കൂലിക്ക് ആയിരക്കണക്കിന് വിമർശനങ്ങൾ ലഭിച്ചു; അടുത്ത സിനിമയിൽ അവയെല്ലാം പരിഹരിക്കാൻ ശ്രമിക്കും -ലോകേഷ് കനകരാജ്
text_fieldsരജനീകാന്ത് നായകനായ ലോകേഷ് കനകരാജ് ചിത്രം കൂലി നേരിട്ട വിമർശനങ്ങളെക്കുറിച്ച് സംവിധായകൻ മനസ്സ് തുറക്കുകയാണ്. ആഗസ്റ്റ് 14ന് തിയറ്ററുകളിൽ എത്തിയ ചിത്രം തിരക്കഥയിലെ പോരായ്മകളും മേക്കിങ്ങിലെ വീഴ്ചകളും കാരണം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് നേടിയത്. കൂലിക്ക് ആയിരക്കണക്കിന് വിമർശനങ്ങൾ ലഭിച്ചു. അടുത്ത സിനിമയിൽ അവയെല്ലാം പരിഹരിക്കാൻ ഞാൻ ശ്രമിക്കും എന്നാണ് ലോകേഷ് പറഞ്ഞത്.
‘വിമർശനങ്ങൾക്കിടയിലും ചിത്രം കാണാൻ ആളുകൾ എത്തിയത് രജനീകാന്ത് എന്ന സൂപ്പർസ്റ്റാറിനോടുള്ള ഇഷ്ടം കൊണ്ടാണ്. ആളുകളുടെ അമിത പ്രതീക്ഷകൾക്ക് അനുസരിച്ച് സിനിമ എഴുതാൻ കഴിയില്ല. തനിക്ക് അറിയാവുന്ന രീതിയിൽ കഥ പറയുമെന്നും അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ചിത്രം 500 കോടി കലക്ട് ചെയ്തുവെന്നാണ് നിർമാതാവ് എന്നോട് പറഞ്ഞത്. എല്ലാവർക്കും നന്ദി’ എന്ന് ലോകേഷ് അറിയിച്ചു.
'സിനിമയെക്കുറിച്ച് ഓരോരുത്തർക്കും പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയില്ലെങ്കിൽ ഞാൻ ഇന്ന് ഇവിടെ ഇരിക്കില്ലായിരുന്നു. ഞാൻ മാത്രമല്ല, ഓരോ സൂപ്പർസ്റ്റാറിനും പ്രതീക്ഷയുടെ ഒരു ബാധ്യതയുണ്ടാകും. അതിനോട് നീതി പുലർത്തുക എന്നതാണ് പ്രധാന വെല്ലുവിളി. കൂലിയുടെ കാര്യമെടുത്താൽ 18 മാസം സിനിമക്ക് വേണ്ടി ചിലവഴിച്ചു. ആ 18 മാസം സിനിമയുടെ ഹൈപ്പ് എത്രത്തോളം ഉയരുമോ അത്രയും ഉയർന്നു. പടം ഇറങ്ങുന്നതിന് മുമ്പ് തന്നെ ഓരോരുത്തരും ടൈം ട്രാവൽ, എൽ.സി.യു പോലുള്ള തിയറികൾ ഉണ്ടാക്കി. രജിനി സാറിന്റെ സിനിമ ഇങ്ങനെയാകും, ലോകേഷിന്റെ പടം ഇങ്ങനെയാകും എന്നൊക്കെ ചിന്തിച്ചു വെച്ചു. ആ പ്രതീക്ഷ എങ്ങനെ കുറക്കും? എന്നാൽ സിനിമ റിലീസായപ്പോൾ അവർ പ്രതീക്ഷിച്ചതൊന്നും സിനിമയിലില്ലെങ്കിൽ എന്തുചെയ്യും. ആ പ്രതീക്ഷക്കൊത്ത് എഴുതാൻ എനിക്ക് ഒരിക്കലും സാധിക്കില്ല. ഞാൻ എഴുതിയത് അവരുടെ പ്രതീക്ഷക്കൊത്ത് വന്നാൽ സന്തോഷം മാത്രം. അല്ലെങ്കിൽ അതിനൊത്ത് ഉയരാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും’ എന്നാണ് കൂലിയുടെ വിമർശനങ്ങളുടെ തുടക്കത്തിൽ ലോകേഷ് പറഞ്ഞത്.
രജനീകാന്തിനെ കൂടാതെ, നാഗാർജുന, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, ഉപേന്ദ്ര, സത്യരാജ്, രചിത റാം, കാളി വെങ്കട്ട്, കണ്ണ രവി, ആമിർ ഖാൻ തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്. ലോകേഷ് കനകരാജുമായി രജനീകാന്ത് ആദ്യമായി ഒന്നിച്ച ചിത്രമാണ് കൂലി. ആഗോള തലത്തിൽ 500 കോടിക്കും മുകളിൽ സിനിമ നേടിയെങ്കിലും പലയിടത്തും ആവറേജിൽ ഒതുങ്ങേണ്ടി വന്നു. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി നേടിയെന്നാണ് റിപ്പോർട്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം.


