സുഗീത് ഇനി തമിഴകത്തേക്ക്
text_fieldsആദ്യ മലയാള ചിത്രം തന്നെ സൂപ്പർഹിറ്റാക്കിയ ചരിത്രമാണ് സംവിധായകൻ സുഗീതിേൻറത്. പുതിയ മേച്ചിൽപുറംതേടി തമിഴകത്തേക്ക് കാലെടുത്തുവെക്കുേമ്പാഴും സുഗീത് പ്രതീക്ഷിക്കുന്നത് മറ്റൊന്നുമല്ല, നന്നായി തുടങ്ങണം. അതിലേക്കുള്ള യാത്രയിലാണ് അദ്ദേഹം.
ഓർഡിനറി എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ സുഗീത് ആദ്യ തമിഴ്ചിത്രത്തിെൻറ ഷൂട്ടിങിനായാണ് ദുബൈയിലുള്ളത്. 'കൈതി'യുടെ ഹൈപിൽ നിൽക്കുന്ന നരൈനാണ് നായകൻ. കമലിെൻറ സഹസംവിധായകൻ എന്ന റോളിൽ നിന്ന് സ്വതന്ത്ര സംവിധായകനായി മാറിയശേഷം അരഡസൻ സിനിമകൾ സുഗീതിെൻറ പേരിലുണ്ട്. ഇതിൽ പലതും ഹിറ്റും. ദിലീപ് നായകനായ 'മൈ സാൻറ' ആണ് അവസാനമായി സംവിധാനം ചെയ്ത മലയാള ചിത്രം. പുതിയ തമിഴ്ചിത്രത്തിനായി യു.എ.ഇയിൽ എത്തിയ സുഗീത് 'ഗൾഫ് മാധ്യമം ഇമാറാത്ത് ബീറ്റ്സുമായി' സംസാരിക്കുന്നു.
പുതിയ സിനിമ:
ഇതൊരു ത്രില്ലറാണ്. ഫിലിപ്പൈനിയായ സാറയും നരൈെൻറ കഥാപാത്രവും തമ്മിലെ ബന്ധവും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ കാതൽ. ചിത്രത്തെ കുറിച്ച് ഇതിനപ്പുറം ഇപ്പോൾ പറയാൻ കഴിയില്ല. ഷൂട്ടിങ് പൂർത്തിയായി. എഡിറ്റിങ് ദുബൈയിൽ നടന്നുകൊണ്ടിരിക്കുന്നു. ഓർഡിനറിയിലെ നായിക സാന്ദ്ര തന്നെയാണ് ഈ ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ട് ഫിലിപ്പിനോ താരങ്ങൾക്കും പ്രധാന റോളുണ്ട്.
തമിഴ് സിനിമ നേരത്തെ മുതൽ മനസിലുണ്ടായിരുന്നു. ഏത് ഭാഷക്കും പറ്റിയ കഥയാണിത്. നരൈനുമായി സംസാരിച്ച ശേഷമാണ് ഇത് തമിഴിൽ ചിത്രീകരിക്കാൻ തീരുമാനിച്ചത്. നരൈൻ ഇപ്പോൾ തമിഴിൽ കത്തിനിൽക്കുന്ന സമയമായതിനാൽ നമ്മുടെ ചിത്രത്തിനും അത് ഗുണം ചെയ്യും. റിലീസിെൻറ കൃത്യം തീയതി തീരുമാനിച്ചില്ല. അങ്ങിനെ തീരുമാനിക്കുന്ന പതിവില്ല. തീരുമാനിച്ചാൽ ആ ഡേറ്റിന് വേണ്ടി പല അഡ്ജസ്റ്റ്മെൻറുകളും വേണ്ടിവരും. എങ്കിലും ജൂണിൽ റിലീസിങ് പ്രതീക്ഷിക്കാം. 'കുറൽ' എന്നാണ് ചിത്രത്തിെൻറ പേര് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ഇത് ഫൈനലൈസ് ചെയ്തിട്ടില്ല. തീയറ്റർ റിലീസ് തന്നെയാണ് ആഗ്രഹം. ആ സമയത്തെ സാഹചര്യം പോലെ നോക്കാം. ഒ.ടി.ടിയിലും ചർച്ചകൾ നടക്കുന്നുണ്ട്. കിനാവള്ളിയുടെ തമിഴ് റീ മേക്കും പുറത്തിറങ്ങാനുണ്ട്.
എന്തുകൊണ്ട് യു.എ.ഇ:
ഫിലിപ്പിനോ നടിമാരുള്ളതാണ് യു.എ.ഇ തെരഞ്ഞെടുക്കാനുള്ള ഒരു കാരണം. ഇവിടെ നടക്കുന്ന കഥയാണ്. ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിലൊക്കെയായിരുന്നു ഷൂട്ടിങ്. കോവിഡ് സമയത്ത് ഷൂട്ടിങിന് പറ്റിയ ഇടമാണ് യു.എ.ഇ. നാട്ടിലേ പോെല കൂട്ടം കൂടൽ ഉണ്ടാവില്ല. സാമൂഹിക അകലം പാലിച്ച് സുരക്ഷിതമായി ഷൂട്ടിങ് നടത്താം. നാട്ടിൽ 100 പേർ വേണ്ടപ്പോൾ ഇവിടെ 30 പേർ മതി അണിയറയിൽ. അങ്ങിനെയുള്ള ഒരുപാട് സൗകര്യങ്ങൾ യു.എ.ഇ സമ്മാനിക്കുന്നു. ഇടക്ക് സാനിറ്റൈസേഷന് വേണ്ടി ഷൂട്ടിങ് നിർത്തിവെച്ചെങ്കിലും അധികം വൈകാതെ പുനരാരംഭിക്കാൻ കഴിഞ്ഞു. ദുബൈയിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും അഡ്വർടൈസിങ് കമ്പനിയും തുടങ്ങാൻ പ്ലാനുണ്ട്. അതിെൻറ ചർച്ചകൾ പുരോഗമിക്കുന്നു.