ദേശീയാംഗീകാര നിറവിൽ ചെറുവയല്‍ രാമന്‍റെ ജീവിതം പ്രമേയമായ ‘നെകൽ’
text_fieldsവയനാട്ടില്‍ നിന്നും അന്യം നിന്നുപോയ നൂറില്‍പ്പരം പാരമ്പര്യ നെല്‍വിത്തുകളില്‍ നിന്നും 32 ഇനത്തെ വരും തലമുറക്കായി സംരക്ഷിക്കുന്ന ചെറുവയൽ രാമന്റെ ജീവിതം പകർത്തിയ ഡോക്യു ഫിലിം ആണ് ‘നെകൽ: നെല്ലുമനുഷ്യന്‍റെ കഥ’. മലയാളികള്‍ക്ക് ഏറെ സുപരിചിതനായ കര്‍ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ചെറുവയല്‍ രാമന്‍, പഴശ്ശിപ്പടക്കൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരെ പടവാളേന്തിയ കുറിച്യ സമുദായത്തിന്‍റെ പ്രതിനിധി കൂടിയാണ്. ആ ജീവിതവും ഒപ്പം തനത് കൃഷി രീതികളും പ്രതിപാദിക്കുന്ന ഡോക്യു ഫിലിം ദേശീയ ചലച്ചിത്ര അക്കാദമിയുടെ പ്രത്യേക പരാമർശത്തിനർഹമായിരിക്കുന്നു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എം.കെ രാംദാസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.
വയനാട്ടില്‍ ജോലി സംബന്ധമായ അലച്ചിലിനിടെയാണ് മാനന്തവാടിയില്‍ തനത് നെൽവിത്തുകള്‍ മാത്രം കൃഷി ചെയ്യുന്ന രാമനെ രാംദാസ് പരിചയപ്പെടുന്നത്. 500 വര്‍ഷം വരെ പഴക്കമുള്ള വിത്തുകള്‍ സംരക്ഷിച്ച് കൃഷി ചെയ്യുന്ന രാമന്‍റെ ജീവിതം ഒരു ഡോക്യുമെന്‍റ് ആയി സൂക്ഷിക്കേണ്ടതാണെന്ന് അന്ന് രാംദാസ് ഉറപ്പിച്ചു. 2018 മുതല്‍ ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ദീര്‍ഘനാളത്തെ നിരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി രാമനോടൊപ്പം കൂടി. അതിന്റെ ഒടുവിൽ ചെറുവയൽ രാമന്റെ ജീവിതം ദൃശ്യ രേഖകളായി.
തലമുറകളായി കൈവശം വന്നുചേര്‍ന്നതും സംഭരിച്ചതുമായ നിരവധി നെല്‍വിത്തുകള്‍ രാമന്റെ ശേഖരത്തിലുണ്ട്. കൈവശമുള്ള വിത്തുകൾ വയലില്‍ കൃഷിയിറക്കി ഉല്‍പാദിപ്പിച്ച് അവ ശേഖരിച്ച് സംരക്ഷിക്കുകയാണ് ചെറുവയൽ രാമന്‍ ചെയ്യുന്നത്. അമ്മാവന്റെ കൈവശമുണ്ടായിരുന്ന ആറ് ഇനം നെല്ലിനങ്ങളുമായാണ് അദ്ദേഹം കൃഷി ആരംഭിച്ചത്. പിന്നീട് പലയിടങ്ങളിൽ നിന്നായി തനത് നെല്ലിനങ്ങൾ ശേഖരിച്ച് കൃഷി ചെയ്‌തു.
ഈ വലിയ ആശയം മുന്നോട്ടുവെക്കാൻ ഈ പുരസ്കാരം സഹായിക്കുമെന്ന് രാംദാസ് പറഞ്ഞു. നേരത്തെ പല പുരസ്കാരത്തിനും ചിത്രം സമർപിച്ചിരുന്നുവെങ്കിലും ആരും പരിഗണിച്ചില്ലെന്നും ഈയൊരു സമീപനം മാറണമെന്നും അദ്ദേഹം പ്രതികരിച്ചു.
ശാസ്ത്രീയമായ പിന്തുണയോടെ സംരക്ഷിക്കേണ്ട നെൽവിത്തുകൾ പരമ്പരാഗതമായ സംവിധാനത്തിലൂടെയാണ് അദ്ദേഹം സംരക്ഷിച്ചിരിക്കുന്നത്. അത് മനസ്സിലാക്കുമ്പോഴാണ് ആ മനുഷ്യന്റെ മഹത്വം മനസ്സിലാവുകയെന്നും അദ്ദേഹം പറഞ്ഞു.