Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമലയാള സിനിമക്ക്...

മലയാള സിനിമക്ക് ആദ്യമായി ദേശീയ പുരസ്കാരമെത്തിച്ച ടി.കെ. പരീക്കുട്ടി ഓർമയായിട്ട് ഇന്ന് 57 വർഷം

text_fields
bookmark_border
മലയാള സിനിമക്ക് ആദ്യമായി ദേശീയ പുരസ്കാരമെത്തിച്ച ടി.കെ. പരീക്കുട്ടി ഓർമയായിട്ട് ഇന്ന് 57 വർഷം
cancel
camera_alt

രാഷ്ട്രപതി സക്കീർ ഹുസൈനിൽ നിന്നും ദേശീയ പുരസ്ക്കാരം ടി.കെ. പരീക്കുട്ടി ഏറ്റുവാങ്ങുന്നു (ഫയൽ ചിത്രം)

മട്ടാഞ്ചേരി: മലയാള സിനിമയുടെ തലവര മാറ്റി വരച്ച് ആദ്യമായി ദേശീയ പുരസ്കാരമെത്തിച്ച നിർമാതാവ് ടി.കെ. പരീക്കുട്ടി ഓർമയായിട്ട് ഇന്ന് 57 വർഷം തികയുന്നു. മലയാള സിനിമക്ക് സ്വന്തമായ മേൽവിലാസം ചാർത്തി കൊണ്ട് ടി.കെ. പരീക്കുട്ടിയുടെ ചന്ദ്രതാര ഫിലിംസ് 1954 ൽ നിർമിച്ച നീലക്കുയിൽ എന്ന ചിത്രം നേടിയത് ഇന്ത്യൻ പ്രസിഡന്റിന്റെ വെള്ളിമെഡൽ.

തെന്നിന്ത്യയിലേക്ക് ആദ്യമായി കൊണ്ടുവന്ന ചലച്ചിത്ര പുരസ്കാരമായിരുന്നു ആ മെഡൽ. സിനിമ പൊട്ടുമോ എന്ന ഭീതിയിൽ പുത്തൻ ആശയവും മലയാള തനിമയോടു കൂടിയ സിനിമകളും പിടിക്കാൻ നിർമാതാക്കൾ തയാറാകാതെ പ്രശസ്തമായ തമിഴ്, ഹിന്ദി സിനിമകളുടെ റീമേക്കുകൾക്കായിരുന്നു അക്കാലത്ത് നിർമാതാക്കൾക്ക് പ്രിയം.

ഈ ഘട്ടത്തിലാണ് അക്കാലത്തെ ന്യൂ ജനറേഷൻ ആശയക്കാരായ രാമു കാര്യാട്ട്-പി. ഭാസ്ക്കരൻ എന്നീ രണ്ട് ചെറുപ്പക്കാർ കൊച്ചി തുറമുഖത്തുനിന്നും ഫാക്ടിലേക്ക് ചരക്ക് നീക്കം നടത്തിയിരുന്ന നൂറോളം തോണികളുടെ ഉടമയായ ടി.കെ. പരീക്കുട്ടിയെ പുതിയ ആശയത്തിൽ സിനിമ നിർമിക്കണമെന്ന ആവശ്യത്തോടെ ചെന്നു കാണുന്നത്. സാമൂഹ്യ പ്രതിബന്ധതയുള്ള, നല്ലൊരു സന്ദേശം കാഴ്ചക്കാർക്ക് നൽകുന്ന ചിത്രമായിരിക്കണമെന്ന ഒറ്റ നിബന്ധന മാത്രമേ പരീക്കുട്ടി ഇവരോട് ആവശ്യപ്പെട്ടുള്ളു.

മൂവരുടെയും കൂട്ടുകെട്ടിലാണ് സമൂഹത്തിൽ നടക്കുന്ന ദുഷ് പ്രവണതകൾക്കെതിരെ ശബ്ദിക്കുന്ന നീലക്കുയിൽ എന്ന സിനിമ പിറന്നത്. മലയാളക്കരയെ അമ്പരപ്പിച്ച് ചിത്രം ദേശീയ അവാർഡ് നേടുകയും ചെയ്തു. ഹിന്ദി, തമിഴ് ഹിറ്റ് ട്യൂണുകളുടെ അനുകരണത്തിന് പകരം മലയാളത്തിന്‍റെ സ്വന്തം സംഗീതം തന്നെ വേണമെന്ന പരീക്കുട്ടിയുടെ നിർബന്ധത്തിൽ കെ. രാഘവനായിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്.

ചിത്രം അഭ്രപാളിയിലെത്തിയതോടെ സിനിമയും, ഗാനങ്ങളും മലയാളക്കരയുടെ ഹൃദയം കവർന്നു. പരീക്കുട്ടി ആകെ ഒമ്പത് സിനിമകൾ നിർമിച്ചതിൽ നാലു സിനിമകൾ ദേശീയ അവാർഡുകൾ നേടി. രാരീച്ചൻ എന്ന പൗരൻ, നാടോടി, മുടിയനായ പുത്രൻ, മൂടുപടം, തച്ചോളി ഒതേനൻ, ഭാർഗവീ നിലയം, കുഞ്ഞാലി മരക്കാർ, ആൽമരം എന്നിവയായിരുന്നു അദ്ദേഹം നിർമിച്ച മറ്റ് ചിത്രങ്ങൾ.

ആദ്യ 70 എം.എം തിയറ്ററായ സൈന നാശത്തിന്‍റെ വക്കിൽ

കേരളത്തിലെ ആദ്യ 70 എം.എം തിയറ്ററായ സൈന ഫോർട്ടുകൊച്ചിയിൽ നിർമിച്ചതും പരീക്കുട്ടിയാണ്. സ്വന്തമായി സിനിമാ സ്റ്റുഡിയോ സ്ഥാപിക്കുന്നതിന് തൃശൂരിൽ 30 ഏക്കർ സ്ഥലം വാങ്ങിച്ചുവെങ്കിലും ആഗ്രഹം പൂർത്തീകരിക്കാനാവാതെ 1969 ജൂലായ് 21ന് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. മലയാള സിനിമക്ക് മാറ്റത്തിന്‍റെ മറ്റൊലി ചാർത്തിയ ടി.കെ. പരീക്കുട്ടിയെ സിനിമാ ലോകം മറന്ന മട്ടാണ്.

തോണി കമ്പനിയിലൂടെ ആയിരകണക്കിന് ആളുകൾക്ക് ജോലി നൽകിയ പരീക്കുട്ടി, കൊച്ചി മുൻസിപ്പൽ കൗൺസിലർ കൂടിയായിരുന്നു. അദ്ദേഹം നിർമിച്ച സൈന തിയറ്റർ കൊച്ചി നഗരസഭ ഏറ്റെടുത്തതോടെ അടച്ചു പൂട്ടി. ഇപ്പോൾ നാശത്തിന്‍റെ വക്കിലുമാണ്. കെട്ടിടം ഏറെ ശോചനീയാവസ്ഥയിലാണ്. ചുറ്റുമതിലിന്‍റെ ഒരു ഭാഗം അടുത്തിടെ തകർന്നു വീണിരുന്നു. അദ്ദേഹത്തന്‍റെ സിനിമയായ ഭാർഗ്ഗവീ നിലയം പോലെയായ കെട്ടിടം ഇപ്പോൾ രാത്രിയായാൽ ലഹരി മാഫിയകളുടെ താവളമാണ്.

Show Full Article
TAGS:malayalam cinema national award TK Parikutty years 
News Summary - Today marks 57 years since the birth of T.K. Parikutty, the first person to bring a National Award to Malayalam cinema
Next Story