ജാതിരാഷ്ട്രീയം പ്രമേയമാക്കി ‘പന്തം’; മെക്കാർട്ടിൻ നായകനാകുന്ന ചിത്രത്തിന്റെ സെൻസറിങ് നടപടികൾ പൂർത്തിയായി
text_fieldsസംവിധായകൻ മെക്കാർട്ടിൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പന്തം’ സിനിമയുടെ സെൻസറിങ് നടപടികൾ പൂർത്തിയായി. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചതായി അണിയറപ്രവർത്തകർ അറിയിച്ചു. ജാതിരാഷ്ട്രീയത്തെ പ്രധാന പ്രമേയമാക്കി ഒരുക്കിയ ചിത്രം ഉടൻ തിയറ്ററുകളിലെത്തും.
‘പഞ്ചാബി ഹൗസ്’, ‘തെങ്കാശിപ്പട്ടണം’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മെക്കാർട്ടിൻ അഭിനയരംഗത്തേക്ക് കടന്നുവരുന്ന ചിത്രം കൂടിയാണ് ‘പന്തം’. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. പുതുമുഖങ്ങളായ വിഷ്ണു മുകുന്ദൻ, നീതു മായ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 'കാക്ക’ എന്ന ശ്രദ്ധേയ ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധ നേടിയ അജു അജീഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു അജീഷും ഷിനോജ് ഈനിക്കലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം.എസ്. ശ്രീധറും വിപിൻ വി. രാജും ഛായാഗ്രഹണം നിർവഹിക്കുന്നു. എബിൻ സാഗറാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്.
വെള്ളിത്തിര പ്രൊഡക്ഷൻസിന്റെയും റൂമ ഫിലിം ഫാക്ടറിയുടെയും ബാനറുകളിൽ അൽത്താഫ് പി.ടിയും റൂമ വി.എസും ചേർന്നാണ് നിർമാണം. ജാതിവ്യവസ്ഥയും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ-സാമൂഹിക യാഥാർഥ്യങ്ങളും ചർച്ച ചെയ്യുന്ന ചിത്രമെന്ന നിലയിൽ ‘പന്തം’ ഇതിനകം ജനശ്രദ്ധ നേടിയിട്ടുണ്ട്. റിലീസ് തീയതി അണിയറപ്രവർത്തകർ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


