സിനിമയുടെ ലോകത്തേക്ക് നിന്നെ വലിച്ചിഴച്ചത് ഞാനാണ്; ഇന്ത്യ കണ്ട ഏറ്റവും വലിയ കലാസംവിധായകൻ - ശേഖറിനെക്കുറിച്ച് പ്രിയദർശൻ
text_fieldsകെ. ശേഖർ, പ്രിയദർശൻ
മലയാള സിനിമയിലെ പ്രശസ്ത കലാസംവിധായകൻ കെ. ശേഖറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സംവിധായകൻ പ്രിയദർശൻ. തനിക്ക് സിനിമയിലേക്കു വരാൻ പ്രചോദനമായ ഏറ്റവും അടുത്ത സുഹൃത്ത്, ഇന്ത്യ കണ്ട ഏറ്റവും വലിയ കലാസംവിധായകനായിരുന്നു അദ്ദേഹമെന്നും പ്രിയദർശൻ കുറിച്ചു. പ്രിയപ്പെട്ട ശേഖര്‍, നിനക്കെന്റെ ആയിരം ആദരാഞ്ജലികള്‍ എന്ന തലക്കെട്ടോടെയാണ് പ്രിയദർശൻ കുറിപ്പ് പങ്കുവെച്ചത്.
'കോളേജ് പഠനകാലത്ത് ഞാന്‍ കണ്ട ഏറ്റവും ബുദ്ധിമാനും എന്നെ സിനിമയിലേക്ക് കൊണ്ടുവരാന്‍ ഏറ്റവും പ്രചോദനം നല്കിയ സുഹൃത്തുമായിരുന്നു നീ. സിനിമയുടെ ലോകത്തേക്ക് നിന്നെ വലിച്ചിഴച്ചത് ഞാനാണ്. എ.ഐ യും ആനിമേഷനും ഒക്കെ വരുന്നതിനുമുമ്പ്, മൈ ഡിയര്‍ കുട്ടിച്ചാത്തന് എന്ന സിനിമയില്‍ അത്ഭുതകരമായ ആര്‍ട്ട് ഡയറക്ഷന്‍ ചെയ്ത് ഇന്ത്യയെ മുഴുവന്‍ ഞെട്ടിച്ചത് നീയാണ്. പിന്നെ നീ സിനിമയില്‍ നിന്ന് മാറി സഞ്ചരിച്ചു. ഇഷ്ടവഴികളിലൂടെ സ്വന്തം ഇഷ്ടം പോലെ നടക്കുന്നതായിരുന്നല്ലോ നിന്റെ ശീലം. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിനുശേഷം നീ സിനിമ വേണ്ടെന്നുവെച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ കലാസംവിധായകനായിരുന്നു ശേഖര്‍. വിപ്ലവകരമായ പ്രൊഡക്ഷന്‍ ഡിസൈനിലൂടെ ദൃശ്യവിസ്മയം തീര്‍ത്ത മഹാകലാകാരന്. ഒരിക്കല്‍കൂടി നിനക്കെന്റെ പ്രണാമം.' -പ്രിയദർശൻ ഫേസ് ബുക്കിൽ കുറിച്ചു.
ഇന്ത്യയിലെ ആദ്യ ത്രി ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ കലാസംവിധായകൻ എന്ന നിലയിലാണ് ശേഖർ പ്രശസ്തനാകുന്നത്. 1982ൽ ജിജോ പൊന്നൂസ് സംവിധാനം ചെയ്ത പടയോട്ടത്തിലൂടെ കോസ്റ്റ്യൂം പബ്ളിസിറ്റി ഡിസൈനറായാണ് സിനിമാ പ്രവേശനം. മൈ ഡിയർ കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാൻ...’ എന്ന ഗാനത്തിലെ കറങ്ങുന്ന മുറി ഒരുക്കിയത് ശേഖറിന്റെ കലാവിരുതായിരുന്നു. പിന്നീട്, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, ചാണക്യൻ, ഒന്നു മുതൽ പൂജ്യം വരെ, ദൂരദർശനിലെ ഹിന്ദി പരമ്പരയായ ബൈബിൾ കി കഹാനിയാം എന്നിവയുടെ കലാസംവിധായകനായി.
ചെന്നൈയിലെ കിഷ്കിന്ധ അമ്യൂസ്മെന്റ് പാർക്കിന്റെ രൂപകൽപ്പനയിലും ശേഖർ പങ്കാളിയായിരുന്നു. റിട്ട. അധ്യാപികയായ ജയന്തിയാണ് ഭാര്യ. ഏറെക്കാലമായി തിരുവനന്തപുരം സ്റ്റാച്യു ജങ്ഷൻ, ട്യൂട്ടേഴ്സ് ലെയിൻ പ്രേംവില്ലയിലായിരുന്നു താമസം. സംസ്കാരം തൈക്കാട് ശാന്തി കവാടത്തിൽ നടന്നു.


