ഷെയിൻ നിഗത്തിന്‍റെ സ്പോർട്സ് ആക്‌ഷൻ ചിത്രം 'ബൾട്ടി' ഒ.ടി.ടിയിലേക്ക്
text_fieldsഷെയിൻ നിഗം നായകനായി സ്പോർട്സ് ആക്‌ഷൻ ജോണറിൽ അടുത്തിടെ തിയറ്ററുകളിലെത്തിയ ചിത്രമാണ് 'ബൾട്ടി'. ഉണ്ണി ശിവലിംഗം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമിച്ചത്. ചിത്രം ഇപ്പോൾ ഒ.ടി.ടിയിലേക്കെത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒ.ടി.ടിയിലെത്തുന്നതെന്നാണ് റിപ്പോർട്ട്. ഈ മാസം അവസാനം ചിത്രം സ്ട്രീമിങ് ആരിക്കുമെന്നാണ് സൂചന.
കേരള-തമിഴ്‍നാട് അതിര്‍ത്തിയിലാണ് ബള്‍ട്ടിയുടെ കഥ നടക്കുന്നത്. കബഡിയുടെ പശ്ചാത്തലത്തിലാണ് ബള്‍ട്ടി ഒരുക്കിയിരിക്കുന്നത്. പഞ്ചമി റൈഡേഴ്‍സ് എന്ന കബഡി ക്ലബിന്റെ എല്ലാമെല്ലാമാണ് കാപ്റ്റൻ കുമാറും ബള്‍ട്ടി പ്ലെയര്‍ ഉദയനുമടക്കമുള്ളവര്‍. ഗ്രൗണ്ടില്‍ അസാധ്യ മെയ്‍വഴക്കത്തിലൂടെ കബഡി മത്സരം കളിക്കുന്ന ഈ സുഹൃത്തുക്കളുടെ കഥക്കൊപ്പം അന്നാട്ടില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന മൂന്ന് സംഘം വട്ടിപ്പലിശക്കാരുടെ പകയും പ്രതികാരവും ചതിയും കൊടുംക്രൂരതയുമെല്ലാം പറയുന്നു ബള്‍ട്ടി.
സായ് അഭ്യങ്കർ ആണ് ചിത്രത്തിനായി സംഗീത ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: വാവ നുജുമുദ്ദീൻ, എഡിറ്റർ: ശിവ്കുമാർ വി പണിക്കർ, കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് എസ് എന്നിവർ നിർവഹിച്ചിരിക്കുന്നു. പാര്‍സ് ഫിലിംസ് ആണ് സിനിമയുടെ ഓവര്‍സീസ് വിതരണക്കാര്‍.
ഇന്ത്യക്കൊപ്പം ഗള്‍ഫിലും റീലീസായ ബള്‍ട്ടി എന്ന സിനിമയുടെ ദുബൈയിലെ പ്രമോഷന്‍ പരിപാടികളില്‍ നടിയും നായികയുമായ പ്രീതി അസ്‌റാനി, ശാന്തനു ഭാഗ്യരാജ്, നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, കാമാറമാന്‍ അലക്‌സ് ജെ. പുളിക്കല്‍ എന്നിവർ പങ്കെടുത്തിരുന്നു. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ബൾട്ടിക്ക് ലഭിച്ചത്. ആദ്യ ദിനം മുതൽ ഗംഭീര പ്രതികരണം ലഭിച്ച ചിത്രത്തിൽ വലിയ താരനിര തന്നെയുണ്ട്.


