സുമതി വളവ് ഒ.ടി.ടിയിലേക്ക്
text_fieldsവിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് അഭിലാഷ് പിള്ളയുടെ രചനയിൽ പുറത്തിറങ്ങിയ ഹൊറർ കോമഡി ചിത്രമാണ് 'സുമതി വളവ്'. നാട്ടുകാർ പറഞ്ഞ് തലമുറകളിലേക്ക് കൈമാറിയ, ഇന്ന് സോഷ്യൽ മീഡിയയിലൂടെ ലോകമെങ്ങുമുള്ള മലയാളികൾ അറിയുന്ന തിരുവനന്തപുരം ജില്ലയിലെ സുമതി വളവിന്‍റെ കഥ പറയുന്ന സിനിമയാണിത്. ആഗസ്റ്റ് ഒന്നിനാണ് 'സുമതി വളവ്' തിയറ്ററുകളിലെത്തിയത്.
ചിത്രം സെപ്റ്റംബർ 26 മുതൽ സീ5ൽ സ്ട്രമിങ് ആരംഭിക്കും. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തിൽ അർജുൻ അശോകൻ, ഗോകുൽ സുരേഷ്, സിദ്ധാർഥ് ഭരതൻ, ഗോപിക അനിൽ, ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെ.യു, ശ്രീജിത്ത് രവി, സൈജു കുറുപ്പ്, ബാലു വർഗീസ്, മാളവിക മനോജ്, ശിവദ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കുളത്തൂപ്പുഴ ഡിവിഷനിലെ കല്ലേലിയിലേക്ക് സ്ഥലം മാറിയെത്തുന്ന ഫോറസ്റ്റ് ഓഫിസറിലൂടെയാണ് കഥ തുടങ്ങുന്നത്. 1953ൽ നടന്ന കഥയാണ് സുമതി വളവിന് ഭീതിയുടെ പരിവേഷമേകിയ ചരിത്രമായി നമ്മൾ വായിച്ചും കേട്ടുമെല്ലാം അറിഞ്ഞത്. ഗർഭിണിയായ യുവതി കൊല്ലപ്പെടുന്ന ആ ചരിത്രത്തിന് പകരം മറ്റൊരു സിനിമാറ്റിക് കഥയാണ് ചിത്രത്തിലെ സുമതി വളവിന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള നൽകിയിരിക്കുന്നത്.
'മാളികപ്പുറം' ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സുമതി വളവ്. ശ്രീ ഗോകുലം മൂവീസ്, വാട്ടര്‍മാന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്‍റെ സംഗീത സംവിധാനം രഞ്ജിന്‍ രാജാണ്. ശങ്കര്‍ പി.വി. ഛായാഗ്രഹണം നിര്‍വഹിക്കുന്ന സുമതിവളവിന്റെ എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലിയാണ്. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം നിര്‍വഹിച്ചത്.