സത്യമാണ്.. ആരാധിക തനിക്ക് 72 കോടിയുടെ സ്വത്തുക്കൾ എഴുതി നൽകിയിരുന്നു, പക്ഷെ സ്വീകരിച്ചില്ലെന്ന് സഞ്ജയ് ദത്ത്
text_fieldsന്യൂഡല്‍ഹി: ഒരു ആരാധിക തനിക്ക് 72 കോടിയുടെ സ്വത്തുക്കൾ എഴുതി നൽകിയിരുന്നുവെന്നത് സത്യമാണെന്ന് വ്യക്തമാക്കി നടൻ സഞ്ജയ് ദത്ത്. 72 കോടി ആസ്തിയുള്ള സ്വത്തുക്കള്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് എഴുതി നല്‍കിയത് സിനിമാമേഖലയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇത് വ്യാജ വാർത്തയാണെന്നായിരുന്നു പലരും പറഞ്ഞിരുന്നത്. എന്നാൽ വാര്‍ത്തകള്‍ സത്യമാണെന്ന് സ്ഥിരീകരിക്കുകയാണ് നടൻ.
ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. 2018ലായിരുന്നു സംഭവം. നിഷ പാട്ടീല്‍ എന്ന 62 വയസുകാരിയായ സഞ്ജയ് ദത്തിന്റെ കടുത്ത ആരാധികയാണ് അവരുടെ മുഴുവന്‍ സ്വത്തുക്കളും താരത്തിന്റെ പേരില്‍ എഴുതി നല്‍കിയത്.
മാരകമായ അസുഖത്താല്‍ ബുദ്ധിമുട്ടുന്ന അവര്‍ തന്റെ മരണശേഷം എല്ലാ സ്വത്തുക്കളും സഞ്ജയ് ദത്തിന് കൈമാറണമെന്ന് ബാങ്കിനോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ അത് സ്വീകരിക്കാതെ കുടുംബത്തിന് താന്‍ തിരികെ നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.