മഞ്ജു വാര്യര്‍ നായിക, നിര്‍മാണം മമ്മൂട്ടി കമ്പനി; ഹ്രസ്വചിത്രവുമായി രഞ്ജിത്ത്
text_fieldsമമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മിക്കുന്ന ഹ്രസ്വചിത്രവുമായി സംവിധായകന്‍ രഞ്ജിത്ത്. മഞ്ജു വാര്യര്‍, ശ്യാമ പ്രസാദ്, അസീസ് നെടുമങ്ങാട് എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ആരോ’ എന്നു പേരിട്ടിരിക്കുന്ന ഷോർട്ട് ഫിലിമാണ് മമ്മൂട്ടി കമ്പനിയുടെ പുതിയ പ്രൊജക്റ്റ്. കഴിഞ്ഞ ദിവസം നടന്ന ഹ്രസ്വചിത്രത്തിന്റെ പ്രിവ്യൂ ഷോ കാണാൻ മമ്മൂട്ടിയും മഞ്ജു വാര്യരും ശ്യാമപ്രസാദും രഞ്ജിത്തും ജോർജുമെല്ലാം എത്തിയിരുന്നു. പ്രിവ്യൂ ഷോക്ക് ശേഷമെടുത്ത ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി.
ദിവസങ്ങൾക്ക് മുന്നേ മമ്മൂട്ടി കമ്പനി പുറത്തുവിട്ട ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാതിലിനരികിൽ കയ്യിലൊരു കട്ടനും ബീഡിയുമായി വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന നായകനും അരികിലേക്ക് നടന്നടുക്കുന്ന നായികയുമായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്. മമ്മൂട്ടി കമ്പനി ആദ്യമായി നിർമിക്കുന്ന ഹ്രസ്വചിത്രത്തോടൊപ്പം സംവിധായകൻ രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണിത്. ചിത്രം മമ്മൂട്ടി കമ്പനിയുടെ ഒഫിഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്യുക. ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും.
ഇതിനോടകം ഏഴ് സിനിമകള്‍ നിര്‍മിച്ച മമ്മൂട്ടി കമ്പനി ആദ്യമായാണ് ഒരു ഹ്രസ്വചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ക്യാപിറ്റോള്‍ തിയറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ചിത്രം നിര്‍മിച്ചത്. സംവിധായകന്‍ രഞ്ജിത്ത് ഒരിടവേളക്ക് ശേഷം ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിൽ സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മഞ്ജു വാര്യർ പറഞ്ഞു.
മമ്മൂട്ടിയെ നായകനാക്കി നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് രഞ്ജിത്ത്. കൈയൊപ്പ്, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ്, ബ്ലാക്ക്, പ്രജാപതി, പുത്തൻപണം, കടൽ കടന്നൊരു മാത്തുക്കുട്ടി, പാലേരി മാണിക്യം എന്നിവയെല്ലാം ചിലതാണ്. മമ്മൂട്ടി നായകനായ കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ് ആണ് രഞ്ജിത്തിന്റെ സംവിധാനത്തിൽ അവസാനമിറങ്ങിയ ചിത്രം. എം.ടിയുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങൾ ആന്തോളജിയിലെ ചെറുചിത്രമാണിത്.


