കാത്തിരിപ്പ് അവസാനിക്കുന്നു...; കാന്താരയുടെ ട്രെയിലർ നവരാത്രിക്ക്
text_fieldsഋഷഭ് ഷെട്ടി പ്രധാന വേഷത്തിൽ എത്തുന്ന കാന്താര: ചാപ്റ്റർ 1, ഒക്ടോബർ രണ്ടിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റിനായും പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയിലർ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബർ 22ന് നവരാത്രിയുടെ ഒന്നാം ദിവസത്തോടനുബന്ധിച്ച് ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കുമെന്ന് നിർമാതാക്കൾ പ്രഖ്യാപിച്ചു. ഉച്ചക്ക് 12:45നായിരിക്കും ട്രെയിലർ എത്തുക.
ചിത്രത്തിന്റെ പ്രൊഡക്ഷൻ ടീമായ ഹോംബാലെ ഫിലിംസ് അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മനുഷ്യർക്കും ദൈവികതക്കും ഇടയിലുള്ള പാലമായി സേവിക്കാൻ വിധിക്കപ്പെട്ട നിഗൂഢ ശക്തികളുള്ള യോദ്ധാവായ നാഗ സാധു എന്ന കഥാപാത്രത്തെയാണ് ഋഷഭ് ഷെട്ടി അവതരിപ്പിക്കുന്നാണ് വിവരം. ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരും ചാലുവെ ഗൗഡയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അജനീഷ് ലോക്നാഥ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിർവഹിക്കുന്നു.
കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഇന്ത്യക്ക് പുറമേ, യു.കെ, യു.എ.ഇ, ന്യൂസിലാൻഡ്, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, യു.എസ്.എ, കാനഡ, റഷ്യ, ബെലാറസ്, യുക്രൈയ്ൻ, ജപ്പാൻ തുടങ്ങിയ സ്ഥലങ്ങളിലും ചിത്രം ഒരേസമയം റിലീസ് ചെയ്യും.
2022 സെപ്റ്റംബർ 30 ന് പാൻ ഇന്ത്യൻ റിലീസായി എത്തിയ കാന്താരയുടെ ആദ്യ ഭാഗം 400 കോടിക്ക് മുകളിലാണ് ബോക്സ് ഓഫിസിൽ നിന്ന് നേടിയത്. ആദ്യഭാഗത്തിന്റെ പ്രീക്വലായാണ് ചിത്രമെത്തുന്നത്. ഋഷഭ് ഷെട്ടി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. കര്‍ണാടകയിലെ പ്രാചീന കലാരൂപമായ ഭൂതക്കോലത്തിന്റെ പശ്ചാത്തലത്തില്‍ മിത്തും ഫാന്റസിയും ചേര്‍ത്ത ചിത്രമായാണ് കാന്താര പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
നായകനായ ശിവയായി ഗംഭീരപ്രകടനമാണ് ഋഷഭ് കാഴ്ചവെച്ചത്. 2022ലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും കാന്താരയിലൂടെ ഋഷബ് സ്വന്തമാക്കിയിരുന്നു. ഋഷബ് ഷെട്ടിയെ കൂടാതെ സപ്തമി ഗൗഡ, അച്യുത് കുമാര്‍, കിഷോര്‍ എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ചത്.