ശ്രേയ ഘോഷാലിന്റെ സംഗീത പരിപാടിയിൽ നിയന്ത്രണാതീതമായ തിരക്ക്; രണ്ടുപേർ കുഴഞ്ഞുവീണു
text_fieldsശ്രേയ ഘോഷാൽ
ഇന്ത്യയിലെ പ്രമുഖ ഗായികമാരിൽ ഒരാളായ ശ്രേയ ഘോഷാലിന് വലിയ ആരാധക പിന്തുണയാണ് ഉള്ളത്. താരത്തിന്‍റെ പല സംഗീത പരിപാടിക്കും ജനസാഗരമാണ് എത്താറ്. കഴിഞ്ഞ ദിവസം ഒഡീഷയിൽ കട്ടക്കിൽ ബാലിയത്ര മൈതാനത്ത് ശ്രേയ ഘോഷാലിന്റെ സംഗീത പരിപാടി നടന്നിരുന്നു. ബുധനാഴ്ച വൈകുന്നേരം നടന്ന പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് രണ്ടുപേർ ബോധരഹിതരായി. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ജനക്കൂട്ടം അസ്വസ്ഥരായിരുന്നു. ആളുകൾ തിങ്ങികൂടുകയും നിയന്ത്രണാതീതമായ നിലയിലേക്ക് തിരക്ക് മാറുകയും ചെയ്തു.
സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ ബോധരഹിതരാവുകയായിരുന്നു. അവരെ ഉടൻ തന്നെ സ്ഥലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് കൂടുതൽ ചികിത്സക്കായി അടുത്തുള്ള ആശുപത്രിയിലേക്കും മാറ്റി. സംഗീത പരിപാടിക്കിടെ പ്രധാന വേദിയിലേക്ക് കടക്കാൻ ആളുകൾ ബാരിക്കേഡുകൾ തള്ളിക്കയറിയതിനാലാണ് ജനക്കൂട്ടം നിയന്ത്രണാതീതമായി കൂടിയതെന്നാണ് റിപ്പോർട്ട്.
അപ്രതീക്ഷിതമായി ഉണ്ടായ സമ്മർദം പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. ചിലർ ശ്വാസംമുട്ടലും ക്ഷീണവും മൂലം കുഴഞ്ഞുവീണു. സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും പെട്ടെന്നുതന്നെ ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി. ആളുകൾ നേരിട്ട ശാരീരിക അസ്വസ്ഥതയല്ലാതെ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ക്രമസമാധാനം പുനഃസ്ഥാപിക്കാൻ അഡീഷണൽ പൊലീസ് കമീഷണർ സ്ഥലത്തെത്തിയിരുന്നു. ഗുരുതരമായ പരിക്കുകളോ മരണങ്ങളോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പരിപാടിയുടെ സമാപന സമയങ്ങളിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷാസേന ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി.


