10 വർഷം കഴിഞ്ഞ് റിലീസ്, ഒരു കോടി പോലും നേടിയില്ല,; ഷാരൂഖ് ഖാന്റെ ഏറ്റവും വലിയ പരാജയ ചിത്രം ഇതാണ്...
text_fieldsഷാരൂഖ് ഖാൻ, രവീണ ടണ്ടൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2004ൽ പുറത്തിറങ്ങിയ ഹിന്ദി റൊമാന്റിക് മിസ്റ്ററി ചിത്രമാണ് യേ ലംഹെ ജുദായി കെ. ഷാരൂഖ് ഖാനും രവീണ ടണ്ടനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉൾപ്പെടെ വിവിധ കാരണങ്ങളാൽ സിനിമയുടെ നിർമാണം പാതിവഴിയിൽ നിലച്ചുപോയിരുന്നു. ജാദു എന്ന പേരിലാണ് ആദ്യം ഇത് ആരംഭിച്ചത്. അനിരുദ്ധ് തിവാരി എഴുതിയ ഈ ചിത്രം 1994 ൽ ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും 2004 ഏപ്രിൽ ഒൻപതിനാണ് റിലീസ് ചെയ്തത്. എന്നാൽ സിനിമയുടെ തുടർച്ചയിൽ ധാരാളം പ്രശ്നങ്ങളുണ്ടായിരുന്നു. 1994 ൽ നിർമാണം നിർത്തിവച്ച ഒരു അപൂർണ്ണ ചിത്രമായിരുന്നു ഇത്. പക്ഷേ 2004 ൽ വ്യത്യസ്ത ബോഡി ഡബിൾസ് ഉപയോഗിച്ച് ചിത്രം പുനരുജ്ജീവിപ്പിച്ചു.
ഷാരൂഖ് ഖാന്‍റെ ദൂഷന്ത് എന്ന കഥാപാത്രം ഗായകനാകാൻ ആഗ്രഹിക്കുന്ന ദരിദ്രനായ ചെറുപ്പക്കാരനാണ്. ബാല്യകാല സുഹൃത്തായ ജയ (രവീണ ടണ്ടൻ) ദൂഷന്തിന്റെ സ്വപ്നങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു. ദൂഷന്ത് ഒരു വലിയ ഗായകനായി മാറുമ്പോൾ അവരുടെ സുഹൃത്തുക്കളായ സുജിത്തും നിഷയും അവരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി ദൂഷന്തിനെ ഉപയോഗിക്കാൻ ശ്രമിക്കുന്നു. ഇത് ദൂഷന്തിനും ജയക്കും ഇടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് കഥാതന്തു.
എന്നാൽ ചിത്രം റിലീസ് ചെയ്തപ്പോൾ യേ ലംഹെ ജുദായി കെ ഒരു വലിയ പരാജയമായിരുന്നു. നിരൂപകരിൽ നിന്ന് വളരെ മോശം പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മോശം എഡിറ്റിങ്, കഥയിലെ അസ്വാഭാവികത, താരങ്ങളുടെ പ്രകടനത്തിലെ പ്രശ്നങ്ങൾ എന്നിവയെല്ലാം വിമർശിക്കപ്പെട്ടു. ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മോശം ചിത്രങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. IMDb റേറ്റിങ്ങിൽ 10 ൽ 3.1ആണ് ചിത്രത്തിന്‍റെ റേറ്റിങ്.
ഷാരൂഖ് തന്റെ താരപദവിയുടെ ഉന്നതിയിൽ നിൽക്കുന്ന സമയത്താണ് യേ ലംഹെ ജുദായി കെ റിലീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തെ പ്രൊമോട്ട് ചെയ്യാൻ ഷാരൂഖ് വിസമ്മതിച്ചു. വാണിജ്യപരമായി പരാജയപ്പെട്ട ഈ ചിത്രം ബോക്സ് ഓഫീസിൽ ഒരു കോടി രൂപ പോലും നേടാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ. ചുരുക്കത്തിൽ ഏറെ വൈകി റിലീസ് ചെയ്യപ്പെട്ട, തുടർച്ചയില്ലാത്തതും നിരൂപകരാൽ തഴയപ്പെട്ടതുമായ ഒരു റൊമാന്റിക് മിസ്റ്ററി ചിത്രമാണ് യേ ലംഹെ ജുദായി കെ.