സുധി ബാലുശ്ശേരി ജൂറിക്കു മുന്നിലും തനി തങ്കം
text_fieldsസുധി ബാലുശ്ശേരി മമ്മുട്ടിയോടൊപ്പം
ബാലുശ്ശേരി: സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി ജൂറി പരാമർശത്തിലൂടെ സുധി ബാലുശ്ശേരിയെന്ന നടൻ ബാലുശ്ശേരി പ്രദേശത്തുകാർക്കും ഇനി തനിതങ്കം. മമ്മൂട്ടിയോടൊപ്പം ചേർന്നുനിന്ന് തീവ്രവും വികാരപരവുമായ രംഗങ്ങളിലൂടെ സുധി 'കാതൽ' എന്ന സിനിമയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. 43 സിനിമകളിൽ ഇതുവരെ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും പ്രേക്ഷകർ തിരിച്ചറിഞ്ഞത് കാതലിലെ തങ്കനെ അവതരിപ്പിച്ചതിനു ശേഷമാണ്. സുഹൃത്തും നാട്ടുകാരനുമായ ജയൻ ശിവപുരത്തിന്റെ തിരക്കഥയിൽ ശ്രീ പ്രകാശ് സംവിധാനംചെയ്ത് 2008ൽ ഇറങ്ങിയ സുൽത്താൻ എന്ന സിനിമയിലാണ് ആദ്യമായി മുഖം കാണിച്ചത്.
കാതലിന്റെ സംവിധാനായകൻ ജിയോ ബേബിയുമായുള്ള സൗഹൃദമാണ് അദ്ദേഹത്തിന്റെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലും ഫ്രീഡം ഫൈറ്റിലും അഭിനയിക്കാൻ അവസരം സൃഷ്ടിച്ചതും കാതലിലെ തങ്കനെന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ക്ഷണിച്ചതും. മമ്മൂട്ടി എന്ന മഹാനടനോടൊപ്പം നിന്നുകൊണ്ട് നല്ലൊരു അഭിനയ മുഹൂർത്തം അവതരിപ്പിക്കാൻ അവസരമുണ്ടായതു വലിയ പുരസ്കാരമായി കരുതുന്ന സുധിക്ക് ജൂറി പരാമർശം ഇരട്ടിമധുരമാണ് നൽകുന്നത്. റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ ദാമു കറ്റോടിന്റെ നാടകത്തിലൂടെയാണ് സുധി ആദ്യമായി നാടകാഭിനയം തുടങ്ങിയത്. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പി.ഡബ്ല്യു.ഡി ഓഫിസിൽ ഹെഡ് ക്ലാർക്കായി ജോലി ചെയ്യുന്ന സുധി കറ്റോട് രാരോത്ത് ഉണ്ണിനായരുടെയും പരേതയായ സാവിത്രിയുടെയും ഏകമകനാണ്. ഭവിതയാണ് ഭാര്യ. ദേവാംഗ്, ധർവീൻ എന്നിവർ മക്കളാണ്.


