എട്ട് കോടി കടന്നു, ഓപണിങ് കലക്ഷനിൽ വമ്പൻമാരെ കടത്തിവെട്ടി സര്‍വ്വം മായ
text_fieldsമലയാള സിനിമയുടെ മാര്‍ക്കറ്റ് വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നാണ് സമീപകാല ഹിറ്റുകളും ബോക്സ് ഓഫിസ് വിജയങ്ങളും തെളിയിക്കുന്നത്. നല്ല സിനിമയെങ്കിൽ കാണാൻ ആളുണ്ടാകും എന്നതുതന്നെയാണ് സിനിമയെ സ്നേഹിക്കുന്നവർ നൽകുന്ന ഉറപ്പ്. പ്രേക്ഷരിൽ നിന്ന് നെഗറ്റീവ് അഭിപ്രായം ഉയർന്നുകഴിഞ്ഞാൽ പിന്നെ എത്ര വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന ചിത്രമാണെങ്കിലും ബോക്സ് ഓഫീസില്‍ തകർന്നടിയാറുമുണ്ട്.
പ്രവചനങ്ങളെയെല്ലാം കവച്ചുവെച്ച് നിവിൻപോളി ചിത്രം പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയിരിക്കുന്നു എന്ന് തെളിയിക്കുന്ന വാർത്തകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ ബോക്സ് ഓഫീസില്‍ മുന്നേറുകയാണ്.
കോമഡി ഹൊറർ ത്രില്ലർ ഴോണറിൽ പെടുന്ന ചിത്രം, നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം. കൂട്ടായി എത്തുന്നത് അജു വർഗീസ്. അങ്ങനെ നിരവധി പ്രത്യേകതളോടെ എത്തിയ ചിത്രത്തിനെ രണ്ടു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. ബോക്സ് ഓഫിസിലും കുതിപ്പിലാണ് ചിത്രം എന്ന് ഓപണിങ് കലക്ഷനും തെളിയിക്കുന്നു.
നിവിന്‍റെ തിരിച്ചുവരവ് കൃത്യമായും രേഖപ്പെടുത്തുന്ന ചിത്രത്തിന് റിലീസ് ദിനത്തില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് എട്ട് കോടി കടന്നു എന്നതാണ് കണക്ക്. ഈ വര്‍ഷത്തെ മലയാള സിനിമയിലെ ഏറ്റവും മികച്ച ഏഴാമത്തെ ഓപണിങ് കലക്ഷനാണിത്. ബസൂക്ക, ലോക, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളെയൊക്കെ ആഗോള ഓപണിങ്ങില്‍ സര്‍വ്വം മായ പിന്നിലാക്കിയിട്ടുണ്ട്.
ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം ചിത്രം 3.50 കോടി നേടിയെന്നാണ് കണക്ക്. ഗള്‍ഫില്‍ നിന്നും 3.05 കോടിയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 40 ലക്ഷവും ആദ്യ ദിനം ചിത്രം നേടി. നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലുമൊക്കെ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ഇതെല്ലാം ചേര്‍ത്തുള്ള ആഗോള ബോക്സ് ഓഫീസില്‍ ആദ്യ ദിനം ചിത്രം നേടിയിരിക്കുന്നത് എട്ട് കോടിയോളമാണെന്നാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. ടിക്കറ്റിന്‍റെ വൻ ഡിമാൻഡ് കണക്കിലെടുത്ത് കേരളത്തില്‍ ചിത്രത്തിന്‍റെ ഷോകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിൽ ചിത്രം ഇതിലും വലിയ നേട്ടം കൈവരിക്കുമെന്നാണ് നിഗമനം.


