Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമിഴിയോരം...

മിഴിയോരം നനഞ്ഞൊഴുകും...തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകി ഓർമയായി

text_fields
bookmark_border
മിഴിയോരം നനഞ്ഞൊഴുകും...തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകി ഓർമയായി
cancel

അഗാധതകളിൽ നിന്നോ ആകാശത്തുനിന്നോ, ഓർമകൾ മേയുന്ന കാണാത്ത ഇടത്തു നിന്നോ അല്ലെങ്കിൽ സ്വർഗത്തിൽനിന്നു തന്നെയോ ഇറങ്ങി വരുന്ന അഭൗമ സംഗീതവും ഈണവുമാണ് എസ്. ജാനകി. അതിനുമപ്പുറം, ഒരിക്കലും മായ്ക്കാനാവാത്ത അതീന്ദ്രീയമായ നാദമാണത്. തെന്നിന്ത്യയുടെ മനസ് മുഴുവൻ ഇന്ന് ആ നാദംകൊണ്ട് നിറയുന്നു. ജാനകിയമ്മയുടെ പാട്ടിന്റെ വികാര ഭാവം ഉൾക്കൊണ്ടോ രാഗഭാവത്തിന്റെ നൂലിഴകളിൽ സ്പർശമണികൾ കോർക്കുന്ന ആസ്വാദ്യത കൊണ്ടോ ശബ്‌ദത്തിന്റെ നേർമയിൽ മനസ്സ് തണുത്തിട്ടോ കരയാത്ത ആസ്വാദകർ തെന്നിന്ത്യയിൽ കുറവായിരിക്കും.

തങ്ങളുടെ ഗാനത്തെ അഭൗമമായ ഭാവത്തിലേക്കുയർത്തുമ്പോൾ കണ്ണീരണിയാത്ത സംഗീത സംവിധായകനും ഉണ്ടാവില്ല. ജാനകിയുടെ ശബ്‌ദവും ആലാപന വശ്യതയും മലയാളത്തിന്റെ വികാരമായി അലിയിച്ചെടുത്ത എം.എസ് ബാബുരാജ് അക്ഷരാർഥത്തിൽ കരഞ്ഞ സന്ദർഭങ്ങൾ പലരും എടുത്തു പറഞ്ഞിട്ടുണ്ട്. മലയാളിയുടെ മനസിൽ ഈണങ്ങളായി മാത്രം പതിഞ്ഞ എത്രയോ വാക്കുകളുണ്ട് ; തളിരിട്ട കിനാക്കൾ, വാസന്തപഞ്ചമി, സൂര്യ കാന്തി, കേശാദിപാദം തുടങ്ങി ജാനകിയമ്മയുടെ മനസിൽ പതിഞ്ഞ ഈണത്തിലൂടെയല്ലാതെ ഈ വാക്കുകളെ ഓർക്കാൻ എത്ര മലയാളിക്ക് കഴിയും. എന്തിന് ഏറ്റുമാനൂരമ്പലത്തിൻ എന്ന് പറയുമ്പോഴും അവിടെ ആദ്യം മനസിൽ ഓടിയെത്തുന്നത് ജാനകിയുടെ അലിവാർന്ന ശബ്‌ദം തന്നെയല്ലേ.

നമ്മുടെ മനസിൽ പതിഞ്ഞ പാട്ടുകൾ അങ്ങനെ ഓർമിക്കപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ, ജാനകിയുടെ ശബ്ദം മറ്റൊന്നുമായും താരതമ്യം ചെയ്യാൾ കഴിയാത്തത്ര വേറിട്ട ഒന്നായി എല്ലാവരുടെയും മനസ്സിൽ ഒരു നിത്യ നക്ഷത്രമുദിച്ചപോലെ പ്രതിഷ്ഠിക്കപ്പെടുന്നു. ഇങ്ങനെ ഒരു സൗഭാഗ്യം ഒരിക്കൽ മാത്രം നൂറ്റാണ്ടിൽ സംഭവിക്കുന്ന കാര്യമാണ്. അങ്ങനെയൊരപൂർവതയാണ് ജാനകി. നമുക്കറിയാവുന്ന പാട്ടിലെ മറ്റൊരിതിഹാസം യേശുദാസാണ്. ഒരു മലയാളിക്കും മാറ്റിനിർത്താൻ കഴിയാത്ത അദ്ദേഹത്തിന്റെ ആലാപ ഭംഗിക്കും എതിരാളികളില്ല. അങ്ങനെ അല്ലെങ്കിൽ നമ്മൾ സമ്മതിച്ചു കൊടുക്കാറില്ല. എന്നാൽ, യേശുദാസിനെ പാട്ടിൽ തോൽപിച്ച ഒരാളേ ഈ സിനിമാ ലോകത്തുള്ളൂ; അത് എസ്. ജാനകിയാണ്. ഇതു പറഞ്ഞാൽ എതിർക്കാൻ വരുന്ന മലയാളികൾ കുറവായിരിക്കും. പാട്ടുകൾ സൂക്ഷ്മമായി ആസ്വദിക്കുന്ന ആരും അത് സമ്മതിച്ചു പോവുകയും ചെയ്യും. യേശുദാസും ജാനകിയമ്മയും ചേർന്ന് പാടിയ പാട്ടുകൾ ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാകും. രണ്ടുപേരും അതുല്യ ഗായകർ. എന്നാൽ, ഒന്നു താരതമ്യം ചെയ്ത് നോക്കൂ.

യേശുദാസിനെക്കാൾ നേരിയ മുൻതൂക്കത്തോടെ പാട്ടിന്റെ വികാര ഭാവത്തെ നമ്മെ അനുഭവിപ്പിക്കുന്നത് ജാനകിയുടെ ഭാവമാണ്, ശബ്ദമാണ്, വികാര ഛായയാണ്. മധുരപ്രതീക്ഷതൻ പുങ്കാവിൽ, അകലെയകലെ, കാറ്റു താരാട്ടും, ആലാപനം തുടങ്ങി ഏതു പാട്ടെടുത്താലും ഇത് പ്രകടമാകും. ആലാപനം പോലെ അതി കഠിനമായ ക്ലാസിക്കൽ ഗാനമൊക്കെ ഭക്ഷിണാമൂർത്തി സ്വാമിയെപ്പോലും അതിശയിപ്പിക്കുന്ന രീതിയിലാണ് അവർ പാടിവെച്ചത്. ആ ഗാനം പാടി കഴിഞ്ഞപ്പോൾ ഒന്നുകൂടി പാടുന്നോ എന്ന് സ്വാമി ചോദിച്ചു; മുടിയാത് സ്വാമി, എന്റെ സംഗീതം തീർന്നു എന്നായിരുന്നു മറുപടി. യേശുദാസ് പോലും അന്ന് സ്റ്റുഡിയോയിലിരുന്ന് അത്ഭുതപ്പെട്ടു പോയത്രെ. പണ്ടൊക്കെ പല ഹിറ്റ് ഗാനങ്ങളുടെയും മെയിൽ ഫീമെയിൽ വേർഷൻ റെക്കോഡ് ചെയ്യുമായിരുന്നു. സിനിമ പുറത്തിറങ്ങി ഈ ഗാനങ്ങൾ ജന ഹൃദയങ്ങളിലെത്തി അത് കാലാതിവർത്തിയായി കഴിയുമ്പോഴേക്കും അത് രണ്ട് ഗായകർ തമ്മിലുള്ള ഒരു മത്സരമായികൂടി കണക്കാക്കാം. അങ്ങനെയല്ലെങ്കിൽ പോലും പാട്ടിനെ ഉൾക്കൊണ്ടു കഴിയുമ്പോൾ നമ്മൾ അറിയാതെ പറഞ്ഞു പോകും ജാനകിയമ്മയുടെ ഭാവം കണ്ടില്ലേ, ദാസേട്ടനെക്കാൾ അല്പം മുന്നിലല്ലേ എന്ന്. അല്ലെങ്കിൽ തന്നെ അത്തരം പാട്ടുകളിൽ നമ്മൾ ആദ്യം ഓർക്കുന്നത് ആരുടെ പാട്ടാണ്. ഉദാഹരണം ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന ആ നിമിഷത്തിന്റെ നിർവൃതിയിൽ, ഓലത്തുമ്പത്തിരുന്നുയലാടും തുടങ്ങിയ ഗാനങ്ങൾ. ഇവയൊക്കെ ഇന്ന് ഓർമിക്കപ്പെടുന്നത് എസ്. ജാനകിയുടെ പാട്ടുകളായാണ്.

വളരെ ചെറുപ്പത്തിൽ തന്നെ ക്ലാസിക്കൽ സംഗീത പഠനം നിർത്തിയ ജാനകി പതിനഞ്ചാം വയസ്സിൽ ആകാശവാണിയുടെ സംഗീത മത്സരത്തിനെത്തുമ്പോൾ കാര്യമായി ഒന്നും പഠിച്ചിരുന്നില്ല. മത്സരത്തിനു വേണ്ടി ചിലത് പഠിച്ചു. അന്ന് അതുല്യ സംഗീതജ്ഞ വേദവല്ലിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ജാനകിക്ക് രണ്ടാം സ്ഥാനം. എന്നാൽ, ലളിത സംഗീതത്തിൻ ഒന്നാം സ്ഥാനം.

വാക്കുകളാൽ വിവരിക്കാനാവാത്ത പ്രതിഭാസം

ഏതു കടുകട്ടി സംഗീതം കേട്ടാലും ഒരു ബ്ലോട്ടിങ് പേപ്പർ പോലെ അത് മനസിൽ പതിക്കുമെന്നും അത് പാടുക മാത്രമാണ് താൻ ചെയ്യുന്നതെന്നും അവർ പറഞ്ഞിട്ടുണ്ട്. അത് കടവുൾ. അത്രമാത്രമേ അറിയൂ. ശിങ്കാരവേലനേ എന്ന തമിഴ് ഗാനം ഹിറ്റായതോടെയാണ് ജാനകി തെന്നിന്ത്യയിൽ എമ്പാടും ശ്രദ്ധിക്കപ്പെട്ടതെങ്കിലും അതിനേക്കാൾ കടുകട്ടിയായ നിരവധി ഗാനങ്ങൾ തെലുങ്കിലും തമിഴിലും മലയാളത്തിലുമായി അവർ പാടി. പക്ഷേ, ഒരു പാട്ടും അവർക്ക് വെല്ലുവിളിയായിട്ടില്ല. അത് കാലം നിശ്ചയിച്ചതു പോലുള്ള നിയോഗം. വാക്കുകൾ കൊണ്ട് വിവരരിക്കാനാവാത്ത പ്രതിഭാസം.

ഇത്രയധികം ഗാനങ്ങൾ നമുക്ക് അവർ സമ്മാനിച്ചെങ്കിലും മലയാളത്തിന്റെ ഒരു കാലഘട്ടത്തെ ഭരിച്ച ദേവരാജൻ മാഷിന് എന്തുകൊണ്ടോ ഇഷ്ടക്കേടുണ്ടായതോടെ അദ്ദേഹത്തിന്റെ ചില അനശ്വര ഗാനങ്ങൾ നമുക്ക് നഷ്ടമായി. എന്നാൽ, എൺപതുകളിൽ ജോൺസന്റെ എന്നിട്ടും നീയെന്നെയറിഞ്ഞില്ലല്ലോ, നിമിഷം സുവർണ നിമിഷം തുടങ്ങിയ ഗാനങ്ങൾ, രവീന്ദ്രൻ മാസ്റ്ററുടെ സിന്ധൂരസന്ധ്യക്ക് മൗനം, തേനും വയമ്പും തുടങ്ങിയ ഗാനങ്ങൾ, എ.ടി ഉമ്മറിന്റെ ജലശംഖു പുഷ്പം, ഒരു മയിൽപീലിയായ് ഞാൻ പോലുള്ള ഗാനങ്ങൾ, എം.ബി ശ്രീനിവാസന്റെ ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്, നിറങ്ങൾ തൻ നൃത്തം, ദക്ഷിണാമൂർത്തിയുടെ ആഷാഢ മേഘങ്ങൾ നിഴലുകളെറിഞ്ഞു, ശ്യാമിന്റെ മൈനാകം, ഇളയരാജയുടെ മഞ്ഞണി കൊമ്പിൽ, ഈ നീലിമതൻ, പൂവാടികളിൽ തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും അനശ്വരങ്ങളായ ഗാനങ്ങൾ നമുക്കു തന്ന നമ്മുടെ നഭോമണ്ഡലത്തിലെ സുവർണ നക്ഷത്രം തന്നെയാണ് ജാനകി എന്ന ഇതിഹാസം.

സംഗീത ചരിത്രത്തിലെ സുവർണ ഏട്

ആന്ധ്രയിലെ ഗുണ്ടൂർ ജില്ലയിലാണ് ജനിച്ചതെങ്കിലും മലയാളത്തിന്റെയും തമിഴിന്റെയും കന്നടത്തിന്റെയും മാനസപുത്രിയാകാൻ കഴിഞ്ഞ ഈ ഗായിക ഒരിക്കലും ഒരു സാധാരണ മനുഷ്യ ജന്മമായിരുന്നു എന്ന് വിശ്വസിക്കാൻ കഴിയില്ല. അങ്ങനെയായിരുന്നു ആ ശബ്ദം, ആ സംഗീതം. ഇളയ രാജക്കു വേണ്ടി പാടിയ പാട്ടുകൾ, എസ്.പി.ബിയോടും യേശുദാസിനോടും ഒപ്പം പാടിയ യുഗ്മഗാനങ്ങൾ ഒരു സംഗീത ചരിത്രത്തിലെ ഏടാണ്.

മുതൽ മര്യാദയിലെയും അന്നക്കിളിയിലെയും മുന്താണൈ മുടിച്ചിലെയുമൊക്കെ പാട്ടുകൾ തമിഴ് ഫോക് സംഗീ തത്തിന്റെ എല്ലാ ഭാവങ്ങളും ഉൾക്കാള്ളുന്നതും മണ്ണിൽ നിന്ന് പറിച്ചെടുത്തതാണെന്ന് തോന്നുന്നവയുമാണ്. എന്നാൽ, മൗനം പോലും മധുരം തുടങ്ങിയ പാട്ടുകളിലൊക്കെ വിദേശ ഗായകരെപോലും അതിശയിപ്പിക്കുന്ന വോയ്സ് മോഡുലേഷനാണ് ജാനകിയമ്മ വരുത്തിയിട്ടള്ളത്. ദിവസം പത്തും പതിനഞ്ചും പാട്ടുകൾ പാടിയിരുന്ന ജാനകി കടുത്ത ആസ്തമ രോഗിയായിരുന്നുവെന്ന് അധികപേർക്കറിയില്ല. പലപ്പോഴും പാട്ടു കഴിയുമ്പോൾ സ്‌റ്റുഡിയോയുടെ മൂലക്ക് പോയി ഇൻ ഹെയ് ലർ ഉപയോഗിക്കുമായിരുന്നു. രാത്രി വൈകി പന്ത്രണ്ടാമത്തെ പാട്ടായാണ് ജലശംഖു പുഷ്പം പാടുന്നത്.

ഒരിക്കലും ക്ഷീണം തളർത്താതിരുന്ന ആ അനശ്വര ഗാനത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. സ്‌റ്റുഡിയോയിൽ പാടാൻ വന്നിട്ട് ട്രാക്ക് കേൾക്കുമ്പോൾ ഇത് ഈ കുട്ടി നന്നായി പാടിയിട്ടുണ്ടല്ലോ എന്നു പറഞ്ഞ് തിരിച്ചു പോയ ഒരേയൊരു ഗായികയെ നമുക്കുള്ളൂ: അത് ജാനകിയാണ്. ഗായിക ലതികയുടെയും മറ്റും ഗാനങ്ങൾ ഇവർ അങ്ങനെ പാടാതിരുന്നിട്ടുണ്ട്. ചിത്രയെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത് ജാനകിയാണ് എന്നതും ചരിത്രം.

Show Full Article
TAGS:s janaki 
News Summary - S. Janaki passes away
Next Story