24 വർഷങ്ങൾക്ക് ശേഷം മംഗലശ്ശേരി നീലകണ്ഠനും മകനും തിരിച്ചെത്തുന്നു; രാവണപ്രഭു റീ റിലീസ് തീയതി പ്രഖ്യാപിച്ചു
text_fieldsഏകദേശം 24 വർഷങ്ങൾക്ക് ശേഷം റീ റിലീസിനൊരുങ്ങുകയാണ് മോഹൻലാൽ തകർത്ത് അഭിനയിച്ച മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റായ രാവണപ്രഭു. മാറ്റിനി നൗ ആണ് ചിത്രം റീ മാസ്റ്റർ ചെയ്ത് പുറത്തിറക്കുന്നത്. 4K ഡോൾബി അറ്റ്മോസിലാകും സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ഒക്ടോബർ 10ന് ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
2001ലായിരുന്നു രഞ്ജിത്തിന്റെ സംവിധാനത്തിൽ രാവണപ്രഭു എത്തിയത്. ഐ.വി. ശശിയുടെ സംവിധാനത്തില്‍ 1993ല്‍ പുറത്തിറങ്ങിയ മോഹൻലാലിന്റെ എവർക്ലാസ്സിക്ക് ചിത്രമായ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും ഇന്നും ഫാൻബേസ് ഉണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു സിനിമ നിർമിച്ചത്.
രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള തുടങ്ങിയ നീണ്ട നിര തന്നെ സിനിമയിലുണ്ട്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സുരേഷ് പീറ്റേഴ്സ് ആണ്. രാജാമണിയാണ് പശ്ചാത്തലസംഗീതം.
മോഹൻലാലിന്റെ പഴയ മറ്റു ചില ചിത്രങ്ങളും റീ റിലീസ് ചെയ്തിട്ടുണ്ട്. ‘സ്ഫടികം’, ‘ഛോട്ടാ മുംബൈ’, ‘ദേവദൂതൻ’ തുടങ്ങിയ ചിത്രങ്ങൾ അടുത്തിടെ വീണ്ടും റിലീസ് ചെയ്യുകയും ആരാധകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ നേടുകയും ചെയ്തു. മികച്ച ഷോകളും മികച്ച ബോക്സ് ഓഫിസ് കലക്ഷനുകളും അവ നേടി. നിരവധി ആരാധകർ ‘രാവണപ്രഭു’വിന്റെ റീ റിലീസിനായി കാത്തിരിക്കുകയായിരുന്നു.