ഇന്ത്യൻ എഡിസൺ ജി.ഡി. നായിഡുവിന്റെ കഥയുമായി ആർ. മാധവൻ: ‘ജി.ഡി.എൻ’ റിലീസ് തിയതി പ്രഖ്യാപിച്ചു
text_fieldsജി.ഡി.എൻ
ചെന്നൈ: ജി. ഡി. നായിഡുവിന്റെ ജീവിതകഥ പറയുന്ന ആർ. മാധവൻ നായകനാകുന്ന ചിത്രം 'ജി.ഡി.എനിന്‍റെ’ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. റിലീസ് തീയതി അറിയിച്ചുകൊണ്ട് നിർമാതാക്കൾ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ഇതിനകം സിനിമാപ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു. ‘വികാരത്താൽ നയിക്കപ്പെടുകയും പാരമ്പര്യത്താൽ ഊർജ്ജം ഉൾക്കൊള്ളുകയും ചെയ്ത ഒരു മനുഷ്യന്റെ കഥ...’ എന്ന അടിക്കുറിപ്പോടെയാണ് അണിയറപ്രവർത്തകർ ഔദ്യോഗിക പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ചിത്രം ആഗസ്റ്റ് 7ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ഗോപാലസ്വാമി ദൊരൈസ്വാമി നായിഡു അസാധാരണമായ കണ്ടുപിടിത്തങ്ങളിലൂടെയും വ്യാവസായിക സംരംഭങ്ങളിലൂടെയും കോയമ്പത്തൂരിനെ ഒരു വ്യാവസായിക നഗരമാക്കി മാറ്റിയ പ്രമുഖനായ ഒരു ഇന്ത്യൻ എഞ്ചിനീയറും മനുഷ്യസ്‌നേഹിയുമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർ നിർമിച്ചതിന്റെ ബഹുമതി അദ്ദേഹത്തിനാണ്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഭാരതത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ജി. ഡി. നായിഡുവിന്റെ ശാസ്ത്രലോകത്തേക്കുള്ള കടന്നുവരവും, ഒരു സംരംഭകൻ എന്ന നിലയിൽ നേരിട്ട വലിയ വെല്ലുവിളികളുമാണ് ജി.ഡി.എൻ പറയുന്നത്.
കണ്ടുപിടുത്തങ്ങളിലൂടെ ഇന്ത്യയിലെ ജനങ്ങൾക്ക് ഉപകാരപ്രദവും ചെലവുകുറഞ്ഞതുമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്ത ജി. ഡി. നായിഡു ‘ഇന്ത്യയുടെ എഡിസൺ’ എന്നാണ് അറിയപ്പെടുന്നത്. മാധവന് പുറമെ ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങൾ ഒന്നിക്കുന്ന വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സത്യരാജ്, പ്രിയാമണി, ജയറാം, ദുഷാര വിജയൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കൃഷ്ണകുമാർ രാമകുമാറും ആർ. മാധവനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൃഷ്ണകുമാർ രാമകുമാർ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നമ്പി നാരായണന്റെ ജീവിത കഥ പറഞ്ഞ 'റോക്കട്രി: ദി നമ്പി ഇഫക്ട്' എന്ന ചിത്രത്തിന് ശേഷം മാധവൻ വീണ്ടുമൊരു ശാസ്ത്രജ്ഞന്റെ ജീവചരിത്ര സിനിമയുമായി എത്തുന്നു എന്ന പ്രത്യേകതയും 'ജി.ഡി.എൻ' ചിത്രത്തിനുണ്ട്. തൈക്കുടം ബ്രിഡ്ജ് ഫെയിം ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും ഒരുക്കുന്നത്.അരവിന്ദ് കമലനാഥൻ ഛായാഗ്രഹണവും ബിജിത്ത് ബാല എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. വർഗീസ് മൂലൻ പിക്ചേഴ്സിന്റെ ബാനറിൽ വർഗീസ് മൂലനും, മാധവനും ഭാര്യ സരിതയും ചേർന്നുള്ള ട്രൈ കളർ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.


