കിരീടം സിനിമക്ക് ആദ്യം നിശ്ചയിച്ച പേര് 'ഗുണ്ട'യെന്ന് നിർമാതാവ്
text_fieldsതിരുവനന്തപുരം: 'ഗുണ്ട'യെന്നാണ് 'കിരീടം' സിനിമക്ക് ആദ്യം നിശ്ചയിച്ച പേരെന്ന് നിർമാതാവ് കിരീടം ഉണ്ണി. അന്ന് മറ്റൊരു സിനിമക്കായി നിശ്ചയിച്ച പേരായിരുന്നു കിരീടം. അതിന്റെ അണിയറ പ്രവർത്തകർ ഈ പേര് നിരസിച്ചതോടെ ഞാൻ എന്റെ പുതിയ പ്രോജക്ടിന് കിരീടമെന്ന പേര് എടുക്കുകയായിരുന്നു. ഇല്ലെങ്കിൽ ഇന്ന് ഞാൻ 'ഗുണ്ട ഉണ്ണി'യെന്നും കിരീടം പാലം 'ഗുണ്ട പാല'മെന്നുമൊക്കെ അറിയപ്പെട്ടേനെയെന്നും കിരീടം ഉണ്ണി പറഞ്ഞു.
കിരീടം സിനിമയുടെ 36-ാം വാർഷികത്തിന്റെയും ചിത്രത്തിലെ പ്രധാന വില്ലനെ അവതരിപ്പിച്ച കീരിക്കാടൻ ജോസെന്ന മോഹൻരാജിന്റെ ഒന്നാം ചരമവാർഷികത്തിന്റെയും ഭാഗമായി കിരീടംപാലം സാംസ്കാരിക വേദിയും മലയാളം ന്യൂസ് നെറ്റ്വർക്സും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ടാൽ ഭയപ്പെടുത്തുന്ന വില്ലനായിരുന്നെങ്കിലും വളരെ നിഷ്കളങ്കനായ മനുഷ്യനായിരുന്നു മോഹൻരാജെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. സി.കെ വത്സലകുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് മുൻ സ്പീക്കർ എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു.
അടുത്ത വർഷത്തെ ആഘോഷത്തിൽ ചിത്രത്തിലെ നായകനായ മോഹൻലാലിനെ കൊണ്ടുവരണമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ അഡ്വ. എം. വിൻസെന്റ് എം.എൽ.എ പറഞ്ഞു. കിരീടത്തിന്റെ നിർമാതാക്കളിൽ ഒരാളായ നടൻ ദിനേശ് പണിക്കർ, കിരീടം പാലം സാംസ്കാരിക വേദി കൺവീനർ ശാന്തിവിള പദ്മകുമാർ, കവിയും മാധ്യമപ്രവർത്തകനുമായ മഞ്ജു വെള്ളായണി, കലാധരൻ, ദീനദയാൽ സാംസ്കാരിക സമിതി ചെയർമാൻ ശാന്തിവിള വിനോദ്, ആചാര്യ ഫിലിം സൊസൈറ്റി പ്രസിഡന്റ് ലക്ഷ്മണാചാര്യ, ജാലകം സാംസ്കാരിക വേദി സെക്രട്ടറി ആനത്താനം രാധാകൃഷ്ണൻ, പൊതുപ്രവർത്തകൻ മുജീബ് റഹ്മാൻ, കവടിയാർ ദാസ്, നടി അഞ്ജിത തുടങ്ങിയവർ പങ്കെടുത്തു.