വത്തിക്കാനിൽ നിന്ന് വെള്ളിത്തിരയിലേക്ക്; 'ബിയോണ്ട് ദി സണി'ലെ പാപ്പ
text_fieldsയുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും സംഘർഷങ്ങളുടെയും നിഴലിലാണ്ടുപോയ ഈ കാലത്ത് സമാധാന ദൂതനായി ലോകമെമ്പാടും വർത്തിച്ച ഫ്രാൻസിസ് മാർപാപ്പ. 1936 ഡിസംബർ 17ന് അർജനന്‍റീനയിലെ ബ്യൂണസ് ഐറിസിൽ റെയിൽവേ തൊഴിലാളിയുടെ മകനായാണ് ജോർജ് മാരിയോ ബർഗോളിയോ ജനിച്ചത്. 56 വർഷം മുമ്പ് വൈദികനായ അദ്ദേഹം 2001ൽ കർദിനാളായി. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ രാജിപ്രഖ്യാപനത്തെത്തുടർന്ന് ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന അദ്ദേഹം 2013 മാർച്ച് 13ന് 266-ാമത്തെ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.
മാർപാപ്പയുടെ ജീവിതത്തിലെ അത്ര അറിയപ്പെടാത്ത ഒരു വശമാണ് സിനിമയോടുള്ള അദ്ദേഹത്തിന്‍റെ ആഴമായ സ്നേഹം. ഫീച്ചർ സിനിമയിൽ പ്രത്യക്ഷപ്പെട്ട ആദ്യ പോപ്പ് എന്ന വിശേഷണം ഫ്രാൻസിസ് മാർപാപ്പക്കാണ്. 'ബിയോണ്ട് ദി സൺ' എന്ന സിനിമയിൽ, ഫ്രാൻസിസ് മാർപാപ്പ ഒരു കൂട്ടം കുട്ടികൾക്കൊപ്പം യേശുവിനെ കുറിച്ച് വിവരിക്കുന്ന ഒരു രംഗമുണ്ട്. ഏകദേശം ആറ് മിനിറ്റ് ദൈർഘ്യമുള്ള രംഗം വത്തിക്കാനിനുള്ളിൽ തന്നെയാണ് ചിത്രീകരിച്ചത്. യേശുവിനെ അന്വേഷിച്ച് വീട്ടിൽ നിന്ന് ഓടിപ്പോകാൻ തീരുമാനിക്കുന്ന ഒരു കൂട്ടം കുട്ടികളെ ചുറ്റിപ്പറ്റിയാണ് ചിത്രം വികസിക്കുന്നത്.
അതേസമയം ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ശ്രദ്ധേയമായ ചിത്രീകരണം ഇതിഹാസ ജർമ്മൻ ചലച്ചിത്ര നിർമാതാവ് വിം വെൻഡേഴ്‌സ് സംവിധാനം ചെയ്ത ഡോക്യുമെന്ററിയിലാണ്. 2018ൽ ഇറങ്ങിയ 'പോപ്പ് ഫ്രാൻസിസ്: എ മാൻ ഓഫ് ഹിസ് വേഡ്' ഡോക്യുമെന്ററിയിൽ പാപ്പയുടെ ദൈനംദിന ജീവിതത്തിൽ നിന്നുള്ള അഭിമുഖങ്ങളും ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നും മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച മഹാഇടയൻ നിത്യതയിലേക്ക് മടങ്ങിയിരിക്കുകയാണ്. തിങ്കളാഴ്ച പുലർച്ചെയാണ് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചത്. പാപ്പയുടെ വിയോഗം പക്ഷാഘാതവും ഹൃദയാഘാതവും കാരണമാണെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു. ഫ്രാൻസിസ് മാർപാപ്പക്ക് പകരം വെക്കാനാകില്ലെങ്കിലും ആരാകും അടുത്ത മാർപാപ്പയെന്ന ചർച്ചയിലാണ് ലോകം. പിൻഗാമി ആരെന്ന കാര്യത്തിൽ വത്തിക്കാൻ ഒരു സൂചനയും നൽകിയിട്ടില്ല.