'ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും'; പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ പുറത്ത്
text_fieldsഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായെത്തുന്ന പള്ളിച്ചട്ടമ്പിയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്. അവധിക്കാലം ആഘോഷിക്കാനായി ലോകമെമ്പാടും ഏപ്രിൽ 10ന് ചിത്രം റിലീസ് ചെയ്യും. സൗദി അറേബ്യയിൽ ഏപ്രിൽ രണ്ടിനു നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലൂടെയായിരുന്നു ട്രെയിലർ പ്രകാശനം.
സൗദി അറേബ്യയിൽ ഇത്തരമൊരു സിനിമാചടങ്ങ് നടക്കുന്നത് ഇതാദ്യമാണ്. സംവിധായകൻ ഡിജോ ജോസ് ആന്‍റണി, ടൊവിനോ തോമസ്, നായിക കയാദു ലോഹർ എന്നിവരാണ് ചടങ്ങിൽപങ്കെടുത്തത്. വലിയ ജന പങ്കാളിത്തത്തോടെയാണ് ചടങ്ങ് നടന്നത്. വേൾഡ് വൈഡ് ഫിലിംസ് ആന്‍റ് സീക്യൂബ് ബ്രോസ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ നൗഫൽ, ബ്രജോഷ് മുഹമ്മദ് ചാണക്യചരൺ, ചൈതന്യ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
1957,58 കാലഘട്ടങ്ങളിലെ ഇടുക്കി ജില്ലയിലെ ഒരു മലയോര കാർഷിക ഗ്രാമത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ വലിയ താരനിരയുടെ അകമ്പടിയോടെയാണ് ചിത്രമെത്തുന്നത്. മലയാള സിനിമ കുറച്ച് നാളായി മിസ് ചെയ്യുന്ന, ഗ്രൗണ്ടഡ് ആയ മാസ് ആക്ഷന്‍ ചിത്രമായിരിക്കും പള്ളിച്ചട്ടമ്പിയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വന്‍ താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പി.
ദാദാ സാഹിബ്, ശിക്കാർ, ഒരുത്തീ തുടങ്ങിയ ചിത്രങ്ങൾക്ക് പേരുകേട്ട എസ്. സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ടിജോ ടോമി, എഡിറ്റർ ശ്രീജിത്ത് സാരംഗും സംഗീത സംവിധായകൻ ജേക്സ് ബിജോയും ആണ്. വേൾഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രദേഴ്സ് എന്നിവയുടെ ബാനറുകളിൽ നൗഫൽ, ബ്രിജീഷ്, സിസിസി ബ്രദേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.


