സുഖമുള്ളൊരു 'സുമതി വളവ്'
text_fieldsസംവിധായകൻ വിഷ്ണു ശശി ശങ്കർ
സാമ്പ്രദായിക രീതിയിൽ പറഞ്ഞാൽ ഒരു സിനിമ അതിന്റെ പ്രേക്ഷകരോട് നീതി പാലിക്കുന്നത് പ്രാഥമികമായി രസിപ്പിക്കുമ്പോൾ എന്നാണ് സങ്കല്പം. ആ അർത്ഥത്തിൽ മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ് സിനിമയൊരുക്കിയ അഭിലാഷ് പിള്ള-വിഷ്ണു ശശി ശങ്കർ കൂട്ടുകെട്ടിന്റെ സുമതി വളവും പ്രേക്ഷകരെ ത്രസിപ്പിക്കുകയും രസിപ്പിക്കുകയുമൊക്കെ ചെയ്യുന്ന മൂവിയാണെന്ന് പറയാം. പേര് സൂചിപ്പിക്കും പോലെ തിരുവനന്തപുരത്തെ സുമതി വളവിലെ പ്രേതകഥയുമായി ഒരു ബന്ധവുമില്ല എന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു വെക്കുന്നുണ്ടെങ്കിലും മറ്റൊരു യക്ഷികഥയുടെ ഫാൻ്റസിയോടെ ചില വിശ്വാസങ്ങളെയും ആചാരങ്ങളെയുമൊക്കെ രസകരമായി പ്രതിപാദിക്കുന്നുണ്ട് സിനിമയിൽ. നൂറ്റാണ്ടുകളായി ഒരു തമിഴ് സ്ത്രീയുടെ പ്രേതം കാവൽ നിൽക്കുന്ന സുമതി വളവ് എന്ന പ്രേതബാധയുള്ള സ്ഥലത്തെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. ഒരു കൂട്ടം ആളുകൾക്ക് ആ സ്ഥലവുമായി ബന്ധപ്പെട്ട അമാനുഷിക സംഭവങ്ങൾ അനുഭവപ്പെടുന്നതായി സിനിമ കാണിക്കുന്നു.
തൊണ്ണൂറ് കാലഘട്ടത്തിലെ കല്ലേലി എന്നൊരു ഗ്രാമവും ചില തെറ്റിദ്ധാരണകൾ മൂലം ബദ്ധവൈരികളായി മാറുന്ന രണ്ടു കുടുംബവും അവരുടെ പക പോക്കൽ നീക്കങ്ങളും അതിനോടനുബന്ധിച്ച രസകരമായ ഒരു പിടി സംഭവങ്ങളുമൊക്കെ കാഴ്ചയാകുന്നൊരു സിനിമ കൂടിയാണ് സുമതി വളവ്. സുമതി വളവിന്റെ മറ്റൊരു മനോഹാരിത മക്കൾ മഹാത്മ്യമാണ്. ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍, സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്, മുകേഷിന്റേയും സരിതയുടേയും മകന്‍ ശ്രാവണ്‍ മുകേഷ്, ഭരതന്റേയും കെ.പി.എ.സി ലളിതയുടേയും മകന്‍ സിദ്ധാര്‍ഥ് ഭരതന്‍, ടി.ജി. രവിയുടെ മകന്‍ ശ്രീജിത്ത് രവി എന്നിങ്ങനെ അഞ്ച് താരപുത്രന്മാരാണ് സുമതി വളവില്‍ ഏതാണ്ട് തുല്യപ്രാധാന്യത്തോടെയെത്തുന്നത്. രണ്ടു കുടുംബങ്ങളിലൊന്നിലെ, സന്ധ്യയായാൽ പുറത്തിറങ്ങാൻ പേടിയുള്ള അപ്പു എന്ന കഥാപാത്രമായി നായകവേഷമിടുന്ന അർജുൻ അശോകൻ തന്റെ പേടിയും നിസ്സഹായാവസ്ഥകളും ഒക്കെ തന്മയത്വത്തോടെ തന്നെ അഭിനയിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ.
അർജുൻ അശോകൻ്റെ ഭാമയെന്ന പ്രണയിനിയായെത്തുന്ന മാളവിക മനോജിൻ്റെ സൗമ്യ സാന്നിധ്യം അഭിനയംകൊണ്ട് ശ്രദ്ധേയമായി. അപ്പുവിന്റെ കാസറ്റ് കടയിലെ കൂട്ടാളിയായ അമ്പാടിയായി എത്തിയ ബാലു വർഗീസ് ചിരിയും ചിന്തയുംകൊണ്ട് തന്റെ കഥാപാത്രം മികച്ചതാക്കി. തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ ഗിരിയും കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടുന്നതായി. സിദ്ധാർഥ് ഭരതൻ അവതരിപ്പിച്ച ചെമ്പൻ എന്ന കഥാപാത്രം ബ്രഹ്മ യുഗത്തിലെ കുക്കിനും സൂക്ഷ്മ ദർശിനിയിലെ ഡോ. ജോൺ പാലക്കലിനും ശേഷം ശ്രദ്ധേയമായ വേഷമാണ്. ഗോകുൽ സുരേഷിൻ്റെ മഹേഷ് എന്ന പട്ടാളക്കാരൻ, സൈജു കുറുപ്പ് അവതരിപ്പിച്ച സി.ഐ. ഹരി, ശിവദ അവതരിപ്പിച്ച ദീപ ടീച്ചർ, മനോജ് കെ.യു. അവതരിപ്പിച്ച അച്ഛൻ വേഷം, സ്‌മിനു സിജോയുടെ അമ്മ വേഷം എന്നിവയോടൊപ്പം നന്ദു, കോട്ടയം രമേഷ് തുടങ്ങിയവരൊക്കെ അവരവരുടെ റോളുകൾ ഭദ്രമാക്കുന്നുണ്ട്. മാളികപ്പുറത്തിന് ശേഷം ശ്രീനന്ദയും ശ്രീപദും സുമതി വളവിൽ എത്തുമ്പോൾ ചിരിയും ചില കുസൃതിത്തരങ്ങളും പ്രകടമാക്കുന്ന അഭിനയത്തിലെ ഒരു പടി കൂടി മികച്ചു നിൽക്കുന്നുണ്ട്. വർഷങ്ങൾക്ക് ശേഷമെത്തുന്ന ഭാമയും അതിഥിയെങ്കിലും അഭിനയത്തിൽ മികച്ചു നിന്നു.
മുരളി കുന്നുംപുറത്തും ഗോകുലം ഗോപാലനും ചേർന്ന് നിർമിച്ച മുപ്പത്തഞ്ചിലധികം കഥാപാത്രങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ഏറെ പാട്ടുകളും ഡാൻസും ആക്ഷനുമൊക്കെയുണ്ട്. അതിനാൽ അഭിനയത്തിനപ്പുറം മറ്റു മേക്കിങ്ങുകളിലും മികച്ചു നിൽക്കുന്നു. അതിലൊന്നാണ് ചായാഗ്രഹണം. തമിഴിലെ ശ്രദ്ധേയ ത്രില്ലർ ചിത്രം രാക്ഷസന്റെ കാമറ ചലിപ്പിച്ച പി.വി ശങ്കർ ആദ്യമായി മലയാളത്തിൽ ചെയ്ത വർക്കാണ് സുമതി വളവ്. ഹൊറർ സീനുകളിൽ ത്രില്ലടിപ്പിക്കുവാൻ മലയാളത്തിലെ പതിവ് രീതികളിൽ നിന്ന് വഴിമാറി നടക്കാൻ ശങ്കറിനായിട്ടുണ്ട്. അത് പക്ഷേ, അനുഭവിച്ചറിയണമെങ്കിൽ ചിത്രം തീയറ്ററിൽ തന്നെ പോയി കാണണം. സംഗീതം, ആർട്ട് എന്നിവയോടൊപ്പം ഷഫീഖ് മുഹമ്മദ് അലിയുടെ എഡിറ്റിങ്ങും എടുത്തു പറയേണ്ടതാണ്.