കന്നിപ്രവേശത്തിലെ ‘ഇരട്ട’നേട്ടം
text_fieldsപട്ടാമ്പി: കഴിഞ്ഞ ഐ.എഫ്.എഫ്.കെയിൽ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം നേടിയ ഫാസിൽ റസാഖ് ഇത്തവണ ഇരട്ടനേട്ടത്തിന്റെ സന്തോഷത്തിലാണ്. മികച്ച നടി, നവാഗത സംവിധായകൻ എന്നീ പുരസ്കാരങ്ങളാണ് ഫാസിൽ റസാഖിന്റെ ‘തടവ്’ എന്ന ചിത്രം നേടിയത്. വികാരതീക്ഷ്ണമായ പ്രമേയത്തെ ലളിതമായും കൈയൊതുക്കത്തോടെയും ആവിഷ്കരിച്ച സംവിധാന മികവാണ് ഫാസിൽ റസാഖിന്റേതെന്ന അവാർഡ് നിർണയ സമിതിയുടെ വിലയിരുത്തൽ ഈ കലാകാരനുള്ള മികച്ച അംഗീകാരമായി. പട്ടാമ്പി കൊടലൂർ സ്വദേശിയായ ഫാസിൽ പഠനം കഴിഞ്ഞിറങ്ങി ആദ്യമായി കൈയൊപ്പ് ചാർത്തിയ സിനിമക്കാണ് അംഗീകാരം. അറിയപ്പെടുന്ന നടീനടന്മാരോ സാങ്കേതിക പ്രവർത്തകരോ ഇല്ലാതെ പ്രാദേശിക കലാകാരന്മാരെ ചേർത്തുപിടിച്ചാണ് പട്ടാമ്പിക്കാരനായ ഫാസിൽ നാട്ടിലും പരിസരങ്ങളിലുമായി പ്രഥമചിത്രം അണിയിച്ചൊരുക്കിയത്. രചനയും സംവിധാനവും നിർമാണ പങ്കാളിത്തവുമെല്ലാം ഈ യുവകലാകാരൻ നിർവഹിച്ചു.
മുമ്പ് നിരവധി ഹ്രസ്വചിത്രങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. 2019ൽ ആദ്യ ഷോർട്ട് ഫിലിം അതിര് (ബാരിയർ) എഴുതി സംവിധാനം ചെയ്തു. 30ാമത് സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള അവാർഡുകൾ ‘അതിര്‘ നേടി. ‘തടവ്’ ഐ.എഫ്.എഫ്.കെയിൽ ഓഡിയൻസ് പ്രൈസ് അവാർഡും കരസ്ഥമാക്കിയിരുന്നു.