‘അവളുടെ ഇംഗ്ലീഷ് മോശമായിരുന്നു’, 1994ൽ ഐശ്വര്യ റായിയെ പിന്തള്ളി സുസ്മിത സെൻ ‘മിസ് ഇന്ത്യ’ പട്ടം ചൂടിയതെങ്ങിനെ?
text_fields1994ലെ ഫെമിന മിസ് ഇന്ത്യ മത്സരം ഇന്ത്യൻ ചലച്ചിത്ര ലോകത്ത് ഉയർത്തിയ തിരയിളക്കം ഏറെയായിരുന്നു. ഫൈനലിൽ മത്സരിച്ചത് പിന്നീട് അഭ്രപാളികളിൽ മിന്നിത്തിളങ്ങിയ രണ്ടു താരങ്ങൾ -സുസ്മിത സെന്നും ഐശ്വര്യ റായിയും. ‘ആവേശകരമായ’ മത്സരം പര്യവസാനിച്ചപ്പോൾ സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെട്ടത് സുസ്മിതയായിരുന്നു. ഐശ്വര്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫലപ്രഖ്യാപനം വരുന്നതുവരെ താൻ വിജയിയാകുമെന്ന് സുസ്മിതക്ക് ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല. മറിച്ച് ഐശ്വര്യയായിരിക്കും മിസ് ഇന്ത്യ പട്ടം ചൂടുന്നതെന്ന് അവർ ഉറപ്പിക്കുകയും ചെയ്തിരുന്നു. പെപ്സി, ലാക്മേ തുടങ്ങിയ വമ്പൻ ബ്രാൻഡുകളുടെ പരസ്യ മോഡലായി കീർത്തി നേടിയ ഐശ്വര്യക്കു വേണ്ടി സംഘാടകർ ഒത്തുകളിക്കുമെന്നായിരുന്നു സുസ്മിതയുടെ കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ, താനാണ് വിജയിയെന്നറിഞ്ഞപ്പോൾ സുസ്മിതയുടെ അതിശയം അത്രയേറെയായിരുന്നു.മത്സരം തോറ്റതിൽ ഐശ്വര്യ അതീവ ദുഃഖവതിയായിരുന്നു. സ്വജനപക്ഷപാതമാണ് സുസ്മിതയെ വിജയത്തിലെത്തിച്ചതെന്നായിരുന്നു ഐശ്വര്യയുടെ വിലയിരുത്തൽ. ഐശ്വര്യയായിരിക്കും വിജയിക്കുന്നതെന്ന് എല്ലാവരും കണക്കുകൂട്ടുകയും ചെയ്തിരുന്നു.
എന്നാൽ, ആ മത്സരത്തിൽ സുസ്മിത ജയിക്കാനും ഐശ്വര്യ പരാജയപ്പെടാനും ഇടയായ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത പരസ്യ സംവിധായകനായ പ്രഹ്ലാദ് കക്കർ. വിക്കി ലൽവാനിക്ക് നൽകിയ അഭിമുഖത്തിലാണ് മൂന്നു പതിറ്റാണ്ടു മുമ്പുള്ള കാര്യങ്ങൾ പ്രഹ്ലാദ് വിശദീകരിച്ചത്. ഐശ്വര്യ സിനിമയിലെത്തുന്നതിന് മുമ്പ് കക്കറുടെ സംവിധാനത്തിൽ അഭിനയിച്ച പരസ്യചിത്രം വലിയ ഹിറ്റായി മാറിയിരുന്നു. ഇപ്പോൾ ബച്ചൻ കുടുംബത്തിന്റെ അയൽവാസി കൂടിയാണ് കക്കർ.
ഐശ്വര്യയെ മറികടന്ന് 'ഫെമിന മിസ് ഇന്ത്യ' കിരീടം നേടാൻ സുസ്മിതയെ തുണച്ച നിർണായക ഘടകം ചോദ്യോത്തര റൗണ്ടിൽ അവർ പ്രകടിപ്പിച്ച ആത്മവിശ്വാസമാണെന്ന് പ്രഹ്ലാദ് പറഞ്ഞു. മത്സര സമയത്ത് ഐശ്വര്യയോടൊപ്പം താൻ ഉണ്ടായിരുന്നു. തോറ്റപ്പോൾ അവർ വളരെ അസ്വസ്ഥയായിരുന്നു. മത്സരത്തിലുടനീളം അവർ ഹൈ ഹീൽസാണ് ധരിച്ചിരുന്നത്. എന്നാലത് അവർക്ക് ശീലമില്ലാത്തതിനാൽതന്നെ കാലിടറുന്നുണ്ടായിരുന്നു.
മത്സരത്തിൽ നിർണായകമായത് ഇംഗ്ലീഷ് സംസാരിക്കുന്നതിലുള്ള ഐശ്വര്യയുടെ ആത്മവിശ്വാസക്കുറവാണെന്ന് ചൂണ്ടിക്കാട്ടുകയാണ് പ്രഹ്ലാദ്. ‘ഐശ്വര്യ റായ്ക്ക് അവരുടെ കരിയറിന്‍റെ ആദ്യഘട്ടത്തിൽ ഇംഗ്ലീഷ് സംസാരിക്കാനുള്ള ആത്മവിശ്വാസം ഒട്ടും ഉണ്ടായിരുന്നില്ല. തുളുവും കൊങ്കിണിയും ഹിന്ദിയിയുമൊക്കെ അവർക്ക് കൂടുതൽ എളുപ്പമായിരുന്നു. എന്നാൽ, ഇംഗ്ലീഷ് അങ്ങനെയായിയിരുന്നില്ല. അവരുടെ അഹങ്കാരമാണെന്ന് തെറ്റിദ്ധരിച്ചവരും ഉണ്ടായിരുന്നു. പക്ഷേ, യഥാർഥത്തിൽ ഭയം കൊണ്ടായിരുന്നു അവരുടെ പെരുമാറ്റം തെറ്റിദ്ധരിക്കപ്പെട്ട രീതിയിലായത്. സുസ്മിതക്കാകട്ടെ, കോൺവെന്റ് സ്കൂളിലൊക്കെ പഠിച്ച് ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള മിടുക്കുണ്ടായിരുന്നു.
കൃത്യമായ അർഥത്തിലുള്ള വാക്കുകൾ ഉപയോഗിച്ചില്ലെങ്കിൽ ആളുകൾ താൻ പറയുന്നത് തെറ്റിധരിക്കുമോ എന്ന് ഐശ്വര്യ ഭയപ്പെട്ടു. അതുകൊണ്ടാണ് ഞാൻ അവളുടെ കാര്യത്തിൽ ഒരു സംരക്ഷകനെപ്പോലെ നിന്നിരുന്നത്. അവൾ വളരെ നന്നായി അഭിനയിക്കുമെന്ന് എനിക്ക് എപ്പോഴും അറിയാമായിരുന്നു. ഐശ്വര്യ വളരെ നല്ലവളായിരുന്നു. അടുത്ത മധുബാലയാകാൻ പോകുകയാണെന്ന് ഞാൻ അവളുടെ അമ്മയോട് പറഞ്ഞിരുന്നു’-കക്കർ വിശദീകരിച്ചു.
ഈ സംഭാഷണത്തിനിടെ, ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും വിവാഹമോചനത്തെക്കുറിച്ചുള്ള കിംവദന്തികളെ കക്കർ തള്ളിക്കളഞ്ഞു. അവർ ഒരിക്കലും ബച്ചൻ വീട് വിട്ട് പോയിട്ടില്ലെന്നും മരുമകൾ എന്ന നിലയിൽ കുടുംബം നോക്കിനടത്തുന്നത് അവരാണെന്നും അദ്ദേഹം പറഞ്ഞു. മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ 2’ എന്ന ചിത്രത്തിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത് .