ വംശത്തെക്കുറിച്ചുള്ള സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലോക ഇതിനകം നിരവധി റെക്കോർഡുകളാണ് തകർത്തത്. ബുക്ക് മൈഷോയിൽ ഏകദേശം അഞ്ച് ദശലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചുവെന്ന് റിപ്പോർട്ടുണ്ട്.