Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightജീ​വി​ത​ത്തി​ന്റെ...

ജീ​വി​ത​ത്തി​ന്റെ ‘നാ​ട്യ​ക​ല’

text_fields
bookmark_border
ജീ​വി​ത​ത്തി​ന്റെ ‘നാ​ട്യ​ക​ല’
cancel

നഷ്ടപ്പെട്ടുപോകുന്ന വാക്കുകളെയും കുറിപ്പുകളെയും ചിത്രങ്ങളെയും പുതുരീതിയിൽ ഞൊടിയിടയിൽ പുനരുജ്ജീവിപ്പിക്കാൻ ഇന്ന് സാധ്യമാണ്. എന്നാൽ, കുറച്ചുകാലം കൂടി മുന്നോട്ടു പോയാൽ കാലവും മനുഷ്യരും തീർത്തും വിസ്മരിച്ചുപോയേക്കാവുന്ന ചില സാംസ്കാരിക-പൈതൃക കലാരൂപങ്ങൾ ഇന്ന് നമുക്കിടയിലുണ്ട്. ഭാവി തലമുറയുടെ ചിന്തയിലോ കാഴ്ചയിലോ വായനയിലോ ആ കലകൾ ഒരുപക്ഷേ ഉണ്ടായെന്നു വരില്ല. അങ്ങനെയൊരു അവസ്ഥയെ മറികടക്കുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഫോക് ലോർ സിനിമയാണ് ജിംസിത്ത് അമ്പലപ്പാട് സംവിധാനം ചെയ്ത ‘നാട്യകല’.

കേരളത്തിന്റെ പൈതൃക സംസ്കാരം, കലകൾ, മലയാള ഭാഷക്കുള്ള പ്രാധാന്യം എന്നിവയെക്കുറിച്ചെല്ലാം ഇതിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. തെയ്യം, കളരിപ്പയറ്റ്, കോൽക്കളി തുടങ്ങിയ കേരളീയ കലകളുടെ ചരിത്രം, അവതരണം, ഇവയെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും നിലനിർത്തുന്നതിന്‍റെയും ആവശ്യകത എന്നിവക്ക് ഊന്നൽ നൽകിയാണ് ഈ ചിത്രം മുന്നേറുന്നത്. ഒരു അധ്യാപകന്റെ കാഴ്ചപ്പാടിലൂടെയാണ് ഈ ഹ്രസ്വചിത്രത്തിന്‍റെ കഥപറച്ചിൽ. ഗോപാലൻകുട്ടി മാസ്റ്റർ, കെ.വി. കാക്കൂർ, സ്നേഹ മനോജ്‌, സുനിൽകുമാർ ഇരുവള്ളൂർ എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് കലാരൂപങ്ങളായ തെയ്യം, കളരിപ്പയറ്റ് (ആയോധന കല), കോൽക്കളി എന്നിവയെ കുറിച്ച് ഇതിൽ പറയുന്നത് തന്മയത്വത്തോടെയും ഏറെ ആധികാരികതയോടെയുമാണ്. വടക്കൻ മലബാറിന്റെ ജീവതാളമായ തെയ്യത്തിന്റെ ചരിത്രവും പഴയ കോലത്തുനാടിന്റെ സാംസ്‌കാരിക തനിമയും അതിന്റെ പൈതൃകവും ഒട്ടും ചോരാതെതന്നെ ഇതിൽ കാണാനാകും. തെയ്യക്കോലങ്ങളുടെ ആട്ടവും വിഭാഗവും വേഷപ്പകർച്ചയും വിശ്വാസങ്ങളും തുടങ്ങീ കെട്ടിയാടുന്ന സമുദായങ്ങൾ വരെയുള്ള തെയ്യാട്ടത്തിന്റെ സമസ്ത മേഖലകളെയും ഈ ചിത്രം പ്രതിപാദിക്കുന്നു.

ലോക കലാകായിക മാമാങ്കങ്ങളിൽ വരെ അവതരിപ്പിക്കപ്പെട്ട കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റിലെ കളരിവിളക്ക്, കളരിമുറകൾ, കളരിവിഭാഗങ്ങൾ, പയറ്റുമുറകൾ തുടങ്ങീ കളരി വണക്കങ്ങൾ വരെ ‘നാട്യകല’യിൽ പഠനാന്തരീക്ഷത്തിൽ വിശദീകരിക്കുന്നു. ഇന്ന് കളരിപ്പയറ്റിന് വന്ന രൂപമാറ്റമായ തെക്കൻ സമ്പ്രദായം, വടക്കൻ സമ്പ്രദായം എന്നിവയെയും ചിത്രം വിശകലനം ചെയ്യുന്നു.

മലബാറിലെ മുസ്‍ലിം കലാരൂപമായി അറിയപ്പെടുന്ന കോൽക്കളിയുടെ പിന്നാമ്പുറ ചരിത്രങ്ങൾ വെളിപ്പെടുത്തുമ്പോൾ അതിന്‍റെ ഓരോ ചുവടും താളവും കൃത്യമായും തെളിമയോടെയുമാണ് ഇതിൽ ദർശിക്കാനാവുന്നത്. ഹൈന്ദവ കോൽക്കളിയിൽ പൈതൽ മരയ്ക്കാർ നടത്തിയ മാറ്റങ്ങളും മുസ്‍ലിം കോൽക്കളിയുടെ പിറവിയുമെല്ലാം ഈ ചിത്രത്തിന്റെ സഞ്ചാരപദങ്ങളിലൂടെ അടുത്തറിയാം. ഹൈന്ദവ കോൽക്കളിയെയും കീഴാളവർഗങ്ങൾക്കിടയിലെ കോൽക്കളിയെയും മുസ്‍ലിം കോൽക്കളിയെയും അതിന്‍റെ അവതരണരീതി, ചുവടുകൾ, പാട്ടുകൾ എന്നിവയെ മുൻനിർത്തിക്കൊണ്ടുതന്നെ പറയാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.

ഫോക് ലോർ ഗവേഷകൻ എന്നനിലയിൽ സംവിധായകന്റെ അന്വേഷണ പാടവവും പരിശോധകൻ എന്നനിലയിൽ തിരക്കഥ ഏകോപിപ്പിച്ച ഡോ. ഗോവിന്ദവർമ രാജയുടെ ഇടപെടലും (കാലിക്കറ്റ് സർവകലാശാല മുൻ ഫോക് ലോർ വകുപ്പ് മേധാവി) പ്രശംസനീയം.

കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ മലയാളം മിഷൻ മലയാള ഭാഷാ പ്രവർത്തകർക്ക് നൽകിവരുന്ന ഭാഷാപ്രതിഭക്കുള്ള സ്‌പെഷൽ ജൂറി അവാർഡ് (2025) ജിംസിത്ത്‌ അമ്പലപ്പാടിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന ഇന്റർനാഷനൽ ഫോക് ലോർ ഫിലിം ഫെസ്റ്റിവലിലും (IFFT) കേരള ചലച്ചിത്ര അക്കാദമിയുടെയും പാട്ടുകൂട്ടം കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട് കൈരളി തിയറ്ററിൽ ഒരുക്കിയ മേളയിലും ഈ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.

.

Show Full Article
TAGS:shortfilm theyyam latest Art 
News Summary - ‘Theatrical Arts’ short film
Next Story