നോ അദർ ലാൻഡ്
text_fieldsബാസിൽ അദ്റയും യുവാൽ എബ്രഹാമും
ഓരോ ദിനവും ഉറക്കമുണർന്ന് മൊബൈൽ ഫോണെടുത്ത് മറ്റെതൊരു ഫലസ്തീനിയെയും പോലെ അലാഅ് ഹത്ലീനും വാട്സ്ആപ് സന്ദേശങ്ങൾ അരിച്ചുപെറുക്കും. മസാഫിർ യത്ത എന്ന വെസ്റ്റ് ബാങ്ക് പ്രവിശ്യയിൽ പോയ രാത്രിയിൽ ആരുടെ വീടും കിടപ്പാടവുമാണ് പുതിയതായി ഇസ്രായേൽ സൈനിക ബുൾഡോസറുകൾ നിരപ്പാക്കിയതെന്നാണ് ഒന്നാമത്തെ തിരച്ചിൽ. വീടില്ലാതായവന്റെ വിലാപം ഒരു നാൾ തന്നെയും തേടിയെത്തുമെന്ന ആധി അലാഇനുണ്ട്.
അവൻ നിനച്ചിരിക്കാത്ത ഒരു ദിനത്തിൽ, അഥവാ, ഫെബ്രുവരി 18ന് ശപിക്കപ്പെട്ട ആ ഭീകരത അവന്റെ വീട്ടുപടിക്കലുമെത്തി. മസാഫിർ യത്തയോടു ചേർന്ന ഉമ്മുൽ ഖൈർ ഗ്രാമത്തിലെ കുടുംബ വീട്ടിൽ മാതാവിനൊപ്പം വിശ്രമിക്കുകയാണ് അലാഅ്. ഉറക്കെ നിലവിളിച്ച് ഉമ്മ വന്നുവിളിക്കുന്നു. പന്തികേട് മണത്ത് ഇറങ്ങി നോക്കിയപ്പോൾ പുറത്ത് ഇസ്രായേൽ സൈനികരും കൂടെ ബുൾഡോസറുകളുമുണ്ട്. അരമണിക്കൂർ നേരം അവരോട് കേണുനോക്കിയെങ്കിലും ബുൾഡോസറിനെയോ അതിനെക്കാൾ കടുത്ത ഹൃദയമുള്ള സൈനികരെയോ ബോധ്യപ്പെടുത്താൻ അവനാകുമായിരുന്നില്ല, ആ ഉമ്മയുടെ വിലാപങ്ങൾക്കും. ഇരുവരെയും അക്ഷരാർഥത്തിൽ നിശ്ശൂന്യരാക്കി മിനിറ്റുകൾക്കുള്ളിൽ ആ കുഞ്ഞുവീട് കോൺക്രീറ്റ് കൂനകളാക്കപ്പെട്ടു. അവർ പോയി. അലാഅ്യും ബന്ധുക്കളും സഹോദരന്റെ വീടിന് പുറത്ത് കെട്ടിയുയർത്തിയ ഒരു തമ്പിനകത്തും...
‘വേദനിക്കുന്ന’ പുരസ്കാരം
നെഞ്ചുലക്കുന്ന, ഹൃദയം നുറുങ്ങുന്ന ഈ അനുഭവം അലാഇന്റെ കുടുംബത്തിനു മാത്രം സംഭവിച്ചല്ല. ആയിരങ്ങൾ വസിക്കുന്ന മസാഫിർ യത്തയിലെ ഓരോ ഫലസ്തീനിയുടേതുമാണ്. വെസ്റ്റ് ബാങ്കിലും ഗസ്സയിലും ജറൂസലമിലും പിന്നെ ഇസ്രായേലിലെ മറ്റിടങ്ങളിലും വീടും ഉറ്റവരെയും നഷ്ടപ്പെടുന്ന എല്ലാവരുടേതുമാണ്. ലോക സിനിമയുടെ പുരസ്കാരവേദിയായ ഓസ്കറിൽ ഇത്തവണ ഈ കഥ പറഞ്ഞ ഒരു ഡോക്യുമെന്ററി ആദരിക്കപ്പെട്ടിരുന്നു.
രണ്ട് ഫലസ്തീനികളും രണ്ട് ഇസ്രായേലികളും ചേർന്ന് സംവിധാനം ചെയ്തൊരുക്കിയ ‘നോ അദർ ലാൻഡ്’ ആണ് ലോസ്ആഞ്ജലസിലെ ഹോളിവുഡ് ഡോൾബി തിയറ്ററിൽ 97ാമത് ഓസ്കർ പുരസ്കാര രാത്രിയെ സഫലമാക്കിയത്. ആദരമേറ്റുവാങ്ങി വേദിയേറിയ ഫലസ്തീനി സന്നദ്ധ പ്രവർത്തകൻ ബാസിൽ അദ്റയും ഇസ്രായേൽ അന്വേഷണാത്മക മാധ്യമ പ്രവർത്തകൻ യുവാൽ എബ്രഹാമും ചെറിയ വാക്കുകളിൽ ലോകത്തോടായി തങ്ങളുടെ സ്വപ്നങ്ങളും വിഹ്വലതകളുമെല്ലാം പറഞ്ഞുവെച്ചു.
‘‘ഞങ്ങൾ ജീവിക്കുന്ന ഭരണത്തിൽ ഞാൻ പൗരനിയമ പ്രകാരം സ്വതന്ത്രനും ബാസിൽ പട്ടാള നിയമത്തിന്റെ കുരുക്കിലുമാണ്. ഞങ്ങൾ ഒരേ ഇഴയിൽ ചേർന്നുനിൽക്കുന്നവരായി കാണാനാകുന്നില്ലേ നിങ്ങൾക്ക്? എന്റെയാളുകൾക്ക് യഥാർഥത്തിൽ സുരക്ഷിതരാകാൻ ബാസിലിന്റെ ജനത അതേ അർഥത്തിൽ സ്വതന്ത്രരുമാകണ്ടേ?’’ –ഓസ്കർ വേദിയിൽ നിറഞ്ഞ കൈയടികൾക്കു മുന്നിൽ എബ്രഹാമിന്റെ വാക്കുകളിങ്ങനെ. ‘‘രണ്ട് മാസം മുമ്പാണ് ഞാൻ പിതാവായത്.
ഞാനിപ്പോൾ പിന്നിടുന്ന അതേ ജീവിതം തന്നെ അരുമ മകളും അനുഭവിക്കേണ്ടി വരരുതേ എന്നാണ് പ്രാർഥന. കൊടിയ അക്രമം, വീടുകൾ തകർക്കൽ, നിർബന്ധിത കുടിയിറക്കൽ എന്നിങ്ങനെ... മസാഫിർ യത്തയിലെ എന്റെ സമൂഹം ഇപ്പോൾ അനുഭവിക്കുന്നതിതൊക്കെയാണ്’’ –അദ്റക്ക് പങ്കുവെക്കാനുണ്ടായിരുന്നത് ഇങ്ങനെ. ഹംദാൻ ബിലാൽ, റേച്ചൽ സോർ എന്നിവർക്കും ലോകത്തെ അറിയിക്കാനുണ്ടായിരുന്നത് സമാന വാക്കുകൾ.
മനസ്സാക്ഷിയുടെ അൽഗോരിതം
2024ൽ ഇറങ്ങി ബർലിനിലടക്കം എണ്ണമറ്റ ഫിലിം ഫെസ്റ്റിവലുകളിൽ ഇതിനകം ശ്രദ്ധനേടിയ ‘നോ അദർ ലാൻഡ്’ അമേരിക്കയിൽ പ്രധാന തിയറ്ററുകളിലെവിടെയുമെത്തിയിട്ടില്ല. അത്യപൂർവമായി ധൈര്യം കാണിച്ച ചിലതിലൊഴികെ. നെറ്റ്ഫ്ലിക്സും ഡിസ്നിയും ആമസോണും വാഴുന്ന ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വഴിയും ലോകം ഇത് കാണില്ല. യൂട്യൂബിന്റെ അൽഗോരിതങ്ങളും ഫലസ്തീനികളെ പടിക്കുപുറത്ത് നിർത്തുന്നതായതിനാൽ നിങ്ങൾക്കിത് ലഭിക്കാൻ പ്രയാസം. ലോകം പക്ഷേ, അതിലേറെ വളർന്നുകഴിഞ്ഞതിനാൽ ‘നോ അദർ ലാൻഡ്’ കാണാൻ എല്ലാ വഴികളും അടഞ്ഞില്ലെന്നു മാത്രം. നൂറ്റാണ്ടിനരികെ നിൽക്കുന്ന ഓസ്കറിൽ ഒരു ഫലസ്തീനി ആദരിക്കപ്പെടുന്നത് ചരിത്രത്തിലാദ്യം. അതും ലോകം പരസ്യമായും നിശ്ശബ്ദമായും പിന്തുണച്ചുപോരുന്ന ഇസ്രായേൽ അധിനിവേശത്തിന്റെ ഭീകരതകൾ തുറന്നുകാട്ടിയതിനായത് വിരോധാഭാസമാകാം.
കുടിയിറക്കലിന്റെ കഥ
1980കൾ മുതൽ ഇസ്രായേൽ കണ്ണുവെച്ചതാണ് മസാഫിർ യത്ത. ‘ഫയറിങ് സോൺ 918’ എന്നു പേരിട്ട് സൈനിക പരിശീലനത്തിനെന്ന പേരിൽ കണ്ണായ ആ ഭൂമി കൈയേറാനാണ് പദ്ധതി. പതിറ്റാണ്ടുകളും അതിലേറെയുമായി ഇവിടെ കഴിഞ്ഞുപോരുന്ന ഫലസ്തീനി കുടുംബങ്ങളെ അതിനായി കുടിയിറക്കണം. 1999 മുതൽ അവിടെ നിരങ്ങുന്നുണ്ട്. ഇതിനെതിരെ നിയമവഴി തേടിയ ഫലസ്തീനികളുടെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കോടതി വ്യവഹാരങ്ങളും അവസാന പ്രതീക്ഷകളും അവസാനിപ്പിച്ച് 2022 മേയിൽ ഇസ്രായേൽ ഹൈകോടതി മസാഫിർ യത്തയിലെ എല്ലാ ഗ്രാമങ്ങളും തകർക്കാനും നാട്ടുകാരെ കുടിയിറക്കാനും അനുമതി നൽകി.
ഇതിന്റെ കഥയാണ് ‘നോ അദർ ലാൻഡ്’. സൈനികരും ബുൾഡോസറുകളും മാത്രമല്ല, അയൽപക്കങ്ങളിൽ സുഭിക്ഷമായി കഴിഞ്ഞുകൂടുന്ന ഇസ്രായേലീ കുടിയേറ്റക്കാരും യത്തയിലെ നിരപരാധികൾക്കുനേരെ ക്രൂരതകളുമായി രംഗത്തുണ്ട്. കൃഷി ഭൂമി നശിപ്പിച്ചും രാത്രികാലങ്ങളിലെത്തി വീടുകളിലുള്ളവരെ പരിക്കേൽപിച്ചും ഭീതി വിതക്കും ഇവർ. ഡോക്യുമെന്ററി ഇതിന്റെ നേർക്കാഴ്ചകളും പങ്കുവെക്കുന്നുണ്ട്.
ഉള്ളുപൊള്ളുന്ന നേർക്കാഴ്ചകൾ
2010 മുതൽ 2023 വരെ നാലു വർഷങ്ങളിലായി ബാസിലും യുവാലും ചേർന്ന് പകർത്തിയ ദൃശ്യങ്ങളാണ് പ്രധാനമായും ഡോക്യുമെന്ററിയിലെ കാഴ്ചകൾ. മാതാപിതാക്കൾ മുമ്പ് പകർത്തിയ ചിലതുകൂടി ചേരുവയായുണ്ട്. എന്നുവെച്ചാൽ, കൃത്രിമമായ സെറ്റ് ഒരുക്കി എടുത്ത ഒന്നും ഇതിലില്ല. ഇസ്രായേൽ സേന നടത്തിയ പച്ചയായ അധിനിവേശത്തിന്റെയും മഹാക്രൂരതകളുടെയും ഉള്ളുപൊള്ളുന്ന കാഴ്ചകൾ മാത്രം. ഒരിക്കൽ യുവാൽ അബ്രഹാം ദൃശ്യങ്ങൾ പകർത്തുമ്പോൾ ആക്രോശവുമായി എത്തിയ ഇസ്രായേൽ സൈനികനോട് ഞാനും ഹീബ്രു സംസാരിക്കുന്നവനാണെന്ന് പറഞ്ഞ് രക്ഷപ്പെടുന്ന രംഗമുണ്ട്. മറുവശത്ത്, ബാസിൽ വിഡിയോ പകർത്തുമ്പോൾ മാധ്യമ പ്രവർത്തകന്റെ തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും കൈയേറുന്നതുമുണ്ട്.
വർഷങ്ങളെടുത്ത് ഷൂട്ട് ചെയ്ത സിനിമ എഡിറ്റ് ചെയ്യാൻപോലും ഇരുവർക്കും നിർമാതാവ് ഹംദാനുമാകാതിരുന്നതും മറ്റൊരു കഥ. കാരണം, ഇസ്രായേൽ ഇവരെ കരിമ്പട്ടികയിൽ പെടുത്തിക്കഴിഞ്ഞിരുന്നു. ഒടുവിൽ വെസ്റ്റ് ബാങ്കിലെ വീട്ടിൽ കുഞ്ഞുസൗകര്യങ്ങൾക്കു നടുവിലായിരുന്നു ഹോളിവുഡ് ജയിക്കാനിരുന്ന ഈ ഡോക്യുമെന്ററിയുടെ എഡിറ്റിങ്. അടുത്തിടെ ഓസ്കറിന്റെ ബ്രിട്ടീഷ് പതിപ്പായ ‘ബാഫ്റ്റ’യിൽ ഡോക്യുമെന്ററി പടിക്കുപുറത്തു നിർത്തിയതുകൂടി ചേർത്തുവായിക്കണം.
‘ഫൈവ് ബ്രോക്കൺ കാമറാസ്’ എന്ന ഡോക്യുമെന്ററി മുമ്പ് സമാനമായി ഫലസ്തീൻ വിഷയം ലോകത്തിനു മുന്നിൽ എത്തിക്കുന്നതായുണ്ടായിരുന്നു. ‘നോ അദർ ലാൻഡ്’ പക്ഷേ, ഇസ്രായേൽ ഭീകരതയുടെ നേർചിത്രങ്ങൾക്ക് പുറമെ ഫലസ്തീനി-ഇസ്രായേലി സൗഹൃദത്തിന്റെ അനന്തസാധ്യതകളും പ്രമേയമാക്കുന്നു.