നാടോടിക്കാറ്റ് മുതൽ മണിച്ചിത്രത്താഴ് വരെ... മോഹൻലാൽ-ശോഭന ഓൺസ്‌ക്രീൻ കെമിസ്റ്റിറി ഇനിയും 'തുടരും'
text_fieldsമോഹൻലാലിന്റെ ഏറ്റവും മികച്ച ഓൺസ്ക്രീൻ ജോഡിയായിരുന്നു ഒരു കാലത്ത് ശോഭന. മോഹന്‍ലാല്‍-ശോഭന എന്നിവരെ പ്രധാന കഥാപാത്രമാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. ഏപ്രില്‍ 25ന് ചിത്രം തിയറ്ററിലെത്തും. മോഹന്‍ലാലിന്റെ കരിയറിലെ 360-മത്തെ സിനിമയാണിത്. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
രാജ് കപൂർ-നർഗീസ് ദത്ത് , ദിലീപ് കുമാർ-വൈജയന്തിമാല, പ്രേം നസീർ-ഷീല, എം.ജി.ആർ-സരോജ ദേവി എന്നിവർ മുതൽ അമിതാഭ് ബച്ചൻ-രേഖ , കമൽ ഹാസൻ-ശ്രീദേവി, ഷാരൂഖ് ഖാൻ-കാജോൾ വരെ ഇന്ത്യൻ സിനിമയിൽ ഐക്കണിക് ഓൺ സ്‌ക്രീൻ ജോഡികൾക്ക് ക്ഷാമം ഉണ്ടായിട്ടില്ല. ഈ താരജോഡികൾക്ക് യുവ തലമുറ നിന്ന് വരെ ഫാൻസുണ്ട്. അതുപോലെ വര്‍ഷങ്ങള്‍ക്കിപ്പുറം മോഹൻലാൽ-ശോഭന കോംമ്പോ എങ്ങനെ വര്‍ക്കാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും.
മോഹന്‍ലാലും ശോഭനയും മത്സരിച്ച് അഭിനയിച്ച് അഭ്രപാളിയില്‍ അവിസ്മരണീയമാക്കിയ നിരവധി കഥാപാത്രങ്ങളുണ്ട്. അമ്പതിലേറെ സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. താരങ്ങളായുള്ള വളർച്ച പരസ്പരം അടുത്ത് നിന്ന് കണ്ടവർ. ശോഭനയും മോഹൻലാലിനും മാത്രമായി ഒരു കെമിസ്ട്രിയുണ്ടെന്ന് ഏവരും പറയാറുണ്ട്.
കെ.എസ്. സേതുമാധവന്റെ 'അവിടത്തെ പോലെ ഇവിടെയും' (1985) എന്ന ചിത്രത്തിലൂടെ ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോൾ മോഹൻലാലിന് 25 വയസും ശോഭനക്ക് 15 വയസും മാത്രമായിരുന്നു പ്രായം. ബാലതാരമായി നിന്ന് മുൻനിര താരമായി മാറിയ അവർ ഒന്നിനുപുറകെ ഒന്നായി ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചു. ഇരുവരുടെയും കെമിസ്റ്റിറി പ്രേക്ഷകരിൽ പെട്ടെന്ന് തന്നെ ശ്രദ്ധ പിടിച്ചുപറ്റി. ജെ. ശശികുമാറിന്റെ അഴിയാത്ത ബന്ധങ്ങൾ (1985), അനുബന്ധം (1985), രംഗം(1985), ടി. പി ബാലഗോപാലൻ എം. എ (1986), കുഞ്ഞാറ്റക്കിളികൾ (1986), ഇനിയും കുരുക്ഷേത്രം(1986), അഭയം തേടി(1986), പടയണി എന്നീ സിനിമകളിലൂടെ മോഹൻലാലും ശോഭനയും വീണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.
വർഷങ്ങൾ കടന്നുപോകുന്തോറും, സാധാരണ ഹാപ്പിലി എവർ ആഫ്റ്റർ എന്ന ട്രോപ്പിന് അപ്പുറം, ചലച്ചിത്ര നിർമാതാക്കൾ അവരുമായുള്ള പക്വമായ പ്രണയങ്ങൾ പര്യവേക്ഷണം ചെയ്യാൻ തുടങ്ങി. പ്രിയദർശന്റെ വെള്ളാനകളുടെ നാട് (1988) എന്ന സിനിമയിൽ മോഹൻലാലും ശോഭനയും കോളേജ് പ്രണയിനികളായി അഭിനയിച്ചു. ആര്യൻ (1988), കമലിന്റെ ഉള്ളടക്കം (1991), ടി. കെ രാജീവ് കുമാറിന്റെ പവിത്രം (1994), പക്ഷി (1994) തുടങ്ങിയ സിനിമകളിൽ വിരഹ വേദന അനുഭവിക്കുന്ന പ്രണയിനികളായും അവർ ഒരുമിച്ചു. സിബി മലയിലിന്റെ മായ മയൂരത്തിലും (1993) അവരുടെ കഥാപാത്രങ്ങൾ ഒന്നിക്കുന്നതായി കാണിക്കാതെ അവസാനിച്ചു.
തേന്മാവിൻ കൊമ്പത്ത്, മിന്നാരം എന്നീ ചിത്രങ്ങൾ മോഹൻലാൽ-ശോഭന കോമ്പോയെ ഒരു പടി കൂടി ഉയർത്തിയ ചിത്രങ്ങളായിരുന്നു. ഐ.വി. ശശിയുടെ 'ശ്രദ്ധ' യിലൂടെ ഇവർ വീണ്ടും ഒന്നിച്ചെങ്കിലും ഐ.വി ശശിക്ക് ആ ഹൈപ്പ് നിലനിർത്താൻ കഴിഞ്ഞില്ല. ഫാസിലിന്റെ ക്ലാസിക് സൈക്കോളജിക്കൽ ത്രില്ലറായ മണിച്ചിത്രത്താഴിൽ (1993) ഇരുവരും പെയറുകളല്ലെങ്കിലും കോമ്പോ സീനുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. 2004 ൽ മാമ്പഴക്കാലം എന്ന സിനിമയിലാണ് ശോഭനയും മോഹൻലാലും നായികയുമായി അവസാനമായി അഭിനയിച്ചത്.