ദിൽവാലെ മറാത്ത മന്ദിർ
text_fields30 വർഷം തുടർച്ചയായി ഒരേ സിനിമ പ്രദർശിപ്പിച്ച ഒരു തിയറ്റർ. 1995 ഒക്ടോബർ 20ന് റിലീസ് ചെയ്ത ഷാറൂഖ് ഖാൻ-കജോൾ താരജോടികളുടെ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’യാണ് ഈ തിയറ്ററിനെ ഇത്രക്ക് ഫേമസ് ആക്കിയത്. 1952ൽ തുറന്ന, 1107 സീറ്റുകളുള്ള മുംബൈയിലെ ഐക്കോണിക് സിംഗ്ൾ-സ്ക്രീൻ തിയറ്ററായ മറാത്ത മന്ദിർ. ‘മുഗൾ-ഇ-ആസം’, ‘പാക്കീസ’ ഉൾപ്പെടെ നിരവധി ഐക്കോണിക് സിനിമകൾ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’യാണ് റെക്കോഡുകൾ തിരുത്തിക്കുറിച്ചത്. 30 വർഷമാണ് തുടർച്ചയായി ഈ ചിത്രം പ്രദർശിപ്പിച്ചത്. ഇപ്പോഴും പ്രദർശനം തുടരുന്നു. സാധാരണ ദിവസങ്ങളിൽ ഏകദേശം 70 മുതൽ 100 വരെയും വാരാന്ത്യങ്ങളിൽ 200 മുതൽ 300 വരെ കാഴ്ചക്കാരും ഉണ്ടാവാറുണ്ട്. പ്രേക്ഷകർ വരുന്നിടത്തോളം കാലം സിനിമ പ്രദർശിപ്പിക്കുന്നത് തുടരുമെന്ന് തിയറ്ററിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ മനോജ് ദേശായി പറയുന്നു.
മൈൽസ്റ്റോൺ ഫിലിം
ലണ്ടനിൽ വളർന്ന, തമാശക്കാരനായ രാജ് മൽഹോത്രയും (ഷാറൂഖ് ഖാൻ), അച്ഛന്റെ കടുപ്പമേറിയ ചിട്ടവട്ടങ്ങൾക്കുള്ളിൽ ജീവിക്കുന്ന സിമ്രാൻ സിങ് എന്ന ഇന്ത്യൻ പെൺകുട്ടിയും (കജോൾ) യൂറോപ്പിലെ ഒരു ട്രെയിൻ യാത്രയിൽ കണ്ടുമുട്ടുന്നിടത്താണ് കഥ തുടങ്ങുന്നത്. ഷാറൂഖ് ഖാൻ എന്ന നടനെ ‘റൊമാൻസ് കിങ്’ ആക്കി മാറ്റിയത് ഈ സിനിമയാണ്. കജോളുമായുള്ള കെമിസ്ട്രി അത്രമേൽ തീവ്രവും സ്വാഭാവികവുമായിരുന്നു. ഇതോടുകൂടി ഷാറൂഖ്-കജോൾ ജോടി ഒരു ബെഞ്ച്മാർക്ക് സെറ്റ് ചെയ്യുകയായിരുന്നു. ആദിത്യ ചോപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ എന്ന ഡി.ഡി.എൽ.ജെ ഹിന്ദി സിനിമയുടെ മുഖച്ഛായതന്നെ മാറ്റിമറിച്ച ചിത്രമാണ്. ആദിത്യ ചോപ്രയുടെ സംവിധാന അരങ്ങേറ്റ ചിത്രം യാഷ് ചോപ്രയാണ് നിർമിച്ചത്. അടുത്തിടെയാണ് ചിത്രത്തിന്റെ 30 വർഷം ആഘോഷിച്ചത്. ഇതിന്റെ ഭാഗമായി ലണ്ടനിലെ പ്രശസ്തമായ ലെസ്റ്റർ സ്ക്വയറിൽ രാജ്-സിമ്രാൻ പ്രണയ ജോടിയുടെ ഐക്കോണിക് പോസിലുള്ള വെങ്കല പ്രതിമ സ്ഥാപിക്കുന്നുണ്ട്. ഒരു ഇന്ത്യൻ സിനിമയിലെ കഥാപാത്രങ്ങൾക്ക് ലെസ്റ്റർ സ്ക്വയറിൽ ലഭിക്കുന്ന ആദ്യത്തെ ബഹുമതിയാണിത്. ഇവിടെവെച്ചാണ് രാജും സിമ്രാനും ആദ്യമായി കണ്ടുമുട്ടുന്നത്.
90കളിലെ തലമുറക്ക് ബോളിവുഡ് റൊമാൻസിന്റെ പുതിയ മാനം നൽകിയ ചിത്രംകൂടിയായിരുന്നു ഇത്. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരെ പ്രധാന കഥാപാത്രങ്ങളാക്കി വൻവിജയം നേടിയ ആദ്യത്തെ ഹിന്ദി ചിത്രങ്ങളിൽ ഒന്നാണിത്. വിദേശത്തെ ആധുനിക ജീവിതവും ഇന്ത്യൻ മൂല്യങ്ങളും ഉൾപ്പെടുത്തിയതുകൊണ്ടു തന്നെ ചിത്രത്തിന് കൂടുതൽ സ്വീകാര്യത ലഭിച്ചു. ബോളിവുഡിലെ എക്കാലത്തെയും മികച്ച ഓൺ-സ്ക്രീൻ ജോടിയായ ഷാറൂഖ് ഖാൻ-കജോൾ കൂട്ടുകെട്ടിന്റെ കെമിസ്ട്രിയും ചിത്രത്തിന്റെ വൻ വിജയത്തിന് പ്രധാന കാരണമാണ്. ജതിൻ-ലളിത് സംഗീതം നൽകിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ഹിറ്റാണ്. ‘തുജെ ദേഖാ തോ’, ‘മേഹന്ദി ലഗാ കെ രഖ്നാ’, ‘മേരെ ഖ്വാബോ മേം ജോ ആയെ’ തുടങ്ങിയ ഗാനങ്ങൾ ഇന്ത്യൻ വിവാഹങ്ങൾ ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ ഇപ്പോഴും ഒഴിച്ചുകൂടാനാവാത്തതാണ്.
സഞ്ചാരികളുടെ സ്വന്തം തിയറ്റർ
മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെയും ബസ് സ്റ്റാൻഡിന്റെയും അടുത്താണ് മറാത്ത മന്ദിർ എന്നതിനാൽ വിദേശസഞ്ചാരികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ ഈ ഐക്കോണിക് ചിത്രം കാണാൻ ഇവിടെ എത്തുന്നുണ്ട്. പ്രണയിതാക്കൾ, സ്കൂൾ, കോളജ് വിദ്യാർഥികൾ, ഓഫീസ് ജീവനക്കാർ, രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വരുന്നവർ, ടാക്സി ഡ്രൈവർമാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, കണ്ടന്റ് ക്രിയേറ്റർമാർ, സ്ഥിരമായി വരുന്ന പ്രേക്ഷകർ എന്നിവരും കാഴ്ചക്കാരിൽ ഉൾപ്പെടുന്നു. എല്ലാ ദിവസവും രാവിലെ 11.30നാണ് ഡി.ഡി.എൽ.ജെ ഷോ. 1950കളിലെ തിയറ്റർ ശൈലിക്ക് അനുസൃതമായി വിശാലമായ ലോബിയും വലിയ പ്രവേശന കവാടവും ഇവിടെയുണ്ട്. ഇടനാഴികളിൽ നിരത്തിയിട്ടുള്ള ചിത്രങ്ങളും ട്രോഫികളും ഈ സിനിമാശാലയുടെ സമ്പന്നമായ ചരിത്രത്തെയും നിലനിൽക്കുന്ന പാരമ്പര്യത്തെയും ഓർമിപ്പിക്കുന്നു.
നിർത്തൽ അറിയിപ്പ്, തിരിച്ചുവരവ്
1000 ആഴ്ചകൾ പൂർത്തിയാക്കിയപ്പോൾ സിനിമയുടെ പ്രദർശനം നിർത്തുമെന്ന് തിയറ്റർ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ആരാധകരുടെ ശക്തമായ പ്രതിഷേധവും നിരാശയും കാരണം ഈ തീരുമാനം പിൻവലിച്ചു. 2020 മാർച്ചിൽ ഇന്ത്യയിൽ കോവിഡ് 19 പടർന്നുപിടിച്ചതിനെ തുടർന്ന് നാലു മാസത്തോളം സിനിമയുടെ പ്രദർശനം നിർത്തിവെച്ചിരുന്നു. കോവിഡ് അവസാനിച്ച ഉടൻതന്നെ സിനിമയുടെ പ്രദർശനം പുനരാരംഭിക്കാൻ ആവശ്യപ്പെട്ട് നിരവധി ഫോൺ കോളുകളാണ് വന്നത്. ഒരു തിയറ്ററിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രദർശിപ്പിച്ച സിനിമ എന്ന റെക്കോഡ് ഡി.ഡി.എൽ.ജെക്ക് നേടിക്കൊടുത്തത് മറാത്ത മന്ദിറാണ്. ഇതൊരു സിനിമ തിയറ്റർ എന്നതിലുപരി ഒരു സാംസ്കാരിക ആകർഷണ കേന്ദ്രമായി മാറിയിട്ടുണ്ട്. വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണ് ഇതിന്റെ പ്രധാന ആകർഷണം. വാർഷിക ദിവസങ്ങളിൽ പ്രത്യേക പ്രദർശനങ്ങളും സിനിമയുടെ അണിയറപ്രവർത്തകരുമായുള്ള അഭിമുഖങ്ങളും ഓർമപ്പെടുത്തലുകളും ഉണ്ടാകാറുണ്ട്. മറ്റ് പുതിയ റിലീസുകളും ഇവിടെ പ്രദർശിപ്പിക്കാറുണ്ട്. ചുരുക്കത്തിൽ മറാത്ത മന്ദിർ ഒരു തിയറ്റർ എന്നതിലുപരി, അത് ഇന്ത്യൻ സിനിമാചരിത്രത്തിന്റെയും മുംബൈ നഗരത്തിന്റെ സാംസ്കാരിക ഭൂമികയുടെയും ഒരു പ്രധാന ഭാഗമാണ്.


