ഓർമഅടിച്ചമർത്തൽ പ്രതിരോധം
text_fieldsബാറ്റില്‍ഷിപ് പൊട്ടെംകിന്‍
2025ല്‍നിന്ന് 2026ലേക്ക് കടക്കുന്നതിനിടെ, സിനിമാ വിചാരങ്ങളിലേക്ക് കണ്ണും കാതും പായിച്ചപ്പോള്‍, മൂന്ന് കാര്യങ്ങളാണ് ഏറ്റവും മുഴക്കത്തോടെ മനസ്സില്‍ പതിഞ്ഞത്. ‘ബാറ്റില്‍ഷിപ് പൊട്ടെംകിനി’ന്റെ നൂറു വര്‍ഷം, ഋത്വിക് ഘട്ടകിന്റെ നൂറു വര്‍ഷം, യൂസുഫ് ശാഹീന്റെ നൂറുവര്‍ഷം എന്നിങ്ങനെ മൂന്നു ശതാബ്ദികള്‍ മറ്റെല്ലാത്തിനെയും മറികടന്നുകൊണ്ട് ഓര്‍മയിലും ദൃശ്യത്തിലും തിളങ്ങിനിൽക്കുന്നു.
‘ബാറ്റില്‍ഷിപ് പൊട്ടെംകിന്‍’
‘ബാറ്റില്‍ഷിപ് പൊട്ടെംകിന്‍’ (യു.എസ്.എസ്.ആര്‍/1925) നിരവധി സിനിമകളുടെ കൂട്ടത്തില്‍പെട്ട വെറുമൊരു സിനിമയല്ല. ചരിത്രത്തിലെ ഏറ്റവും മികച്ച 10 ചിത്രങ്ങളിലൊന്ന് പോലുമല്ല. അത് എല്ലാകാലത്തേക്കും വെച്ച് ഏറ്റവും മഹത്തായ സിനിമയാണ്. 1905ല്‍ സാറിസ്റ്റ് യജമാനന്മാര്‍ക്കെതിരെ പൊട്ടെംകിന്‍ യുദ്ധക്കപ്പലിലെ ഭടന്മാര്‍ നടത്തിയ പരാജയപ്പെട്ട കലാപത്തെ അടിസ്ഥാനമാക്കി, സിനിമയിലെ ആദ്യ മാസ്റ്റര്‍മാരിലൊരാളായ സെര്‍ഗീവ് ഐസന്‍സ്റ്റൈന്‍ സംവിധാനം ചെയ്ത ഈ സിനിമ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്‍റെ സന്ദേശവും ചരിത്രപ്രാധാന്യവും ലോകജനതയുടെ മനസ്സില്‍ ഉറപ്പിച്ചെടുത്തു.
നാസി ജര്‍മനി, ബ്രിട്ടന്‍, സ്പെയിന്‍, ഫ്രാന്‍സ് എന്നിങ്ങനെ പല രാജ്യങ്ങളിലും അക്കാലത്ത് പൊട്ടെംകിനിന്‍റെ പ്രദര്‍ശനം നിരോധിക്കുകയുണ്ടായി. ഫാക്ടറികളുടെയും ക്ലബുകളുടെയും വിദ്യാലയങ്ങളുടെയും മങ്ങിയ ചുമരുകളിലും വലിച്ചുകെട്ടിയ സാറ്റിന്‍ തുണികളിലുമാണ് പലപ്പോഴും ചിത്രം പ്രൊജക്ട് ചെയ്യപ്പെട്ടത്. യൂറോപ് ഒരു ഭാഗത്ത് ജ്ഞാനോദയത്തിന്റെയും മറുഭാഗത്ത് ഫാഷിസത്തിന്റെയും സ്വാധീനത്തിലായിരുന്നു. ആ പശ്ചാത്തലത്തിൽ സിനിമാ വ്യവസായത്തിന്റെയും വാണിജ്യത്തിന്റെയും സർട്ടിഫിക്കേഷന്റെയും സർക്യൂട്ടുകളിലൂടെ ‘പൊട്ടെംകിൻ’ യൂറോപ്യൻ പ്രേക്ഷകർക്കു മുന്നിലെത്തിയില്ല.
ഈ കുറവ്, ബർട്രാൻഡ് റസ്സലും ബെര്‍ണാര്‍ഡ് ഷായും എച്ച്.ജി. വെല്‍സും അടക്കമുള്ള ബുദ്ധിജീവികളും പണ്ഡിതരും അതോടൊപ്പം പുരോഗമന ചിന്താഗതിക്കാരും തിരിച്ചറിഞ്ഞു. അവർ, പൊട്ടെംകിനിന്റെ സ്പൂളുകൾ പല കഷണങ്ങളായി അതിർത്തി കടത്തി ജർമനിയിലും ഇംഗ്ലണ്ടിലും പാരിസിലും മറ്റുമെത്തിച്ചു. അവിടെനിന്ന് റീ എഡിറ്റ് ചെയ്തും കൂട്ടിയോജിപ്പിച്ചും പരമ്പരാഗത സിനിമാശാലകൾക്കു പുറത്ത് പ്രദർശിപ്പിക്കുകയായിരുന്നു. അതിനായി, വ്യവസായ നഗരിയായ മാഞ്ചസ്റ്ററിൽ രൂപവത്കരിച്ച വർക്കേഴ്സ് ഫിലിം സൊസൈറ്റിയിൽനിന്നാണ് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ബദല്‍ സിനിമയുടെ ആദ്യത്തെ അടയാളമായി ‘ബാറ്റില്‍ഷിപ് പൊട്ടെംകിന്‍’ വാഴ്ത്തപ്പെടുന്നത് ഈ വസ്തുതകൂടി കണക്കിലെടുത്താണ്.
പത്തൊമ്പത് സിനിമകൾ
കേരളത്തിന്റെ ജനകീയ സാംസ്കാരികോത്സവമായ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മുപ്പതാമത് പതിപ്പായിരുന്നു തിരുവനന്തപുരത്ത് 2025 ഡിസംബർ 12 മുതൽ 19 വരെ നടന്നത്. തിരഞ്ഞെടുത്ത് ഷെഡ്യൂൾ ചെയ്തവയിൽനിന്ന് പത്തൊമ്പത് സിനിമകൾക്കു മാത്രം അനുമതി നിഷേധിക്കുന്ന സമീപനം യൂനിയൻ സർക്കാർ (ഐ & ബി മന്ത്രാലയം) സ്വീകരിച്ചു. ഇക്കൂട്ടത്തിൽ ‘ബാറ്റിൽഷിപ് പൊട്ടെംകിനും ഉണ്ടെന്നറിഞ്ഞപ്പോൾ എല്ലാവരും സ്തബ്ധരായി. യൂനിയന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പുണെയിലെയും കൊല്‍ക്കത്തയിലെയും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലടക്കം പാഠമായി പഠിപ്പിക്കുന്നതിനുവേണ്ടി നിരന്തരം കാണിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന സിനിമകൂടിയാണ് ‘ബാറ്റില്‍ഷിപ് പൊട്ടെംകിന്‍’ എന്നതോര്‍ക്കുമ്പോഴാണ് ഈ നിരോധനത്തിന്റെ പരിഹാസ്യതയും കലാ വിരുദ്ധതയും സംസ്‌കാര വിരുദ്ധതയും നമുക്ക് ബോധ്യപ്പെടുക.
എന്നാല്‍, ഈ നിരോധനം പുതിയ ഒരു കാര്യമേ അല്ല. സെന്‍സറിങ്ങിന്റെയും നിരോധനത്തിന്റെയും വെട്ടിമുറിക്കലിന്റെയും വെട്ടിമാറ്റലിന്റെയും നീണ്ട ചരിത്രംതന്നെ ബാറ്റില്‍ഷിപ് പൊട്ടെംകിനിനുണ്ട്. വിപ്ലവത്തെക്കുറിച്ചുള്ള ഐസൻസ്റ്റൈന്റെ സിനിമ, സിനിമയെതന്നെ വിപ്ലവവത്കരിക്കുന്നതായിരുന്നു. എങ്ങനെയാണ് സിനിമകള്‍ സങ്കൽപിക്കപ്പെടുന്നത്, നിർമിക്കപ്പെടുന്നത്, വിതരണം ചെയ്യപ്പെടുന്നത്, പ്രദര്‍ശിപ്പിക്കുന്നത്, സെന്‍സര്‍ ചെയ്യപ്പെടുന്നത്, നിരോധിക്കപ്പെടുന്നത്, സര്‍ക്കാറുകളുടെ ഇടപെടലുകളെന്ത്, ജനങ്ങള്‍ക്കുമേല്‍ ഇത്തരം സിനിമകള്‍ക്കുള്ള സ്വാധീനങ്ങളുടെ നിലകളെന്ത് എന്നിങ്ങനെ പലവിധത്തിലും ‘ബാറ്റില്‍ഷിപ് പൊട്ടെംകിന്‍’ എല്ലാകാലവും ചര്‍ച്ചകളിലും ആലോചനകളിലും നിറഞ്ഞുനിന്നു.
യൂസുഫ് ശാഹീൻ
ഈജിപ്ഷ്യന്‍ സിനിമയെ ഒറ്റ മാസ്റ്ററാല്‍ അടയാളപ്പെടുത്താന്‍ പറഞ്ഞാല്‍ തര്‍ക്കമേതുമില്ലാതെ നമുക്ക് ലഭിക്കുന്ന ഒരേ ഒരുത്തരമേ ഉള്ളൂ. അത് യൂസുഫ് ശാഹീന്റേതാണ്. അറബ് ലോകത്തിലും ഏഷ്യയുടെ മറ്റു ഭാഗങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലുമെല്ലാം പ്രശസ്തി കൈവരിച്ച മഹാനായ ചലച്ചിത്രകാരനാണ് യൂസുഫ് ശാഹീന്‍. കാന്‍ മേളയുടെ അമ്പതാം വാര്‍ഷികത്തില്‍ (1997) അദ്ദേഹത്തെ ആജീവനാന്ത പുരസ്‌കാരം (ലൈഫ് ടൈം അച്ചീവ്‌മെന്റ്) നല്‍കി ആദരിച്ചു.
നിരവധി ഫീച്ചറുകളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുള്ള യൂസുഫ് ശാഹീന്‍ സാമൂഹിക വിമര്‍ശകനും സാംസ്‌കാരിക ഗവേഷകനും മറ്റുമാണ്. അറബ് ലോകത്തിന്റെ സംസ്‌കാര സൂക്ഷ്മതകളിലേക്കുള്ള അനന്തമായ യാത്രകളാണ് യൂസുഫ് ശാഹീന്റെ സിനിമകള്‍. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍, അറബ് സാംസ്‌കാരികൈക്യത്തിന്റെ ചലച്ചിത്ര സാധൂകരണങ്ങളും രേഖകളുമാണ് അവ. തന്റെ സിനിമകളുമായി അന്താരാഷ്ട്ര വേദികളില്‍ എത്തുമ്പോള്‍, സിനിമയിലൊതുങ്ങിനിന്ന് സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല യൂസുഫ് ശാഹീന്‍. തന്റെ രാഷ്ട്രീയ ആകുലതകളെക്കുറിച്ച് അദ്ദേഹം വാചാലനാവും.
ചരിത്രവും ഇതിഹാസങ്ങളും സിനിമയാക്കുമ്പോള്‍ താന്‍ ജീവിക്കുന്ന കാലത്തിന്റെ കണ്ണാടിയിലൂടെ അവയെ പുനരാവിഷ്‌കരിക്കുന്ന രീതിയാണ് യൂസുഫ് ശാഹീന്‍ പുലര്‍ത്തിവന്നത്. കേവലം വാഴ്ത്തുപാട്ടുകളായി അധഃപതിക്കുന്നതിനു പകരം അവ അറബ് ദേശീയതയുടെ സാംസ്‌കാരിക അപരങ്ങളായി വികസിച്ചു.
ആംഗ്ലോ സാക്‌സണ്‍ ലോകത്തിന് പരിചയമില്ലെങ്കില്‍ ഒരു ചലച്ചിത്രകാരന്റെ സിനിമകള്‍ക്ക് സാര്‍വദേശീയ മാനം ഇല്ല എന്നുകരുതുന്ന അധീശത്വ സാംസ്‌കാരിക ബോധത്തെ വകവെക്കാത്ത പ്രതിഭാശാലിയായിരുന്നു യൂസുഫ് ശാഹീന്‍. അറബ് വംശജര്‍ക്ക് മഹത്തായ ഒരു നാഗരികതയുടെ ചരിത്രമുണ്ടെന്ന് ആംഗ്ലോ സാക്‌സണ്‍സിന് അറിയില്ലെങ്കില്‍ അതവരുടെ പ്രശ്‌നമാണ്. വിശേഷമോ സൂക്ഷ്മമോ ആയ കൗതുകത്തോടെ അറബ് സംസ്‌കാരത്തെ ഫോക് ലോര്‍ എന്ന വിധത്തില്‍ പരിചരിക്കുന്നതും അബദ്ധമാണെന്ന് അദ്ദേഹം പറയുന്നുണ്ട്.
എട്ടാമത് എൽഗോന ഫിലിം ഫെസ്റ്റിവലിൽ, ജന്മശതാബ്ദി ആഘോഷിക്കുന്ന വിഖ്യാത ഈജിപ്ഷ്യൻ മാസ്റ്ററായ യൂസുഫ് ശാഹീന്റെ സിനിമകൾ പരിചയപ്പെടാൻ പല അവസരങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ അലക്സാൻഡ്രിയ എഗൻ ആൻഡ് ഫോറെവർ ഫെസ്റ്റിവൽ പ്ലാസയിലെ മുഖ്യ വേദിയിൽ പ്രദര്‍ശിപ്പിച്ചു. യൂസുഫ് ശാഹിന്റെ മരുമകളും എല്‍ഗോന ഫെസ്റ്റിവലിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ പ്രസിദ്ധ ചലച്ചിത്രകാരി മറിയാന്‍ ഖോറി സിനിമ അവതരിപ്പിച്ചു.
ഋത്വിക് ഘട്ടക്
ക്ഷാമവും യുദ്ധവും സ്വാതന്ത്ര്യസമരവും വിഭജനവും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായ വേട്ടയാടലും എന്നിങ്ങനെ സാമൂഹികമായി കലുഷമായ നിരവധി കാലഘട്ടങ്ങളില്‍ അധഃസ്ഥിതരുടെയും പീഡിതരുടെയും പക്ഷംപിടിച്ച് പോരാടിയാണ് ഋത്വിക് ഘട്ടക് ജീവിച്ചു പോന്നത്. രാഷ്ട്രീയം എന്നത് രക്തസാന്നിധ്യംപോലെ തന്റെ ഹൃദയത്തില്‍തന്നെയുള്ള ഒന്നായിട്ടാണ് ഘട്ടകിന് അനുഭവപ്പെടുന്നത്; അദ്ദേഹം തന്റെ ജീവിതത്തിലൂടെയും സിനിമകളിലൂടെയും സമൂഹത്തെ അനുഭവപ്പെടുത്തുന്നത്. വിഭജനത്തിലൂടെ തനിക്കും തന്നോടൊപ്പം ലക്ഷക്കണക്കിനാളുകള്‍ക്കും നഷ്ടമായ കിഴക്കന്‍ ബംഗാള്‍ എന്ന ജന്മദേശത്തോടുള്ള ആതുരത അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും അടിസ്ഥാന വികാരമായി പ്രവര്‍ത്തിക്കുന്നു.
അഭയാർഥിത്വവും അനാഥത്വവും പേറേണ്ടിവരുന്ന മുഴുവന്‍ ആളുകളോടും ഈ വേദന പങ്കിടുന്നതിനായി തന്റെ ചലച്ചിത്രങ്ങളെ അദ്ദേഹം സമര്‍പ്പിച്ചു. ഇന്ത്യന്‍ സിനിമയുടെയെന്നപോലെ, ഇന്ത്യയുടെതന്നെ സാംസ്‌കാരിക ആത്മാവ് എന്താണെന്നറിയാന്‍ ഋത്വിക് ഘട്ടകിന്റെ സിനിമകളിലൂടെ സൂക്ഷ്മ സഞ്ചാരം നടത്താതെ കഴിയുകയില്ല. 1952ൽ ഘട്ടക് ‘നാഗരിക്’ പൂര്‍ത്തിയാക്കിയെങ്കിലും, 25 വർഷം വെളിച്ചം കാണാതെ ടോളിഗഞ്ചിലെ ഒരു ലാബിലെ ഇരുട്ടിൽ ആരുമറിയാതെ അത് പൊടിമൂടിക്കിടന്നു. പൂർത്തിയായ ഉടനെ ആ ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നെങ്കിൽ സത്യജിത് റായിക്ക് പകരം ഇന്ത്യൻ സിനിമയെ ലോക ചലച്ചിത്രരംഗത്ത് രേഖപ്പെടുത്തുന്നത് ഋത്വിക് ഘട്ടക് ആവുമായിരുന്നു.


