കൗമാരക്കാരുടെ ഉള്ളറകളിൽ എന്താണ്? ചർച്ചയായി 'അഡോളസെൻസ്'
text_fieldsകൗമാരത്തിന്‍റെ അസ്വസ്ഥതകള്‍, മാനസിക സമ്മര്‍ദങ്ങള്‍, വികാരവിചാരങ്ങള്‍ എന്നിവയൊക്കെ സൈബർ ലോകത്ത് ചർച്ചയാക്കിയ ഒരു സീരിസ്. പ്രായഭേദമന്യേ എല്ലാവരും കാണണമെന്ന് ഒരേ സ്വരത്തിൽ ആവർത്തിക്കുന്ന സീരിസ്. സ്റ്റീഫൻ ഗ്രഹാമും ജാക്ക് തോണും തിരക്കഥ രചിച്ച് ഫിലിപ് ബാരന്റീൻ സംവിധാനം ചെയ്ത് നെറ്റ് ഫ്ളികിസിൽ സ്ട്രീമിങ് ചെയ്യുന്ന അഡോളസെൻസ് സീരിസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാർച്ച് 13നാണ് അഡോളസെൻസ് സ്ട്രീമിങ് തുടങ്ങിയത്.
വിദേശ ഭാഷ വെബ് സീരീസുകൾക്ക് ഇന്ത്യയിൽ വലിയ സ്വീകാര്യതയാണുള്ളത്. ബ്രേക്കിങ് ബാഡ്, ഗെയിം ഓഫ് ത്രോൺസ് തുടങ്ങി നിരവധി സീരീസുകളാണ് ഇന്ത്യയിൽ ആരാധകരെ സൃഷ്ടിച്ചിട്ടുള്ളത്. എന്താണ് നമ്മുടെ കൗമാരക്കാരെ ബാധിക്കുന്നത്? സമപ്രായക്കാരിൽ നിന്ന് നേരിടേണ്ടി വരുന്ന സമ്മർദങ്ങൾ, സമൂഹ മാധ്യമങ്ങളുടെ മോശം സ്വാധീനം, പെൺകുട്ടികളോട് തോന്നുന്ന അമിതമായ താല്പര്യം, നൈരാശ്യം, അവഗണന, പക, സൈബർ ബുള്ളിയിങ്, ടോക്സിക് മസ്‌കുലിനിറ്റി, സ്ത്രീ വിരുദ്ധത, ലിംഗ വിവേചനം... അങ്ങനെ ഒരുപാട് വിഷയങ്ങളിലൂടെയാണ് നാല് എപ്പിസോഡുകളുള്ള അഡോളസെൻസ് കടന്നുപോകുന്നത്.
80കളിൽ യഥാർത്ഥ കൗമാര ജീവിതത്തിന്‍റെ സങ്കീർണതകൾ വളരെ അപൂർവമായി മാത്രമേ പകർത്തിയിട്ടുള്ളൂ. 90കളിൽ വൈകാരിക ആഴവും സങ്കീർണമായ കഥാപാത്രങ്ങളും വന്നു. വ്യക്തിത്വം, വിഷാദം, കുടുംബ പ്രശ്നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന യഥാർത്ഥ വൈകാരിക അനുഭവങ്ങൾ കഥാപാത്രങ്ങൾക്ക് ഉണ്ടാകാൻ തുടങ്ങി. 20കളിൽ ആസക്തി, സുഖം, സങ്കീർണത എന്നിവ ഗ്ലാമറൈസ് ചെയ്യാൻ തുടങ്ങി. 2010 ആയപ്പോഴേക്കും ഇന്റർനെറ്റ് കൗമാരക്കാരെ സ്വാധീനിക്കാൻ തുടങ്ങി. ആത്മഹത്യ, മയക്കുമരുന്ന് എന്നീ വിഷയങ്ങളും ചർച്ചയായി.സെക്‌സ് എഡ്യൂക്കേഷൻ പോലുള്ള സീരിസുകൾ സ്റ്റീരിയോടൈപ്പുകൾ തകർക്കുകയും നർമത്തിലൂടെ ഗൗരവമായ കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
കൗമരക്കാരുടെ ഓണ്‍ലൈന്‍ അഡിക്ഷനും, ഹിംസ സ്വഭാവവും ചൂണ്ടിക്കാട്ടുന്ന സീരിസാണ് അഡോളസെൻസ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്കൂളുകളിലും പാർലമെന്റിലും ഈ സീരിസ് പ്രദർശിപ്പിക്കണമെന്ന ആഹ്വാനത്തിന് ബ്രീട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമാര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് മണിക്കൂറോളം ദൈര്‍ഘ്യമാണ് സീരീസിനുള്ളത്. ഓരോ എപ്പിസോഡും ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന പ്രത്യേകതയും ഈ സീരീസിനുണ്ട്. നെറ്റ്ഫ്ളിക്‌സില്‍ റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ യു.കെയിലും യു.എസിലും ഏറ്റവും കൂടുതല്‍ സ്ട്രീം ചെയ്യപ്പെട്ട സീരീസായി അഡോളസെന്‍സ് മാറി.